വിദ്യാർത്ഥികളിൽ അച്ചടക്കം, സാമൂഹിക പ്രതിബന്ധത, നിയമ അവബോധം,ഉത്തരവാദിത്വം, പൗരബോധം, തുടങ്ങിയ മൂല്യങ്ങൾ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാനത്ത് നടപ്പിലാക്കുന്ന സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ രണ്ട് ദിവസം നീണ്ടുനിൽക്കുന്ന ക്യാമ്പ് കൊട്ടിയൂർ ഐ.ജെ.എം ഹയർ സെക്കണ്ടറി സ്കൂളിൽ ആരംഭിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് സിസിലി മാത്യു എം എ സ്വാഗതം ആശംസിച്ച ചടങ്ങിൽ പ്രിൻസിപ്പാൾ മാത്യു അധ്യക്ഷത വഹിക്കുകയും ക്യാമ്പിൻ്റെ ഉദ്ഘാടനം കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് റോയി നമ്പുടാകം നിർവഹിക്കുകയും ചെയ്തു. അസിസ്റ്റൻ്റ് സബ് ഇൻസ്പെക്ടർ സജേഷ് പതാക ഉയർത്തി.പേരാവൂർ നിയോജക മണ്ഡലം എം.എൽ.എ സണ്ണി ജോസഫ് ക്യാമ്പ് സന്ദർശിക്കുകയും ക്യാഡറ്റുകളുമായി സംവദിക്കുകയും ചെയ്തു.പി.റ്റി.എ പ്രസിഡൻ്റ് തങ്കച്ചൻ കല്ലടയിൽ, ഡ്രിൽ ഇൻസ്ട്രക്ടർ സിജു ജോണി, സ്റ്റാഫ് സെക്രട്ടറി റിജോയ് എം.എം, കമ്യൂണിറ്റി പോലീസ് ഓഫീസേഴ്സ് സുനീഷ് പി ജോസ്, റ്റിജി പി ആൻ്റണി, നാരായണൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.രണ്ട് ദിവസങ്ങളിലായി സംഘടിപ്പിക്കുന്ന ക്യാമ്പിൽ മോട്ടിവേഷൻ, ആരോഗ്യ പരിപാലനം, കൗമാര പ്രശ്നങ്ങളും പരിഹാരങ്ങളും, പ്രകൃതി സംരക്ഷണം, ദൃശ്യപാഠം,കായിക ക്ഷമത,പരേഡ് തുടങ്ങി നിരവധി വിഷയങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള ക്ലാസ്സുകളും പരിശീലനങ്ങളും വിദ്യാർത്ഥികൾക്ക് ലഭിക്കും.