കേളകം: ശാന്തിഗിരി കൈലാസംപടി ഭാഗത്തെ വിള്ളലുകൾ വന്ന വീടുകളും കൃഷിഭൂമികളും സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റി വിദഗ്ധ സംഘം ഇന്നലെ സന്ദർശിച്ചു. പ്രദേശത്ത് ദിവസങ്ങളോളം വിശദമായ പഠനം ആവശ്യമാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഇതിനായി റിപ്പോർട്ട് നൽകും. വേഗത്തിൽ പഠനം പൂർത്തിയാക്കി തുടർനടപടികൾ സ്വീകരിക്കുമെന്നും വിദഗ്ധർ പറഞ്ഞു. പ്രദേശത്ത് ഓരോ വീടുകളിലുമുള്ള പ്രശ്നങ്ങൾ, നീർച്ചാലുകളുടെ വിന്യാസം അടക്കമുള്ളവയും വിശദ പഠനങ്ങൾക്ക് വിധേയമാക്കേണ്ടതുണ്ട്. പ്രാഥമിക പഠനത്തിൽ വ്യാപകമായി വീടുകളിൽ വിള്ളലുകൾ ഉണ്ടെന്നാണ് മനസിലാകുന്നത്. ഇതിന്റെ കാരണങ്ങൾ കണ്ടെത്തുന്നതിനായി ഘട്ടംഘട്ടമായി പ്രദേശത്ത് ക്യാമ്പ് ചെയ്ത് വിശദ പഠനങ്ങൾ നടത്തേണ്ടതുണ്ടെന്നും സംഘം പറഞ്ഞു. വിള്ളൽ വീണ് ആളുകളെ മാറ്റിപ്പാർപ്പിച്ച വീടുകൾ, കഴിഞ്ഞ മാസം ഗർത്തം കണ്ടെത്തിയ കളപ്പുരയ്ക്കൽ ജോണിന്റെ വീട് തുടങ്ങിയ സ്ഥലങ്ങളിൽ സംഘം സന്ദർശനം നടത്തി. കഴിഞ്ഞ മാസം വീടിനുള്ളിൽ ഗർത്തം കണ്ടെത്തിയതിനെത്തുടർന്ന് പ്രദേശത്തെ ജനങ്ങളുടെ നേതൃത്വത്തിൽ കർമസമിതി രൂപവത്കരിച്ച് കളക്ടർ, മുഖ്യമന്ത്രി തുടങ്ങിയവർക്ക് പരാതി നൽകിയിരുന്നു. തുടർന്നാണ് സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റി ഹസാർഡ് ആൻഡ് റിസ്ക് അനലിസ്റ്റ് ജി.എസ്. പ്രദീപ്, ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങളിലെ വീടുനിർമാണ പഠന വിദഗ്ധ സമിതി അംഗം ഡോ. എസ്. ശ്രീകുമാർ, കെഎസ്ഡിഎംഎ ഹസാർഡ് അനലിസ്റ്റ് ആർ.എസ്. അജിൻ, ജില്ലാ ദുരന്തനിവാരണ അഥോറിറ്റി ഹസാർഡ് അനലിസ്റ്റ് സി. ശിൽപ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘം പഠനത്തിനെത്തിയത്. കേളകം പഞ്ചായത്ത് പ്രസിഡന്റ് സി.ടി. അനീഷ്, പഞ്ചായത്തംഗങ്ങളായ ടോമി പുളിക്കക്കണ്ടം, സജീവൻ പാലുമ്മി, ഇരിട്ടി തഹസിൽദാർ സി.വി. പ്രകാശന്റെ നേതൃത്വത്തിലുള്ള റവന്യുസംഘം എന്നിവരും പങ്കെടുത്തു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സന്തോഷ് മണ്ണാർകുളം, സിപിഎം അടക്കാത്തോട് ലോക്കൽ സെക്രട്ടറി ജോർജുകുട്ടി കുപ്പക്കാട് തുടങ്ങിയവരുടെ നേതൃത്വത്തിൽ കാര്യങ്ങൾ വിശദീകരിച്ചു.