23.8 C
Iritty, IN
July 5, 2024
  • Home
  • Kerala
  • യുവാക്കളുടെ തൊഴിൽ മികവിൽ കേരളം മൂന്നാം സ്ഥാനത്ത്.
Kerala

യുവാക്കളുടെ തൊഴിൽ മികവിൽ കേരളം മൂന്നാം സ്ഥാനത്ത്.

രാജ്യത്തു തൊഴിൽ നൈപുണ്യമുള്ള യുവാക്കളിൽ കേരളം മൂന്നാമത്. 2016 മുതൽ നടക്കുന്ന ഇന്ത്യ സ്കിൽ സർവേയിൽ ആദ്യ പത്തിൽ പോലും എത്താതിരുന്ന കേരളം ആദ്യമായാണു മൂന്നാം സ്ഥാനത്തെത്തിയത്. ഒന്നാം സ്ഥാനം മഹാരാഷ്ട്രയ്ക്കും രണ്ടാം സ്ഥാനം ഉത്തർപ്രദേശിനുമാണ്. കേരളത്തിൽ 64.2% ഉദ്യോഗാർഥികളും ഉയർന്ന തൊഴിൽ നൈപുണ്യം ഉള്ളവരാണെന്നു സർവേ പറയുന്നു.
കേന്ദ്ര തൊഴിൽ വകുപ്പിന്റെ നേതൃത്വത്തിൽ കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി (സിഐഐ) വിവിധ സർവകലാശാലകളുടെയും വ്യവസായ സ്ഥാപനങ്ങളുടെയും സഹകരണത്തോടെയാണു സർവേ നടത്തുന്നത്.

ഇംഗ്ലിഷ് ഭാഷാ വൈദഗ്ധ്യത്തിന്റെ കാര്യത്തിൽ മികച്ച 10 സംസ്ഥാനങ്ങളിൽ ഇടം നേടിയ കേരളം, കംപ്യൂട്ടർ വൈദഗ്ധ്യത്തിലും കണക്കിലും പിന്നിലാണ്. തൊഴിൽ മികവുള്ളവർ ഉണ്ടെങ്കിലും കേരളത്തിൽ തൊഴിലവസരം വളരെ കുറവാണെന്ന ആശങ്കയും സർവേ പങ്കുവയ്ക്കുന്നു. മഹാരാഷ്ട്ര, കർണാടക, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളാണ് രാജ്യത്ത് ഏറ്റവും കൂടുതൽ തൊഴിലവസരം നൽകുന്നത്.

ഇന്ത്യയിലെ പ്രധാന നഗരങ്ങളില്ലെല്ലാം തൊഴിൽ ചെയ്യുന്നതിൽ മുന്നിൽ മലയാളികളാണെന്നും സർവേ വ്യക്തമാക്കുന്നു. കേരളത്തിൽ തൊഴിൽ നൈപുണ്യമുള്ളവരെ കൂടുതൽ സംഭാവന ചെയ്യുന്നത് തിരുവനന്തപുരം, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട് ജില്ലകളാണ്. മികവിനു പിന്നിൽ അസാപിന്റെ പ്രവർത്തനമാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

രാജ്യത്ത് തൊഴിൽ നൈപുണ്യമുള്ള ബിരുദധാരികളുള്ള നഗരങ്ങളുടെ പട്ടികയിൽ തിരുവനന്തപുരം മൂന്നാമതെത്തി. പുണെ, ലക്നൗ നഗരങ്ങളാണ് ഒന്നും രണ്ടും സ്ഥാനത്ത്. യുവാക്കൾക്കും യുവതികൾക്കും ജോലിചെയ്യാൻ ഇഷ്ടമുള്ള നഗരമായി കണ്ടെത്തിയത് ബെംഗളൂരുവാണ്. സ്ത്രീകൾക്കു ജോലിചെയ്യാൻ കൂടുതൽ ഇഷ്ടം ബെംഗളൂരുവിനു പുറമേ കൊച്ചിയും ഹൈദരാബാദും. കൂടുതൽ തൊഴിൽ നൈപുണ്യമുള്ള സ്ത്രീകൾ ഉള്ളതു തെലങ്കാന, കർണാടക, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ. നൈപുണ്യമുള്ള പുരുഷന്മാർ മഹാരാഷ്ട്ര, ഉത്തർപ്രദേശ്, കേരളം എന്നിവിടങ്ങളിൽ.

2021 ലെ കണക്കുകൾ പ്രകാരം ബിരുദധാരികളായ വനിതകൾക്കാണ് കൂടുതൽ തൊഴിൽ ലഭിച്ചത്– 41%. പുരുഷ ബിരുദധാരികൾക്ക് 39%. 2014 മുതൽ 2021 വരെ വനിതകൾക്കാണ് രാജ്യത്ത് കൂടുതൽ തൊഴിൽ അവസരം ലഭിച്ചത്. ഐടി മേഖലയിലാണ് സ്ത്രീ തൊഴിലാളികളുടെ പങ്കാളിത്തം കൂടുതൽ– 54.5%.

കൂടുതൽ അവസരം ബിടെക്കുകാർക്ക്

രാജ്യത്ത് കഴിഞ്ഞ വർഷങ്ങളിൽ ഐടി മേഖലയിലാണ് കൂടുതൽ തൊഴിലവസരം ഉണ്ടായത്– 47%. കൂടുതൽ അവസരം ലഭിച്ചത് ബിടെക് ബിരുദധാരികൾക്ക്. രണ്ടാമത് എംബിഎ ബിരുദധാരികൾ. പിന്നീട് ആർട്സ്, ബികോം, ഐടിഐ, ബിഎസ്‌സി, എംസിഎ, പോളിടെക്നിക്, ബിഫാം എന്നീ ക്രമത്തിൽ.

Related posts

ലോക ഉപഭോക്തൃ അവകാശ ദിനാചരണം ഇന്ന് (മാർച്ച് 15)

Aswathi Kottiyoor

കേരള -കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽമോശം കാലാവസ്ഥ : മത്സ്യബന്ധനം പാടില്ലെന്ന് മുന്നറിയിപ്പ്

Aswathi Kottiyoor

പണമിടപാടിനെച്ചൊല്ലി തര്‍ക്കം;യുവാവ് കുത്തേറ്റ് മരിച്ചു

Aswathi Kottiyoor
WordPress Image Lightbox