കണ്ണൂർ: കണ്ണൂർ സർവകലാശാല അത് ലറ്റിക് മീറ്റിന് ആവേശോജ്ജ്വലമായ തുടക്കം. രണ്ടു ദിവസങ്ങളിലായി നടക്കുന്ന മേളയില്‍ അമ്പതോളം കോളജുകളില്‍ നിന്നായി ആയിരത്തോളം വിദ്യാര്‍ഥികളാണ് പങ്കെടുക്കുന്നത്. ആദ്യ ദിവസം നടന്ന 10,000 മീറ്റര്‍ പുരുഷ വിഭാഗം ക്രോസ് കൺട്രി മത്സരത്തില്‍ മുന്നാട് പീപ്പിള്‍സ് ആര്‍ട്സ് ആൻഡ് സയന്‍സ് കോളജ് വിദ്യാര്‍ഥി കെ.എസ് വിഷ്ണുപ്രസാദ് ഒന്നാം സ്ഥാനം നേടി.
മാങ്ങാട്ടുപറമ്പ സ്കൂള്‍ ഓഫ് ഫിസിക്കല്‍ എഡ്യുക്കേഷന്‍ ആൻഡ് സ്പോര്‍ട്സ് സയന്‍സ് കോളജ് വിദ്യാര്‍ഥി നിതിന്‍ നായ്ക്ക് രണ്ടും കണ്ണൂര്‍ ശ്രീനാരായണ കോളജ് വിദ്യാര്‍ഥി കെ.കെ മുഹമ്ദ് സബീല്‍ മൂന്നാം സ്ഥാനവും നേടി. വനിതാ വിഭാഗത്തില്‍ തളിപ്പറമ്പ് കേയിസായിബ് ട്രെയിനിംഗ് കോളജ് വിദ്യാര്‍ഥിനി പി. സ്നേഹയ്ക്കാണ് ഒന്നാം സ്ഥാനം. മാടായി സിഎഎസ് കോളജ് വിദ്യാര്‍ഥിനി വിഷ്ണു പ്രിയ ബൈജു, ഇരിട്ടി മഹാത്മാഗാന്ധി കോളജ് വിദ്യാര്‍ഥിനി കെ.കെ. അയന എന്നിവര്‍ യാഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. മീറ്റ് ഉദ്ഘാടനം ചെയ്ത മന്ത്രി എം.വി. ഗോവിന്ദൻ മെഡലുകളും വിതരണം ചെയ്തു.