20.8 C
Iritty, IN
November 23, 2024
  • Home
  • Kerala
  • കൊച്ചിക്ക് ശ്വാസംമുട്ടുന്നു; വായുമലിനീകരണം കൂടുതലെന്ന്‌ പിസിബി
Kerala

കൊച്ചിക്ക് ശ്വാസംമുട്ടുന്നു; വായുമലിനീകരണം കൂടുതലെന്ന്‌ പിസിബി

മുൻവർഷത്തെ അപേക്ഷിച്ച്‌ കൊച്ചിയിൽ വായുമലിനീകരണം കൂടുതലെന്ന്‌ മലിനീകരണ നിയന്ത്രണബോർഡ്‌ (പിസിബി) റിപ്പോർട്ട്‌. 2021 ജനുവരി ഒന്നുമുതൽ ഡിസംബർ 31 വരെയുള്ള വായുഗുണനിലവാര സൂചികസംബന്ധിച്ച റിപ്പോർട്ടിലാണ്‌ ഇത്‌ സൂചിപ്പിക്കുന്നത്‌.

മലിനീകരണത്തോത്‌ നൂറിനുമുകളിലായാൽ അനാരോഗ്യകരമായ അവസ്ഥയാണ്‌. വൈറ്റിലയിൽ മെയ് മുതൽ ജൂൺവരെ മലിനീകരണം വർധിച്ചു. ജൂൺ അഞ്ചിന്‌ 198 എത്തി. എംജി റോഡിൽ മാർച്ചുവരെ നൂറിനുമുകളിലായിരുന്നത്‌ പിന്നീട്‌ അമ്പതിലേക്ക്‌ താഴ്ന്നു. ഡിസംബർ പകുതിവരെ ഈ സ്ഥിതി തുടർന്നു. വ്യവസായമേഖലയായ ഏലൂരിൽ ശരാശരി സൂചിക അറുപത്തിരണ്ടാണ്‌.
അടച്ചുപൂട്ടൽ പ്രഖ്യാപിച്ച മേയിൽ വായുഗുണനിലവാരം ഭേദപ്പെട്ടിരുന്നു. എന്നാൽ, ഡിസംബറോടെ മലിനീകരണം കൂടി. സംസ്ഥാനത്തെ ശരാശരി വായുഗുണനിലവാരം തൃപ്തികരമാണെന്നും പിസിബി ചീഫ് എൻവയൺമെന്റൽ എൻജിനിയർ എം എ ബൈജുവിന്റെ റിപ്പോർട്ടിൽ പറയുന്നു.
എറണാകുളത്തെ മൂന്ന് കേന്ദ്രം ഉൾപ്പെടെ സംസ്ഥാനത്തെ ഒമ്പതു നിരീക്ഷണകേന്ദ്രങ്ങളിലെ പഠനവിവരങ്ങൾ ഡൽഹി അശോക്‌ വിഹാറിലെ നിരീക്ഷണകേന്ദ്രത്തിലെ സൂചികയുമായി താരതമ്യം ചെയ്താണ്‌ റിപ്പോർട്ട് തയ്യാറാക്കിയത്‌. തിരുവനന്തപുരം പ്ലാമൂട്‌, കാര്യവട്ടം, കൊല്ലം പോളയത്തോട്‌, തൃശൂർ കോർപറേഷൻ സ്റ്റേഡിയം, കോഴിക്കോട്‌ പാളയം, കണ്ണൂർ തവക്കര എന്നിവയാണ്‌ മറ്റ് കേന്ദ്രങ്ങൾ. ആറ്‌ വിഭാഗങ്ങളിൽ 0-50 -നല്ലത്, 50-100 -ഭേദപ്പെട്ടത്, 100-150 -രോഗികൾക്ക് അനാരോഗ്യകരം, 150-200 -അനാരോഗ്യകരം, 200-300 -വളരെ അനാരോഗ്യകരം, 300-500 -അപകടകരം എന്നിങ്ങനെയാണ്‌ നിലവാരസൂചിക.
ജനുവരി പകുതിമുതൽ ഫെബ്രുവരിവരെ ഉയർന്ന മലിനീകരണത്തോത്‌ മേയിൽ മിതമായ നിരക്കിലെത്തി. തിരുവനന്തപുരം പ്ലാമൂട്‌ ഒഴികെയുള്ള പ്രദേശങ്ങളിൽ നവംബർവരെ ഈ സ്ഥിതി തുടർന്നു. പ്ലാമൂട്ടിൽ ആഗസ്ത്‌ 26 മുതൽ സെപ്തംബർ ആറുവരെ മലിനീകരണം കുത്തനെ കൂടി. സെപ്തംബർ ഒന്നിന് മുന്നൂറ്റിയിരുപതായി. കൊല്ലത്ത് ഏപ്രിൽവരെ 100-150 അളവിലായിരുന്നത്‌ മേയിലും ജൂണിലും അമ്പതായി.

ഡൽഹിയിൽ ശരാശരി 200നുമുകളിലാണ്‌ വായുഗുണനിലവാരത്തോത്‌. ജനുവരിയിൽ മലിനീകരണം അപകടകരമായ നിലയിലേക്ക്‌ (488) എത്തിയിരുന്നു. കേരളത്തിൽ അപൂര്‍വസാഹചര്യങ്ങളിൽമാത്രമാണ്‌ അനാരോഗ്യകരമായ അളവിലേക്ക്‌ മലിനീകരണം ഉയരാറെന്നും റിപ്പോർട്ടിൽ പറയുന്നു.

Related posts

തമിഴ്‌നാട് കടുപ്പിക്കുന്നു ; അതിര്‍ത്തി കടക്കാന്‍ 
കർശന പരിശോധന

Aswathi Kottiyoor

*സംസ്ഥാനത്തെ കോവിഡ് മരണ വിവരങ്ങള്‍ അറിയാന്‍ ഡെത്ത് ഇന്‍ഫര്‍മേഷന്‍ പോര്‍ട്ടല്‍.*

Aswathi Kottiyoor

ശ​ബ​രി​മ​ല​യി​ലേ​ക്കു​ള്ള തീ​ര്‍​ഥാ​ട​ന​ത്തി​ന് ഇ​ന്ന് നി​രോ​ധ​നം.

Aswathi Kottiyoor
WordPress Image Lightbox