കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോൺ, ഡെൽറ്റ വകഭേദത്തേക്കാൾ ഗുരുതരമല്ലെന്ന് പ്രമുഖ യുഎസ് ശാസ്ത്രജ്ഞനും പ്രസിഡന്റ് ജോ ബൈഡന്റെ മുഖ്യ ആരോഗ്യ ഉപദേഷ്ടാവുമായ ആന്റണി ഫൗസി. ഒമിക്രോണിന് തീവ്രത കുറവായിരിക്കുമെന്നതിന് ചില കാരണങ്ങളുണ്ട്. ദക്ഷിണാഫ്രിക്കയിലെ കണക്കുകൾ പരിശോധിക്കുമ്പോൾ കേസുകളുടെ എണ്ണവും ആശുപത്രിയിൽ പ്രവേശിപ്പിച്ചവരുടെ എണ്ണവും തമ്മിലുള്ള അനുപാതം ഡെൽറ്റയേക്കാൾ കുറവാണ്.എന്നാൽ ഈ കണക്കുകളെ അമിതമായി വ്യാഖ്യാനിക്കാതിരിക്കേണ്ടത് പ്രധാനമാണ്. ഗുരുതരമായ രോഗം രൂപപ്പെടാൻ ആഴ്ചകൾ എടുത്തേക്കാം. നവംബറിൽ ഒമിക്രോൺ ആദ്യമായി റിപ്പോർട്ട് ചെയ്ത ദക്ഷിണാഫ്രിക്കയിൽ രോഗതീവ്രത സ്ഥിരീകരിക്കാൻ കുറഞ്ഞത് ഇനിയും രണ്ടാഴ്ച കൂടിയെങ്കിലും എടുക്കുമെന്ന് കരുതുന്നു.
അപ്പോൾ ലോകത്തിന്റെ മറ്റു ഭാഗങ്ങളിൽ കേസുകൾ ഉണ്ടാകുമ്പോൾ, തീവ്രതയുടെ തോത് വിലയിരുത്താൻ കൂടുതൽ സമയമെടുത്തേക്കാം. കൂടുതൽ കഠിനമായ രോഗത്തിന് കാരണമാകാത്തതും, ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെയും മരണങ്ങളുടെയും കുതിച്ചുചാട്ടത്തിലേക്ക് നയിക്കാത്തതുമായ വൈറസാണിത്. ഏറ്റവും മോശമായ സാഹചര്യം വരുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.