23.1 C
Iritty, IN
September 16, 2024
  • Home
  • Kerala
  • പരമ്പരാഗത ഉൽപ്പന്ന വിപണനത്തിന്‌ ഓൺലൈൻ പ്ലാറ്റ്ഫോം ഉടൻ: മന്ത്രി രാജീവ്‌
Kerala

പരമ്പരാഗത ഉൽപ്പന്ന വിപണനത്തിന്‌ ഓൺലൈൻ പ്ലാറ്റ്ഫോം ഉടൻ: മന്ത്രി രാജീവ്‌

മുള ഉൽപ്പന്നങ്ങൾ, പനമ്പ്, -കയർ തുടങ്ങിയ പരമ്പരാഗത ഉൽപ്പന്നങ്ങളുടെ വിപണനത്തിനായി ഓൺലൈൻ പ്ലാറ്റ്ഫോം ആരംഭിക്കുമെന്ന് വ്യവസായമന്ത്രി പി രാജീവ് പറഞ്ഞു. കേരള ബാംബൂ ഫെസ്റ്റ് കൊച്ചിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഡിജിറ്റൽ യൂണിവേഴ്‌സിറ്റി പരമ്പരാ​ഗത ഉൽപ്പന്നങ്ങളുടെ ഓൺലൈൻ വിപണനസാധ്യത പഠിച്ച്‌ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. സംഭരണവും ലോജിസ്റ്റിക്‌സും വെല്ലുവിളിയാണെങ്കിലും ഓൺലൈന്‍ വിപണനം ഉറപ്പാക്കാനാകും. ഉൽപ്പന്നങ്ങൾ നിർമിക്കാന്‍ മുള ലഭ്യമല്ലെന്നത് വെല്ലുവിളിയാണ്‌. അലിഗഢ്‌ സർവകലാശാലയുടെ കേരള ക്യാമ്പസിൽ 300 ഏക്കറിൽ 15,000 മുള നട്ടുപിടിപ്പിച്ചിട്ടുണ്ട്. ഇതേമാതൃകയിൽ ജനകീയപങ്കാളിത്തത്തോടെ മുള വച്ചുപിടിപ്പിക്കണം. സംസ്ഥാനത്ത് ബാംബൂ കോർപറേഷന്റെ അഞ്ച് സ്ഥിരം സ്റ്റോറുകൾ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.ടി ജെ വിനോദ് എംഎൽഎ അധ്യക്ഷനായി. മേയർ എം അനിൽകുമാർ മുഖ്യപ്രഭാഷണം നടത്തി. കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ‘ഇൻട്രൊഡക്‌ഷൻ ടു സം ബാംബൂസ് ഓഫ് കേരള’ എന്ന പുസ്തകം വ്യവസായ സെക്രട്ടറി എസ് ഹരികിഷോറിന് നൽകി പി രാജീവ് പ്രകാശിപ്പിച്ചു. ‘മലമുഴക്കി’ എന്ന മ്യൂസിക്‌ ബാൻഡിന്റെ ഉദ്‌ഘാടനവും മന്ത്രി നിർവഹിച്ചു. കെഎഫ്‌ആർഐ ഡയറക്ടർ ഡോ. ശ്യാം വിശ്വനാഥ്, ബാംബൂ കോർപറേഷൻ എംഡി അബ്ദുൽ റഷീദ്, ജില്ലാ വ്യവസായകേന്ദ്രം ജനറൽ മാനേജർ ബിജു പി എബ്രഹാം, കെ -ബിപ്പ് സിഇഒ എസ് സൂരജ് എന്നിവർ സംസാരിച്ചു.

ഇരുനൂറു കരകൗശലത്തൊഴിലാളികളും ഒമ്പത് സ്ഥാപനങ്ങളും മേളയില്‍ പങ്കെടുക്കുന്നുണ്ട്. ബാംബൂ കോര്‍പറേഷന്‍, കെഎഫ്‌ആർഐ, വനംവകുപ്പ്‌, കരകൗശല വികസന കോര്‍പറേഷന്‍ എന്നിവയുടെ സ്റ്റാളുകളുമുണ്ട്. ബാംബൂ കോര്‍പറേഷന്റെ ‘മുളക്കുടിലാ’ണ്‌ മേളയിലെ പ്രധാന ആകര്‍ഷണം. മുളകൊണ്ടുള്ള വീട്ടുപകരണങ്ങൾ, കരകൗശല ഉല്‍പ്പന്നങ്ങള്‍, ആഭരണങ്ങള്‍, പുല്‍ക്കൂട്, നക്ഷത്രം, മുളയരികൊണ്ടുള്ള ഭക്ഷ്യവിഭവങ്ങള്‍ എന്നിവയും ലഭിക്കും. പകൽ 11 മുതല്‍ രാത്രി എട്ടുവരെയാണ് പ്രവേശനം. മേള 23ന് സമാപിക്കും.

Related posts

വ്യാജ വാർത്തകൾ കേന്ദ്രസർക്കാറിന് ഒറ്റക്ക് നിശ്ചയിക്കാനാവില്ലെന്ന് എഡിറ്റേഴ്സ് ഗിൽഡ്

Aswathi Kottiyoor

ദ്വിദിന ദേശീയ പണിമുടക്ക്; സി.ഐ.ടി.യു നിടുംപൊയില്‍ മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നിടുംപൊയില്‍ ടൗണില്‍ ധര്‍ണ്ണ നടത്തി

Aswathi Kottiyoor

രാജ്യത്ത് കോവിഡ് വാക്സിനേഷൻ 190 കോടി കവിഞ്ഞു

WordPress Image Lightbox