രണ്ട് ഡോസ് കോവിഡ് വാക്സിനെടുത്തവര്‍ക്കും 72 മണിക്കൂറിനുള്ളിലെ ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്കും സാധാരണ രീതിയില്‍ ശബരിമലയില്‍ പ്രവേശനം അനുവദിക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപെട്ടിട്ടുണ്ടെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. കെ അനന്തഗോപന്‍. രണ്ട് ഡോസ് വാക്സിന്‍ എടുത്തവരാണ് വെര്‍ച്വല്‍ ക്യൂ വഴി ബുക്ക് ചെയ്യുന്നത്. ഇതാണ് പൊതുമാനദണ്ഡം. എന്നാല്‍ സാധാരണക്കാര്‍ ഓണ്‍ലൈന്‍ ബുക്കിങിന് വലിയ വിമുഖത കാട്ടുന്നുണ്ട്. സ്പോട്ട് ബുക്കിങും കുറവാണ്. 50000 പേര്‍ക്ക് അനുമതിയുണ്ടെങ്കിലും ശരാശരി 39000 പേരെ എത്തുന്നുള്ളു.
ശബരിമലയിലെത്തിയതിനാല്‍ ആര്‍ക്കും കോവിഡ് റിപ്പോര്‍ട്ട് ചെയ്തതായി അറിവില്ല. ഇത് പരിഗണിച്ച് വെര്‍ച്വല്‍ ക്യൂ നിലനിര്‍ത്തിക്കൊണ്ട് തന്നെ വാക്സിന്‍ എടുത്തവര്‍ക്ക് സാധാരണരീതിയില്‍ ദര്‍ശനം സാധ്യമാക്കിക്കൂടെയെന്ന് ദേവസ്വം ബോര്‍ഡ് ആവശ്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെടുത്തിയിട്ടുണ്ട്. സന്നിധാനത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അഡ്വ. കെ അനന്തഗോപന്‍.
തീര്‍ഥാടകര്‍ക്ക് നേരിട്ട് നെയ്യഭിഷേകത്തിന് സൗകര്യം നിലവിലില്ല. ദേവസ്വം ബോര്‍ഡ് കൗണ്ടര്‍ വഴിയാണ് നെയ്യ് നല്‍കുന്നത്. ഇത് ഒഴിവാക്കി നേരിട്ട് നെയ്യഭിഷേകത്തിന് അനുമതി നല്‍കണമെന്നും ആവശ്യപെട്ടിട്ടുണ്ട്. ഇതിന് ഉടന്‍ അനുകൂല നിലപാടുണ്ടാകുമെന്നാണ് പ്രതീക്ഷ. പുല്ലുമേട് വഴി ശബരിമലയിലെത്താനും അനുമതി തേടിയിട്ടുണ്ട്. കാനനപാത കാട് മൂടി കിടക്കുകയാണ്. ധാരാളം വന്യമൃഗശല്യവുമുണ്ട്. ഇത് പൂര്‍വസ്ഥിതിയിലാക്കാന്‍ ശ്രമം തുടരുകയാണ്. ഇതിലൂടെയും തീര്‍ഥാടകര്‍ക്ക് വരാന്‍ സാധിക്കണമെന്നാണ് ദേവസ്വം ബോര്‍ഡിന്റെ ആഗ്രഹം.
മണ്ഡലകാലം 33 ദിവസം പിന്നിട്ടപ്പോള്‍ ഏഴ് ലക്ഷം അയ്യപ്പന്‍മാര്‍ ശബരിമലയിലെത്തി. വരുമാനം 55 കോടി കവിഞ്ഞു. എന്നാല്‍ ചെലവും കൂടിയിട്ടുണ്ട്. 2019 ല്‍ ഈ സമയം 118 കോടിയായിരുന്നു വരുമാനം. ഭണ്ഡാരത്തില്‍ കുറച്ച് നടവരവ് കൂടി എണ്ണിത്തിട്ടപെടുത്താന്‍ ഉണ്ട്. ഭണ്ഡാരത്തില്‍ എണ്ണിത്തിട്ടപെടുത്തിയ നോട്ടുകളില്‍ പിശക് വന്നത് സംബന്ധിച്ച് ദേവസ്വം വിജിലന്‍സ് അന്വേഷിക്കും. റിപ്പോര്‍ട്ട് കിട്ടിയാലുടന്‍ നടപടിയുണ്ടാകും. ഒന്നിനെയും ദേവസ്വം ബോര്‍ഡ് നിസാരമായി കാണുന്നില്ല. തീര്‍ഥാടകരുമായി ആന്ധ്രാപ്രദേശ് സര്‍ക്കാരിന്റെ 400 ബസുകള്‍ ശബരിമലയിലേക്ക് സര്‍വീസ് നടത്തും. ഇത് സംബന്ധിച്ച് അവരുടെ കത്ത് ലഭിച്ചിരുന്നു. അവര്‍ക്ക് നിലയ്ക്കലില്‍ എല്ലാ സൗകര്യങ്ങളും ചെയ്ത് കൊടുക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
അപ്പം നിര്‍മാണത്തില്‍ കരാറുകാരന്റെ അനാസ്ഥമൂലം ജോലിക്ക് ആളുകള്‍ കുറവുണ്ടായിരുന്നു. ഇതിന് പരിഹാരമായി ഒരു കരാറുകാരനെ കൂടി ബോര്‍ഡ് കണ്ടെത്തിയിട്ടുണ്ട്. ഹൈക്കോടതി അനുമതിയും ഇതിന് ലഭിച്ചു. അപ്പം നിര്‍മ്മാണത്തിലെ വേഗക്കുറവിന് ഇതോടെ പരിഹാരമാകുമെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറഞ്ഞു.