27.8 C
Iritty, IN
July 7, 2024
  • Home
  • Kerala
  • ഏകീകൃത ആരാധനാക്രമം: ഇളവു സാധ്യമല്ലെന്ന് പൗരസ്ത്യ തിരുസംഘം മേധാവി.
Kerala

ഏകീകൃത ആരാധനാക്രമം: ഇളവു സാധ്യമല്ലെന്ന് പൗരസ്ത്യ തിരുസംഘം മേധാവി.

സിറോ മലബാർ സഭയുടെ ഏകീകൃത ആരാധന‌ാക്രമം നടപ്പാക്കുന്നതിൽ നിന്ന് ഒരു രൂപതയ്ക്കു മുഴുവനായി ഇളവു സാധ്യമല്ലെന്ന് വത്തിക്കാനിലെ പൗരസ്ത്യ തിരുസംഘം മേധാവി കർദിനാൾ ലിയനാർദോ സാന്ദ്രിയുടെ കത്ത്. സിറോ മലബാർ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്ക് കഴിഞ്ഞ 9ന് അയച്ച കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
നവംബർ 29ന് സ്ഥിരം സിനഡും അതിന്റെ തുടർച്ചയായി ഡിസംബർ 4ന് മേജർ ആർച്ച്ബിഷപ്പും അയച്ച കത്തുകളുടെ തുടർ നടപടി എന്ന നിലയ്ക്കാണു കർദിനാൾ സാന്ദ്രിയും പൗരസ്ത്യ തിരുസംഘം സെക്രട്ടറി ബിഷപ് ജ്യോർജിയോ ദിമിത്രിയോ ഗലാറോയും ഒപ്പുവച്ച കത്ത്. രൂപതയ്ക്കു മുഴുവനായി ഇളവു സാധ്യമല്ലെന്ന വിവരം എറണാകുളം–അങ്കമാലി അതിരൂപതാ ആർച്ച്ബിഷപ് മാർ ആന്റണി കരിയിലിനെ അറിയിച്ചിട്ടുണ്ടെന്നും കർദിനാളിനുള്ള കത്തിൽ പറയുന്നു.

എറണാകുളം–അങ്കമാലി അതിരൂപതയിൽ ജനാഭിമുഖ കുർബാന തുടരാമെന്ന് ആർച്ച്ബിഷപ് മാർ കരിയിൽ പ്രഖ്യാപിച്ചിരുന്നു. പുതിയ കുർബാനക്രമം നടപ്പാക്കുന്നതിൽനിന്നു കാനൻ 1538 പ്രകാരം ഒഴിവു നൽ‍കുന്നതായിട്ടാണ് അദ്ദേഹം നവംബർ 26നു പ്രഖ്യാപിച്ചത്. 2021 നവംബർ 28നു തന്നെ ഈ ഒഴിവു പ്രാബല്യത്തിൽ വരുത്താൻ പൗരസ്ത്യ സഭകൾക്കു വേണ്ടിയുള്ള കാര്യാലയം തന്നെ അധികാരപ്പെടുത്തിയിട്ടുണ്ടെന്നും പറഞ്ഞിരുന്നു. ഓരോ രൂപതയിലെയും വിശ്വാസികളുടെ ആത്മീയ, അജപാലന പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ചുമതല അതതു ബിഷപ്പിനാണെന്നു മാർപാപ്പയും കർദിനാൾ സാന്ദ്രിയും അറിയിച്ചതായി അന്നു മാർ കരിയിൽ പുറപ്പെടുവിച്ച സർക്കുലറിൽ പറഞ്ഞിരുന്നു.

അക്കാര്യങ്ങൾ നിയമവിരുദ്ധമാണെന്നു പിന്നീടു സഭയുടെ സ്ഥിരം സിനഡ് പൗരസ്ത്യ തിരുസംഘത്തിന്റെ ശ്രദ്ധയിൽപ്പെടുത്തി. കുർബാനക്രമത്തിൽ ഇളവു നൽകുന്നതു സംബന്ധിച്ചു വ്യക്തത ആവശ്യപ്പെടുകയും ചെയ്തു. അതിന്മേലുള്ള നടപടി എന്ന നിലയ്ക്കാണ് 9ന് ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി വഴി പൗരസ്ത്യ തിരുസംഘത്തിന്റെ കത്ത് മേജർ ആർച്ച് ബിഷപ്പിന് അയച്ചുകൊടുത്തത്.

സിനഡ് അംഗീകരിച്ചതും മേജർ ആർച്ച് ബിഷപ് കൽപനയായി പുറത്തിറക്കിയതുമായ ആരാധനാക്രമത്തിൽ രൂപതയ്ക്കു മുഴുവനായി ഇളവു നൽകാൻ കാനൻ 1538 ഉപയോഗിക്കാനാവില്ലെന്ന് കർദിനാൾ സാന്ദ്രി വ്യക്തമാക്കിയതായി കർദിനാൾ മാർ ആലഞ്ചേരി ഇന്നലെ ബിഷപ്പുമാർക്കു നൽകിയ കുറിപ്പിൽ പറയുന്നു. സിനഡ് അംഗീകരിച്ച ആരാധനാക്രമം അനുസരിക്കുന്നതിൽ നിന്ന് ആരെയും വിലക്കാൻ പാടില്ലെന്നും പൗരസ്ത്യതിരുസംഘം നിർദേശിച്ചതായും പറയുന്നു.

സിറോ മലബാർ സഭയിലെ പുതിയ കുർബാനക്രമം നടപ്പാക്കുന്നതിൽ നിന്ന് ഒഴിവുനൽകിയതിന്റെ പശ്ചാത്തലം ആർച്ച്ബിഷപ് മാ‍ർ ആന്റണി കരിയിൽ പൗരസ്ത്യ തിരുസംഘം മേധാവി കർദിനാൾ ലിയനാർദോ സാന്ദ്രിയോടു വിശദീകരിച്ചതായി എറണാകുളം–അങ്കമാലി അതിരൂപത പത്രക്കുറിപ്പിൽ അറിയിച്ചു. കർദിനാൾ സാന്ദ്രി അയച്ച കത്ത് ആർച്ച്ബിഷപ് മാർ ആന്റണി കരിയിലിനു ഡിസംബർ 9നു ലഭിച്ചതായി അതിരൂപത പിആർഒ അറിയിച്ചു.

Related posts

ശ്രീ​ല​ങ്ക​യി​ൽ​നി​ന്ന് അ​ഭ​യാ​ർ​ഥി പ്ര​വാ​ഹ​ത്തി​ന് സാ​ധ്യ​ത; മു​ന്ന​റി​യി​പ്പു​മാ​യി ത​മി​ഴ്നാ​ട് പോ​ലീ​സ്

Aswathi Kottiyoor

ഫാക്ട് അമോണിയം പ്ലാന്റിൽ പൊട്ടിത്തെറി ; 12 കോടി നഷ്ടം ; പ്ലാന്റ്‌ അടച്ചു

Aswathi Kottiyoor

പാ​ച​ക വാ​ത​ക വി​ല വ​ർ​ധി​പ്പി​ച്ചു

Aswathi Kottiyoor
WordPress Image Lightbox