കണ്ണൂർ: കൗതുകത്തിൽ തുടങ്ങി ലഹരിയിലേക്ക് മാറുന്ന ഓൺലൈൻ ഗെയിമുകൾ നിഷ്കളങ്ക ബാല്യങ്ങളെ തേടിവരുകയാണ്. കാണാമറയത്തിരുന്ന് കളിയെയും കളിക്കാരുടെ മനസ്സിനെയും നിയന്ത്രിക്കുന്ന ഇത്തരം ചിലന്തിവലകളിൽ അറിയാതെ കണ്ണിചേർക്കപ്പെടുകയാണ് നമ്മുടെ കുട്ടികൾ. ജീവിതത്തിലേക്ക് റീസ്റ്റാർട്ടില്ലാത്ത പോക്കുകളിൽ അവസാനത്തെ ഇരയാണ് കഴിഞ്ഞദിവസം ധർമടത്ത് ജീവനൊടുക്കിയ പതിനേഴുകാരൻ അദിനാൻ.
കുട്ടി ഏറെക്കാലമായി മൊബൈൽ ഫോണിനും ഓൺലൈൻ ഗെയിമിനും അടിപ്പെട്ടു കഴിയുകയായിരുന്നുവെന്ന് വീട്ടുകാർ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. പതിവായി മൊബൈലിൽ ഗെയിം കളിച്ചിരുന്ന കുട്ടി നേരത്തേയും ആത്മഹത്യ പ്രവണത കാണിച്ചിരുന്നു. ആത്മഹത്യ ചെയ്യാനുള്ള വിഷം വാങ്ങിയതും ഓൺലൈൻ വഴിയാണെന്നത് അപകടത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു. ഓൺലൈൻ ഗെയിമിന് അടിമയാകുന്ന കുട്ടികള്‍ അപകടകരമായ പ്രവൃത്തികളിലേക്കും ഒടുവില്‍ ആത്മഹത്യയിലും എത്തുകയാണ്. സാധാരണ കുട്ടികളെപോലെ കൂട്ടുകൂടാനും കളികളിൽ ഏർപ്പെടാനും ഇത്തരക്കാർ മടി കാണിക്കുന്നുണ്ട്. ബ്ലൂവെയില്‍ പോലെയുള്ള ചലഞ്ച് ഗെയിമുകൾക്ക് അടിപ്പെട്ട് വിഷാദത്തിലേക്കും മരണത്തിലേക്കും എത്തിയവർ അനവധിയാണ്.
2017 ജൂണിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ തലശ്ശേരി കൊളശ്ശേരി സ്വദേശിയായ ഐ.ടി.ഐ വിദ്യാർഥി സാവന്ത് ബ്ലൂവെയില്‍ ഗെയിമിന് അടിമയായിരുന്നു. രാത്രി വൈകുവോളം ഫോണിൽ ചെലവഴിച്ചിരുന്ന സാവന്ത് പുലർച്ചക്ക് വീടിന് പുറത്തിറങ്ങിപ്പോകുന്നതായും രക്ഷിതാക്കൾ പറഞ്ഞിരുന്നു. കൈകളിലും മറ്റും മുറിവുകൾ ശ്രദ്ധയിൽപെട്ടിരുന്നു. കണ്ണൂരിലും പാലക്കാടും അടക്കം ബ്ലൂവെയിലിന് അടിപ്പെട്ട് ആത്മഹത്യ ചെയ്ത കേസുകൾ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ഭീതിപടര്‍ത്തുന്ന ഗെയിം തടയാന്‍ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു.
കേസുകൾ വർധിച്ചതോടെ അപകടകരമായ ബ്ലൂവെയില്‍ ചലഞ്ച് ഗെയിമിന്റെ ലിങ്കുകള്‍ നീക്കംചെയ്യാന്‍ സമൂഹമാധ്യമ സൈറ്റുകള്‍ക്ക് കേന്ദ്ര സര്‍ക്കാർ നിർദേശം നൽകി. ഓൺലൈൻ റമ്മി പോലെയുള്ള ഗെയിമുകൾക്കും കുട്ടികൾ അടിപ്പെടുന്നുണ്ട്. രക്ഷിതാക്കളുടെ ബാങ്ക് അക്കൗണ്ട് ഉപയോഗിച്ച് ഇത്തരം കളികളിലേർപ്പെട്ട് പണം നഷ്ടമായവരും ഏറെയാണ്. വ്യാപകമായി പണം നഷ്ടമാകുമ്പോൾ പൊലീസിനെയോ ബാങ്ക് അധികൃതരെയോ സമീപിക്കുമ്പോഴാണ് സത്യാവസ്ഥയറിയുന്നത്. മാനക്കേട് ഭയന്നാണ് പലരും ഇത്തരം സംഭവങ്ങൾ പുറത്തുപറയാത്തത്.
കുട്ടികൾ ഓൺലൈനിലാണ്, പഠനമല്ലെന്നുമാത്രം
കോവിഡിനുശേഷം പഠനം ഓൺലൈനായതോടെ മൊബൈൽഫോണുകൾ കുട്ടികളുടെ കൈയിലെത്തി. രക്ഷിതാക്കളുടെ ശ്രദ്ധ കുറയുമ്പോൾ പഠനമുറികൾ വിട്ട് പലരും ഓൺലൈൻ/ഓഫ്ലൈൻ ഗെയിമുകളിലേക്ക് ചേക്കേറുകയാണ്. സാങ്കേതിക അറിവ് കുറവായ രക്ഷിതാക്കളെ കബളിപ്പിച്ച് മണിക്കൂറുകളോളം ‘ഓൺലൈൻ കളി’ തുടരുന്ന വിരുതന്മാരും ഏറെയാണ്. ഗെയിമുകളുടെ വിവരങ്ങൾ കൈമാറാനും ഒന്നിച്ചുകളിക്കാനുമെല്ലാമായി കുട്ടികളുടെ വാട്സ്ആപ്, ടെലിഗ്രാം ഗ്രൂപ്പുകളും സജീവമാണ്. സ്കൂളുകളിലും കോളജുകളിലും ഓൺലൈൻ ചതിക്കുഴികളെ കുറിച്ച് ബോധവത്കരണം ലഭിക്കാറുണ്ടെങ്കിലും മുന്നറിയിപ്പുകള്‍ അവഗണിച്ചും യുവാക്കൾ മരണക്കളി തുടരുകയാണെന്നാണ് പൊലീസ് പറയുന്നത്. അപരിചിതരുമായി കൂട്ടുകൂടാനും വിഡിയോ കാൾ അടക്കം സാധ്യമായതുമായ ആപ്പുകളിലും കൗമാരക്കാരും യുവാക്കളും ഇടപെടുന്നുണ്ട്. അശ്ലീല വിഡിയോകൾ അടക്കം ഇത്തരം ആപ്പുകൾ വഴി പ്രചരിക്കുന്നുണ്ട്.
ബോധവത്കരണമാണ് വേണ്ടത്
ഇന്റർനെറ്റും മൊബൈലും നല്ല രീതിയിൽ എങ്ങനെ ഉപയോഗിക്കാമെന്ന ബോധവത്കരണമാണ് കുട്ടികൾക്ക് വേണ്ടത്. അതിന്റെ ശ്രമമാണ് ബാലാവകാശ കമീഷൻ നടത്തുന്നത്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള കരുതൽ എല്ലാതലത്തിലും ഉണ്ടാകണം.”