ജീവിതകാലത്തുതന്നെ വിശുദ്ധനെന്ന് അറിയപ്പെട്ടിരുന്ന ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചനെ 2014 നവംബർ 23നു ഫ്രാൻസിസ് മാർപാപ്പ വിശുദ്ധരുടെ ഗണത്തിലേക്ക് ഉയർത്തി. 2021ൽ വിശുദ്ധ ചാവറയച്ചന്റെ സ്വർഗപ്രവേശത്തിന്റെ 150 വർഷങ്ങൾ പൂർത്തിയായി.
ഒരു വർഷത്തെ ആഘോഷപരിപാടികൾ 2020 ജനുവരി 3നു കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനാണ് ഉദ്‌ഘാടനം ചെയ്തത്.ചാവറയച്ചൻ 1805ൽ കൈനകരിയിലാണു ജനിച്ചത്. പാലയ്‌ക്കൽ തോമാ മൽപാന്റെ കീഴിൽ സെമിനാരി പഠനം പൂർത്തിയാക്കി. 1829 നവംബർ 29ന് അർത്തുങ്കൽ സെന്റ് ആൻഡ്രൂസ് പള്ളിയിൽ പുരോഹിതപട്ടം സ്വീകരിച്ചു.
പോരൂക്കര തോമാ മൽപാൻ, പാലയ്‌ക്കൽ തോമാ മൽപാൻ, കണിയാന്തറ യാക്കോബ് എന്നിവരുമായി ചേർന്ന് 1831 മേയ് 11നു ഭാരതത്തിലെ ആദ്യ തദ്ദേശീയ സന്യാസ സമൂഹമായ സിഎംഐ സഭയ്‌ക്ക് മാന്നാനത്ത് അടിസ്ഥാനമിട്ടു. ഭാരതസഭയുടെ ഗതിവിഗതികളെ നിയന്ത്രിക്കാൻ പോന്ന മഹദ്‌സംരംഭത്തിന്റെ തുടക്കമായി അത്. സന്യാസ സമൂഹത്തിന് 1855 ഡിസംബർ 8നാണു സഭയുടെ ഔദ്യോഗിക അംഗീകാരം കിട്ടിയത്.