കണ്ണൂര്‍: കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന് കിഴക്കെ കവാടത്തിലെ ടിക്കറ്റ് കൗണ്ടറില്‍ സാധാരണ ടിക്കറ്റ് നല്‍കുന്നത് പുനഃസ്ഥാപിക്കാത്തതിൽ പ്രതിഷേധം ശക്തമാകുന്നു. കോവിഡ് ഇളവുകള്‍ക്ക് ശേഷം നിരവധി ട്രെയിനുകള്‍ക്ക് കണ്ണൂരില്‍ സ്റ്റോപ്പനുവദിച്ചിട്ടുണ്ടെങ്കിലും സാധാരണ ടിക്കറ്റ് നൽകാത്തതാണ് യാത്രക്കാരെ വലയ്ക്കുന്നത്. കൂടാതെ പല ട്രെയിനുകളിലും സാധാരണ ടിക്കറ്റ് പുനഃസ്ഥാപിക്കുകയും ചെയ്തു. എന്നാല്‍, നാലാം പ്ലാറ്റ്ഫോമിലെ അണ്‍റിസര്‍വഡ് ടിക്കറ്റ് കൗണ്ടര്‍ ഇതുവരെ പുനഃസ്ഥാപിച്ചിട്ടില്ല.
നിലവില്‍ രണ്ടു ടിക്കറ്റ് കൗണ്ടര്‍ പ്രവര്‍ത്തിക്കുന്നത് രണ്ടും റിസര്‍വ്ഡ് ടിക്കറ്റ് കൗണ്ടറാണ്. നിരവധി യാത്രക്കാരാണ് കണ്ണൂരില്‍ നിന്നും യാത്രചെയ്യുന്നത്. പ്ലാസ, മുനീശ്വരം കോവില്‍, താവക്കര തുടങ്ങിയ ഭാഗങ്ങളിലെ ഗതാഗതകുരുക്ക് കാരണം പലരും പോലീസ് സ്റ്റേഷന് സമീപമുള്ള റോഡിലൂടെ നാലാം പ്ലാറ്റ്ഫോമിലാണ് വാഹനമിറങ്ങുന്നത്. ഇവിടെ നിന്നും ടിക്കറ്റെടുക്കാന്‍ വരുമ്പോഴാണ് പലരും കൗണ്ടര്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന കാര്യമറിയുന്നത്. ഇതോടെ ടിക്കറ്റെടുക്കാന്‍ പ്രധാന കവാടത്തിലേക്ക് ഓട്ടമാണ്. മൂന്നാം പ്ലാറ്റ്ഫോമില്‍ ട്രെയിൻ കയറേണ്ടയാളാണെങ്കില് പ്രധാനകവാടത്തിലെ ടിക്കറ്റ് കൗണ്ടറില്‍ പോയി ടിക്കറ്റെടുത്ത് കറങ്ങിതിരിഞ്ഞ് വരണം.
ട്രെയിന്‍ നഷ്ടപ്പെടാനും സാധ്യതയുണ്ട്. ടിക്കറ്റ് കൗണ്ടര്‍ പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് നോര്‍ത്ത് മലബാര്‍ റെയില്‍വേ പാസഞ്ചേഴ്സ് കോർഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കത്തു നല്‍കിയെങ്കിലും മറുപടി ലഭിച്ചിട്ടില്ലെന്ന് കമ്മിറ്റി ചെയര്മാന് റഷീദ് കവ്വായി പറഞ്ഞു. രണ്ട് ടിക്കറ്റ് കൗണ്ടര്‍ വേണമെന്ന ആവശ്യവും ഇവര്‍ ഉന്നയിക്കുന്നുവുണ്ട്.