കണ്ണൂർ: കണ്ണൂർ ജില്ലയുടെ ടൂറിസം ഭൂപടത്തിലേക്ക് ഇനി പുല്ലൂപ്പിക്കടവും. നാറാത്ത് പഞ്ചായത്തിലെ പുല്ലൂപ്പിക്കടവിൽ ടൂറിസം പദ്ധതി ഒരുക്കാനുള്ള തയാറെടുപ്പിലാണ് അധികൃതർ. പ്രകൃതിയെ പൂർണമായും സംരക്ഷിച്ചു കൊണ്ടുള്ള വികസനമാണ് നടപ്പാക്കുക. പുല്ലൂപ്പിക്കടവ് പുഴയോരത്ത് നടപ്പാത, ഇരിപ്പിടം, ഉദ്യാനം, ലഘുഭക്ഷണശാല തുടങ്ങിയ സംവിധാനങ്ങൾ ഒരുക്കുകയാണ് ലക്ഷ്യം.
പദ്ധതി നടപ്പാക്കുന്നതിന് മുന്നോടിയായി ടൂറിസം വകുപ്പ് അധികൃതർ പുല്ലൂപ്പിക്കടവ് സന്ദർശിച്ച് സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. വിവിധങ്ങളായ കണ്ടൽകാടുകളാൽ സമ്പന്നമാണ് പുല്ലൂപ്പിക്കടവ്. കണ്ടലുകൾ പടർന്ന പച്ചത്തുരുത്തുകൾ അപൂർവ ഇനം ദേശാടന പക്ഷികളുടെ ആവാസ കേന്ദ്രമാണ്. അരണ്ടകളുടെയും പറവകളുടെയും താവളം എന്നതാണ് പുല്ലൂപ്പിക്കടവിന്റെ പ്രത്യേകത. വിവിധ തരത്തിലുള്ള മത്സ്യ സമ്പത്തും പുഴയിലുണ്ട്.