കണ്ണൂർ: സർക്കാർ പ്രഖ്യാപിച്ച പച്ചത്തേങ്ങ സംഭരണം കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ആരംഭിക്കാത്തത് പ്രതിഷേധത്തിനിടയാക്കുന്നു. കോഴിക്കോട്, മലപ്പുറം, തൃശൂർ, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ മാത്രമാണ് കേരഫെഡ് സംഭരണം തുടങ്ങിയിട്ടുള്ളത്. പ്രതിവർഷം മൂന്നു ലക്ഷം ടണ്ണോളം തേങ്ങ ഉത്പാദിപ്പിക്കുന്ന കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ സംഭരണമില്ലാത്തത് നാളികേര കർഷകരെ ഏറെ ബുദ്ധിമുട്ടിലാക്കുന്നു. നിലവിൽ, കിലോയ്ക്ക് 28 രൂപ നിരക്കിലാണ് രണ്ടു ജില്ലകളിലും പച്ചത്തേങ്ങ വ്യാപാരികൾ എടുക്കുന്നത്.
കണ്ണൂരിൽ കേരഫെഡിന്റെ കൊപ്ര സംഭരണകേന്ദ്രമാണ് ആലക്കോട് കോക്കനട്ട് ആൻഡ് അഗ്രികൾച്ചറൽ മാർക്കറ്റിംഗ് സൊസൈറ്റി. എന്നാൽ, തങ്ങൾക്ക് ഇതുവരെ പച്ചത്തേങ്ങ സംഭരിക്കാനുള്ള അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നാണ് അധികൃതർ പറയുന്നത്. കാസർഗോഡ് ജില്ലയിൽ മലനാട് റബർ ആൻഡ് അദർ അഗ്രികൾച്ചറൽ ആൻഡ് മാർക്കറ്റിംഗ് സഹകരണ സൊസൈറ്റിയാണ് കേരഫെഡ് മുഖേന തേങ്ങ സംഭരിക്കേണ്ടിയിരുന്നത്. എന്നാൽ, ഇവരും സംഭരണം തുടങ്ങിയില്ല.
കേരഫെഡിന്റെ നിയന്ത്രണത്തിലുള്ള സൊസൈറ്റികൾ തേങ്ങ സംഭരിക്കണമെങ്കിൽ മുൻകൂറായി പണം ലഭിക്കണമെന്നാണ് സഹകരണസംഘങ്ങളുടെ ആവശ്യം. കൂടാതെ, സംഭരിക്കുന്ന പച്ചത്തേങ്ങ ദിനംപ്രതി വാങ്ങുവാനുള്ള സംവിധാനവും കേരഫെഡിന്റെ ഭാഗത്തുനിന്ന് ഉണ്ടാകണം. വൈകുന്പോൾ തൂക്കത്തിൽ വ്യതിയാനം വരികയും നഷ്ടം സംഭവിക്കുകയും ചെയ്യും.
ആദ്യഘട്ടത്തിൽ കേരഫെഡ് വഴിയും രണ്ടാംഘട്ടത്തിൽ നാളികേര വികസന കോർപറേഷൻ, കേരഗ്രാമം പദ്ധതിപ്രകാരം രൂപീകരിച്ച പഞ്ചായത്തുതല സമിതികൾ, സഹകരണ സംഘങ്ങൾ തുടങ്ങിയവയിലൂടെയും തേങ്ങ സംഭരിക്കാനാണ് നീക്കം.