മട്ടന്നൂർ: മട്ടന്നൂരിൽ കുട്ടിക്ക് കാലാവധി കഴിഞ്ഞ പോളിയോ മരുന്ന് കുത്തിവച്ചതായി പരാതി. കാര എൽപി സ്കൂളിന് സമീപം ദ്വാരകയിൽ ഡോ. അതുല്യ ചന്ദ്രാജിയുടെ ഒന്നര മാസം പ്രായമുള്ള കുഞ്ഞിനാണ് കാലാവധി കഴിഞ്ഞ മരുന്ന് കുത്തിവച്ചത്. ഈ മാസം 18ന് ആശ്രയ ആശുപത്രിയിൽ നിന്നാണ് കുത്തിവയ്പെടുത്തത്.
നവംബറിൽ കാലാവധി കഴിഞ്ഞ മരുന്നാണ് കുത്തിവച്ചതെന്ന് കാണിച്ച് മട്ടന്നൂർ പോലീസിലും ഡ്രഗ് കൺട്രോളർക്കും പരാതി നൽകി. ഇക്കാര്യം ആശുപത്രി അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ ലാഘവത്തോടെയാണ് പ്രതികരിച്ചതെന്നും ആശു പത്രി അധികൃതർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അതുല്യയുടെ പിതാവ് ചന്ദ്രാജി പത്രസമ്മേളനത്തിൽ പറഞ്ഞു. അതേ സമയം സംഭവത്തിൽ വീഴ്ച പറ്റിയ നഴ്സിനെ സസ്പെൻഡ് ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു. ഇതു മൂലം കുഞ്ഞിന് യാതൊരുവിധ ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകില്ലെന്ന് വിദഗ്ധർ സാക്ഷ്യപ്പെടുത്തിയതായും മാനേജ്മെന്റ് അറിയിച്ചു.
അതിനിടെ ആശ്രയ ഹോസ്പിറ്റലില്‍നിന്നും കാലാവധി കഴിഞ്ഞ പെന്റ് വാക് മരുന്ന് പിടിച്ചെടുത്തു. കണ്ണൂര്‍ ഡ്രഗ്സ് കണ്ട്രോള് വകുപ്പ് നടത്തിയ പരിശോധനയില്‍ കണ്ടെടുത്ത മരുന്നുകള്‍ ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക്സ് ആക്ട് ആൻഡ് റൂള്‍സ് പ്രകാരം മട്ടന്നൂര്‍ കോടതിയില്‍ സമര്‍പ്പിച്ചതായി അസിസ്റ്റന്റ് ഡ്രഗ്സ് കണ്ട്രോളര് അറിയിച്ചു. കാലാവധി കഴിഞ്ഞ മരുന്ന് കുത്തിവയ്പ് നടത്തിയതായി ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
ഗുരുതര വീഴ്ച: ഡിവൈഎഫ്ഐ
ആശ്രയ ആശുപത്രിയില്‍ കാലാവധി കഴിഞ്ഞ വാക്സിന് നവജാത ശിശുവിന് കുത്തിവച്ച സംഭവം ഗുരുതരമായ പിഴവും കൃത്യവിലോപവുമാണെന്ന് ഡിവൈഎഫ്ഐ മട്ടന്നൂര്‍ ബ്ലോക്ക് കമ്മിറ്റി. കാലാവധി കഴിഞ്ഞ മരുന്നുകള്‍ ആശുപത്രികളില്‍ സൂക്ഷിക്കുക മാത്രമല്ല നവജാത ശിശുവില്‍ അത് കുത്തിവയ്ക്കുകയും രക്ഷിതാക്കളുടെ ഇതുമായി ബന്ധപ്പെട്ട ആശങ്കകളോട് നിരുത്തരവാദപരമായി പെരുമാറുകയും ചെയ്തുവെന്നതും ഗുരുതരമായ വീഴ്ചയാണെന്ന് ഡിവൈഎഫ്ഐ മട്ടന്നൂര്‍ ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു.
അന്വേഷണം വേണം: യുവമോർച്ച
കാലാവധി കഴിഞ്ഞ മരുന്ന് കുത്തിവച്ച സംഭവം ആരോഗ്യ വകുപ്പ് അധികൃതർ സമഗ്ര അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കണമെന്ന് യുവമോർച്ച മട്ടന്നൂർ മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു.
കുറ്റക്കാർക്കെതിരെ അധികാരികൾ ആവശ്യമായ നടപടികൾ സ്വീകരിക്കാത്തപക്ഷം നാട്ടുകാരേയും ബഹുജനങ്ങളെയും പങ്കെടുപ്പിച്ച് പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കുമെന്ന് യുവമോർച്ച മണ്ഡലം പ്രസിഡന്റ് രാഹുൽ ഹരീന്ദ്രൻ അറിയിച്ചു.
നടപടി വേണം: യൂത്ത് കോൺഗ്രസ്
മട്ടന്നൂർ ആശ്രയ ഹോസ്പിറ്റലിൽ നവജാത ശിശുവിന് കാലാവധി കഴിഞ്ഞ പോളിയോ വാക്സിൻ കുത്തിവച്ച സംഭവം അതീവ ഗൗരവതരമാണെന്ന് യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് പ്രസിഡന്റ് ഫാൻസിൻ മജീദ്.
ബന്ധപ്പെട്ട അധികൃതർ ഉചിതമായ നിയമ നടപടികൾ കൈക്കൊള്ളണമെന്നും ആശുപത്രിയിൽ എത്തുന്ന രോഗികളുടെയും പൊതുജനങ്ങളുടെയും ആശങ്ക പരിഹരിക്കണമെന്നും ഫാൻസിൻ മജീദ് ആവശ്യപ്പെട്ടു.