കണ്ണൂര്‍: ലോക ടൂറിസം ഭൂപടത്തില്‍ ഇടംനേടാനുള്ള സാഹചര്യങ്ങളുണ്ടായിരുന്നിട്ടും കണ്ണൂര്‍ ഉള്‍പ്പെടുന്ന വടക്കന്‍ കേരളം അനുഭവിക്കുന്ന പിന്നാക്കാവസ്ഥയ്ക്ക് പരിഹാരം കണ്ടെത്താനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ആസ്റ്റര്‍ മിംസിന്റെ നേതൃത്വത്തില്‍ നടത്തുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. ടൂറിസം ഡിപ്പാര്‍ട്ട്മെന്റ്, നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്സ്, കിയാല്‍, കാനന്നൂര്‍ റോട്ടറി എന്നിവരുമായി സഹകരിച്ചാണ് ഇതു തുടങ്ങുക. ഇതിന്റെ ഭാഗമായി അമേരിക്ക, യുഎഇ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ടൂറിസം രംഗത്ത് ശ്രദ്ധേയനായ ഡേവിഡ് ബൗഷെ കേരളത്തിലെത്തുകയും ചര്‍ച്ചകള്‍ക്ക് തുടക്കം കുറിക്കുകയും ചെയ്തു.
അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്ന് ഉത്തര കേരളത്തിലേക്കുള്ള ടൂറിസ്റ്റുകളുടെ വരവ് കുറവാണ്.
ഈ സാഹചര്യത്തെ അതിജീവിക്കാന്‍ ലോകത്തിലെ ഏറ്റവും ശ്രദ്ധേയമായ മെഡിക്കല്‍ ജേര്‍ണലുകള്‍, ടൂറിസം രംഗത്തെ പ്രമുഖ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ പ്രതിനിധികള്‍, ഹെല്‍ത്ത് ടൂറിസം രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ മുതലായവരെ മലബാറിലേക്ക് നേരിട്ട് എത്തിച്ച് ഇവിടുത്തെ ടൂറിസം മേഖലയുടെ വളര്‍ച്ചയ്ക്കുള്ള പ്രാഥമിക നടപടികള്‍ക്ക് തുടക്കം കുറിക്കുമെന്ന് കണ്ണൂരില്‍ നടത്തിയ പത്ര സമ്മേളനത്തില്‍ ഡേവിഡ് ബൗഷെ പറഞ്ഞു.
ഡേവിഡ് ബൗഷെയുടെ നിര്‍ദ്ദേശം പരിഗണിച്ച് കണ്ണൂര്‍-കാസര്‍ഗോഡ് ഉള്‍പ്പെടുന്ന ഉത്തര മലബാറിന്റെ പ്രകൃതി ഭംഗി, ചരിത്രപരമായ സവിശേഷതകള്‍, കാലാവസ്ഥ, ചെലവ് കുറഞ്ഞതും ഉന്നത നിലവാരമുള്ളതുമായ ആരോഗ്യപരിപാലനം, സാംസ്കാരിക മികവ്, പാരമ്പര്യ കലാമേഖലകള്‍, സവിശേഷമായ ഭക്ഷണ പാരമ്പര്യം എന്നിവയെല്ലാം ഉള്‍ക്കൊള്ളിച്ചാണ് ടൂറിസം വികസന പ്ലാന്‍ തയാറാക്കിയിരിക്കുന്നത്.
ആശുപത്രികള്‍, ടൂറിസം സ്ഥാപനങ്ങള്‍, റിസോര്‍ട്ടുകള്‍, ഹോം സ്റ്റേകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നവര്‍ക്കെല്ലാം ഇതിനാവശ്യമായ പരിശീലനം നല്‍കുമെന്ന് ആസ്റ്റര്‍ കേരള ആന്റ് ഒമാന്‍ റീജ്യണല്‍ ഡയറക്ടര്‍ ഫര്ഹാന് യാസിന് പറഞ്ഞു. പത്രസമ്മേളനത്തില്‍ ആസ്റ്റര്‍ ഗ്രൂപ്പ് ചീഫ് ഓഫ് സര്‍വീസ് എക്സലന്‍സ് ഡേവിഡ് ബൗഷെ, സിഎംഎസ് ഡോ. കെ.എം. സൂരജ് , കേരള ടൂറിസം ഡയറക്ടര്‍ പ്രശാന്ത് വാസുദേവ്, കേനന്നൂര്‍ റോട്ടറി ക്ലബ് സെക്രട്ടറി ഡോ. ജോസഫ് ബെനവന്‍, ആസ്റ്റര്‍ മിംസ് കണ്ണൂര്‍ പബ്ലിക് റിലേഷന്‍സ് ഹെഡ് നസീര്‍ സി.പി.അഹമ്മദ്, എജിഎം ഓപ്പറേഷന്‍സ് വിവിന് ജോര്‍ജ് എന്നിവര്‍ പങ്കെടുത്തു.