26.8 C
Iritty, IN
July 5, 2024
  • Home
  • Kerala
  • ഒറ്റ വോട്ടർ പട്ടിക ; തടസ്സങ്ങളേറെ, നിയമപ്രശ്‌നങ്ങളും
Kerala

ഒറ്റ വോട്ടർ പട്ടിക ; തടസ്സങ്ങളേറെ, നിയമപ്രശ്‌നങ്ങളും

രാജ്യത്ത്‌ തെരഞ്ഞെടുപ്പുകൾക്ക്‌ ഒറ്റ വോട്ടർപട്ടിക എന്ന കേന്ദ്ര സർക്കാർ നിർദേശം നടപ്പാക്കാൻ സാങ്കേതികമായും പ്രായോഗികമായും തടസ്സങ്ങളേറെ. ഒപ്പം നിയമപ്രശ്‌നങ്ങൾക്കും കാരണമായേക്കും. ഒറ്റ വോട്ടർ പട്ടിക സംബന്ധിച്ച്‌ കേന്ദ്ര നിർദേശം ലഭിച്ചാൽ സാങ്കേതിക തടസ്സങ്ങൾ അറിയിക്കാനുള്ള തയ്യാറെടുപ്പിലാണ്‌ സംസ്ഥാന തെരഞ്ഞെടുപ്പ്‌ കമീഷൻ.

നിലവിൽ ലോക്‌സഭ, നിയമസഭാ തെരഞ്ഞെടുപ്പുകൾക്ക്‌ കേന്ദ്ര തെരഞ്ഞെടുപ്പു കമീഷനും തദ്ദേശ തെരഞ്ഞെടുപ്പിന്‌ സംസ്ഥാന കമീഷനുമാണ്‌ വോട്ടർ പട്ടിക തയ്യാറാക്കുന്നത്‌. രണ്ടു പട്ടികകളുടെയും ക്രമീകരണം വ്യത്യസ്‌തമാണ്‌. കേന്ദ്ര കമീഷൻ തയ്യാറാക്കുന്ന പട്ടികയിൽ വാർഡ്‌ നമ്പർ, വീട്ടു നമ്പർ എന്നിവ കൃത്യമായി ചേർക്കാറില്ല. കേന്ദ്ര കമീഷൻ നിയമസഭാ മണ്ഡലവും സംസ്ഥാന കമീഷൻ വാർഡും അടിസ്ഥാനമാക്കിയാണ്‌ പട്ടിക തയ്യാറാക്കുന്നത്‌.
ഇരുപതിനായിരത്തിലധികം വാർഡിലെ പട്ടികയാണ്‌ സംസ്ഥാന കമീഷൻ തയ്യാറാക്കുന്നത്‌. ഒരു വാർഡിൽ ഒന്നോ അതിലധികമോ ബൂത്തുണ്ടാകും. കേന്ദ്ര കമീഷന്റെ പോളിങ്‌ സ്‌റ്റേഷനുകളേക്കാൾ കൂടുതലാണ്‌ സംസ്ഥാന കമീഷന്റേത്‌. കേന്ദ്രത്തിന്റെ വോട്ടർ പട്ടിക തയ്യാറാക്കുന്ന ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർ തഹസിൽദാറും സംസ്ഥാനത്തിന്റേത്‌ തദ്ദേശ സ്ഥാപന സെക്രട്ടറിമാരുമാണ്‌.
തദ്ദേശസ്ഥാപനങ്ങളിൽ ഇടവേളകളിൽ വാർഡ്‌ പുനക്രമീകരണം നടത്താറുണ്ട്‌. ഈ അവസരങ്ങളിൽ വോട്ടർമാരെ തിരിച്ചറിയാൻ കഴിയുന്ന സംവിധാനം കേന്ദ്ര പട്ടികയിൽ ഇല്ലാത്തത്‌ പ്രതിസന്ധിയാകും. വാർഡുകളിൽ ഇടയ്‌ക്കിടെയുള്ള ഉപതെരഞ്ഞെടുപ്പുകളിൽ വോട്ടർ പട്ടിക പുതുക്കുന്നതും വെല്ലുവിളിയാകും. ഒരോ തെരഞ്ഞെടുപ്പിനുംമുമ്പ്‌ സംസ്ഥാന കമീഷൻ പട്ടിക പുതുക്കാറുണ്ട്‌. ഒറ്റ പട്ടികയായാൽ പുതുക്കൽ എങ്ങനെയെന്ന പ്രശ്‌നവുമുണ്ട്‌. കേന്ദ്ര കമീഷനും സംസ്ഥാന കമീഷനും സ്വതന്ത്ര സ്ഥാപനങ്ങളാണ്‌. അതുകൊണ്ട്‌ കേന്ദ്ര കമീഷന്‌ പട്ടിക സംസ്ഥാന കമീഷനുമേൽ അടിച്ചേൽപ്പിക്കാനാകില്ല. ഇത്‌ നിയമപ്രശ്‌നങ്ങൾക്കും വഴിവയ്‌ക്കും.

ഒറ്റ വോട്ടർ പട്ടിക ചെലവ്‌ കുറയ്‌ക്കാൻ സഹായകമാകുമെങ്കിലും പ്രാദേശിക സാഹചര്യത്തിൽ നിരവധി ബുദ്ധിമുട്ട്‌ സൃഷ്ടിക്കുമെന്ന്‌ സംസ്ഥാന തെരഞ്ഞെടുപ്പ്‌ കമീഷണർ എ ഷാജഹാൻ പറഞ്ഞു. ഈ ബുദ്ധിമുട്ടുകളും പ്രായോഗിക പ്രശ്‌നങ്ങളും പരിഹരിച്ചാൽ മാത്രമേ ഒറ്റ ലിസ്റ്റ്‌ പ്രായോഗികമാകൂ. കേന്ദ്ര നിർദേശം ലഭിച്ചാൽ ഇവ ചൂണ്ടിക്കാട്ടുമെന്നും അദ്ദേഹം പറഞ്ഞു.

Related posts

വിൽപ്പനയ്ക്ക് തയ്യാറായിട്ടുണ്ട്

Aswathi Kottiyoor

കേരളത്തില്‍ ഇന്ന് 7738 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Aswathi Kottiyoor

തിരുവനന്തപുരം വിമാനത്താവളത്തിൽ പുതിയ ക്രമീകരണം

Aswathi Kottiyoor
WordPress Image Lightbox