കണിച്ചാർ: ഒരു വർഷംകൊണ്ട് പൂർത്തിയാക്കേണ്ട കണിച്ചാർ പഞ്ചായത്ത് അണുങ്ങോട് ലക്ഷം വീട് കോളനിയിലെ നിർമാണ പ്രവൃത്തികൾ ഇഴഞ്ഞുനീങ്ങുന്നു. പ്രവൃത്തി നടത്തിയതിൽ വൻ അപാകതയെന്ന് പരാതിയുണ്ട്. അബേദ്കർ സെറ്റിൽമെന്റ് പദ്ധതി പ്രകാരം 77.94 ലക്ഷം രൂപ മുടക്കിയാണ് കണിച്ചാർ പഞ്ചായത്തിലെ അണുങ്ങോട് ലക്ഷം വീട് കോളനിയിൽ വിവിധ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നത്. എന്നാൽ വർഷം രണ്ടു കഴിഞ്ഞിട്ടും പണി ഇഴഞ്ഞുനീങ്ങുകയാണ്.
കോളനിയിലെ 12 വീടുകൾക്ക് അറ്റകുറ്റപ്പണി, രണ്ട് വീട് നിർമാണം, റോഡ് ഇന്റർലോക്ക്, വാട്ടർ ടാങ്ക്, കിണറിൽ മോട്ടോർ സ്ഥാപിച്ച് പ്ലംബിങ് അടക്കമുള്ള പ്രവൃത്തികൾ, സാംസ്കാരിക നിലയത്തിെൻറ മുകളിൽ ലൈബ്രറി റൂം, പഠനമുറി, കരിങ്കൽ ഭിത്തി നിർമാണം, അഞ്ച് തെരുവ് വിളക്കുകൾ തുടങ്ങി വിവിധ നിർമാണ പ്രവർത്തനങ്ങൾക്കായാണ് ഫണ്ട് അനുവദിച്ചത്. ഇതിൽ ഭൂരിഭാഗം നിർമാണപ്രവൃത്തികളും തുടങ്ങിയിട്ടുപോലുമില്ല. പലതും പാതിവഴിയിൽ നിലച്ച അവസ്ഥയാണ്.
ഈ പദ്ധതിയിൽ കക്കൂസ് നിർമാണം ഇല്ലാത്തത് കോളനിവാസികൾക്ക് കനത്ത തിരിച്ചടിയാണ്. ഇതു കാരണം ഇവർ സമീപത്തെ പുഴകളെയും സ്വകാര്യ സ്ഥലങ്ങളിലുമാണ് പ്രാഥമിക കൃത്യം നിർവഹിക്കുന്നതെന്ന് പറയുന്നു. കരാറുകാരന് ഫണ്ട് ഇല്ലാത്തതാണ് പ്രവൃത്തി പൂർത്തിയാക്കാനുള്ള കാലതാമസമെന്നാണ് വിശദീകരണം. കഴിഞ്ഞ ദിവസം കലക്ടർ മോണിറ്ററിങ് കമ്മിറ്റി വിളിക്കുകയും വിവരങ്ങൾ ആരായുകയും ചെയ്തിരുന്നു. നിലവിൽ കോളനിയിൽ നടത്തിയ നിർമാണത്തിൽ പലതിലും അപാകതയുണ്ടെന്ന് പഞ്ചായത്ത് ജനപ്രതിനിധികളും പറഞ്ഞു.