25.1 C
Iritty, IN
July 7, 2024
  • Home
  • Kerala
  • മലബാർ സിമന്റ്‌സിൽ ഉൽപ്പാദനം ഇരട്ടിയാക്കും ; മട്ടന്നൂരും പാലക്കാട്ടും ഗ്രൈന്റിങ്‌ യൂണിറ്റ്‌ : മന്ത്രി പി രാജീവ്‌
Kerala

മലബാർ സിമന്റ്‌സിൽ ഉൽപ്പാദനം ഇരട്ടിയാക്കും ; മട്ടന്നൂരും പാലക്കാട്ടും ഗ്രൈന്റിങ്‌ യൂണിറ്റ്‌ : മന്ത്രി പി രാജീവ്‌

മലബാർ സിമന്റ്‌സിൽ രണ്ടു വർഷംകൊണ്ട്‌ ഉൽപ്പാദനം ഇരട്ടിയാക്കുമെന്നും ഇതിനായി പുതിയ ഗ്രൈന്റിങ്‌ യൂണിറ്റുകൾ ആരംഭിക്കുമെന്നും മന്ത്രി പി രാജീവ്‌. മലബാർ സിമന്റ്‌സിൽ ചേർന്ന അവലോകന യോഗത്തിനുശേഷം വാർത്താസമ്മേളനത്തിലാണ്‌ ഇക്കാര്യം അറിയിച്ചത്‌. പാലക്കാട്ടും മംഗലാപുരത്തും പുതിയ ഗ്രൈന്റിങ്‌ യൂണിറ്റുകളും കൊച്ചിൻ പോർട്ട്‌ ട്രസ്‌റ്റിൽനിന്ന്‌ പാട്ടത്തിനെടുത്ത സ്ഥലത്ത്‌ ബ്ലെൻഡിങ്‌ യൂണിറ്റും തുടങ്ങും. പോർട്ട്‌ ട്രസ്‌റ്റിന്റെ സ്ഥലം ഏറ്റെടുക്കുന്ന നടപടിക്രമം ജനുവരിയിൽ പൂർത്തിയാക്കും. മംഗലാപുരത്തുനിന്ന്‌ ക്ലിങ്കർ എത്തിച്ച്‌ മട്ടന്നൂർ കിൻഫ്ര പാർക്കിലും പാലക്കാട്ട്‌ വ്യവസായ പാർക്കിലുമാണ്‌ ഗ്രൈന്റിങ്‌ യൂണിറ്റ്‌ തുടങ്ങുക.

സംസ്ഥാനത്ത്‌ ആവശ്യമുള്ളതിന്റെ 25 ശതമാനം സിമന്റും ഇവിടെ ഉൽപ്പാദിപ്പിക്കുക എന്ന ലക്ഷ്യവുമായാണ്‌ സർക്കാർ മുന്നോട്ടുപോകുന്നത്‌. ഇതിന്‌ സ്വകാര്യമേഖലയേയും പ്രോത്സാഹിപ്പിക്കും. മാസം ആറു ലക്ഷം ടൺ സിമന്റ്‌ ഉൽപ്പാദനത്തിൽനിന്ന്‌ അടുത്ത രണ്ടു വർഷംകൊണ്ട്‌ 12 ലക്ഷം ടൺ ആക്കുകയാണ്‌ മലബാർ സിമന്റ്‌സിന്റെ ലക്ഷ്യം. കമ്പോളം വിലയിരുത്തി വിപണിയിലും ഉൽപ്പാദനത്തിലും പുതിയ പദ്ധതി നടപ്പാക്കും. കടത്തുകൂലി കുറയ്‌ക്കുന്നതിനായി സമീപ ജില്ലകൾ കേന്ദ്രീകരിച്ച്‌ സിമന്റ്‌ വിൽപ്പന വർധിപ്പിക്കും.

കേരളത്തിലെ 41 പൊതുമേഖലാ സ്ഥാപനങ്ങൾ മെച്ചപ്പെടുത്തുന്നതിന്‌ പദ്ധതി തയ്യാറാക്കി. പൊതുമേഖല പുനരുദ്ധാരണ സ്ഥാപനമായ റിയാബിനാണ്‌ മേൽനോട്ട ചുമതല. ഇവയിൽ പദ്ധതി മാനേജ്‌മെന്റ്‌ സംഘത്തെ ഏഴായി തിരിച്ച്‌ വിദഗ്‌ധരെ ഉൾപ്പെടുത്തി. സംവിധാനം ഏകോപിപ്പിക്കാൻ റോയ്‌ കുര്യനെ നിയമിച്ചു. ഈ സംവിധാനം നിലവിൽവന്ന ശേഷം ആദ്യ യോഗമാണ്‌ മലബാർ സിമന്റ്‌സിൽ ചേർന്നതെന്നും പി രാജീവ്‌ പറഞ്ഞു. വ്യവസായ വകുപ്പ്‌ പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ്‌ ഹനീഷും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
ബെമൽ ഭൂമി ഏറ്റെടുക്കൽ പുരോഗമിക്കുന്നു
കേന്ദ്ര പൊതുമേഖല സ്ഥാപനമായ ബെമലിന്‌ സംസ്ഥാന സർക്കാർ കൈമാറിയ ഭൂമിയിൽ ഉപയോഗിക്കാത്ത 271 ഏക്കർ ഏറ്റെടുക്കാനുള്ള നടപടി പുരോഗമിക്കുകയാണെന്ന്‌ മന്ത്രി പി രാജീവ്‌. ബെമൽ ആരംഭിക്കുമ്പോൾ 2010 ൽ സംസ്ഥാന സർക്കാർ കഞ്ചിക്കോട്‌ വ്യവസായ മേഖലയിൽ സൗജന്യമായാണ്‌ സ്ഥലം അനുവദിച്ചത്‌. അതിൽ ബെമൽ പ്ലാന്റിന്‌ ആവശ്യമുള്ള സ്ഥലം കഴിച്ച്‌ ബാക്കി തിരികെവേണമെന്ന്‌ സർക്കാർ ആവശ്യപ്പെട്ടിരുന്നു. ഇതിന്‌ വിപണിവിലയുടെ പത്ത്‌ ശതമാനം വേണമെന്ന്‌ കേന്ദ്ര സർക്കാർ ആവശ്യമുന്നയിച്ചിരുന്നു. ഇത്‌ പരിഗണനയിലാണ്‌.

എന്നാൽ കഞ്ചിക്കോട്‌ ഇൻസ്ട്രുമെന്റേഷൻ സംസ്ഥാന സർക്കാരിന്‌ കൈമാറാൻ കരാറായിട്ടും കമ്പനി ആരംഭിക്കുമ്പോൾ സംസ്ഥാന സർക്കാർ നൽകിയ മുഴുവൻ ഭൂമിക്കും വിപണിവില വേണമെന്ന കേന്ദ്ര സർക്കാർ ആവശ്യം അംഗീകരിക്കാൻ കഴിയില്ലെന്നും പി രാജീവ്‌ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

Related posts

കേരളത്തില്‍ 6238 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Aswathi Kottiyoor

ജല ഉപയോഗം: സ്വയം അളവ് രേഖപ്പെടുത്താൻ സൗകര്യം.

Aswathi Kottiyoor

റെയിൽവേ കോവിഡ്‌ കാലത്ത്‌ നിർത്തലാക്കിയ ആനുകൂല്യങ്ങൾ ഇനിയില്ല: കേന്ദ്രം

Aswathi Kottiyoor
WordPress Image Lightbox