24.7 C
Iritty, IN
July 2, 2024
  • Home
  • Kerala
  • കുർബാന ഏകീകരണ വിവാദം പുതിയ തലത്തിലേക്ക്.
Kerala

കുർബാന ഏകീകരണ വിവാദം പുതിയ തലത്തിലേക്ക്.

സിറോ മലബാർസഭയിലെ കുർബാന ഏകീകരണ വിവാദം കൂടുതൽ തുറന്നപോരിലേക്ക്. മാർപാപ്പയുടെ തീരുമാനത്തെപ്പോലും വെല്ലുവിളിക്കുന്ന മേജർ ആർച്ചുബിഷപ്പിന്റെ പേര് കുർബാനയിൽ പറയുന്നതിൽ മനസ്സാക്ഷിപ്രശ്നമുണ്ടെന്നു സിറിയൻ കാത്തലിക് ലിറ്റർജിക്കൽ ഫോറം പ്രസ്താവനയിറക്കിയതാണ് ഏറ്റവുമൊടുവിലത്തെ സംഭവം. വിവിധ രൂപതകളിലെ വൈദികരുടെ നേതൃത്വത്തിലുള്ളതാണ് ഈ സംഘടന.

കാനോനികനിയമം 1538 പ്രകാരം കുർബാന ഏകീകരണത്തിൽനിന്ന് ഇളവുകൊടുത്ത മാർപാപ്പയെയും പൗരസ്ത്യ തിരുസംഘത്തെയും കുറ്റപ്പെടുത്തുകയാണ് സിറോ മലബാർ മീഡിയകമ്മിഷൻ ചെയ്തതെന്ന് ഫോറം ആരോപിച്ചു. ഫരീദാബാദ് രൂപതയിലെ ഇപ്പോഴത്തെ പ്രശ്നങ്ങൾക്കു കാരണം സഭാനേതൃത്വമാണെന്നും ഫാ.ജോൺ അയ്യങ്കാനായിൽ, ഫാ.രാജൻ പുന്നയ്ക്കൽ എന്നിവർ പ്രസ്താവനയിൽ കുറ്റപ്പെടുത്തി.

ഇക്കഴിഞ്ഞ ജൂലായ് മൂന്നിനു ഫ്രാൻസിസ് മാർപാപ്പയുടെ പേരിൽവന്ന കത്തിലെ വാചകങ്ങൾ ബോധപൂർവം തെറ്റായി വ്യാഖ്യാനിച്ചുവെന്നാരോപിച്ച് എറണാകുളം- അങ്കമാലി അതിരൂപതയുടെ മുഖപത്രമായ ‘സത്യദീപ’വും രംഗത്തെത്തി. ‘കത്തിനെ കല്പനയാക്കിയ കൗടില്യം’ എന്ന തലക്കെട്ടിലുള്ള കവർസ്റ്റോറിയാണ് ഗുരുതര ആരോപണങ്ങൾ ഉന്നയിക്കുന്നത്.

വത്തിക്കാനിൽനിന്നു വന്ന കത്തിനെ ആദ്യം കല്പനയായും പിന്നെ തിരുവെഴുത്തായും ഒടുവിൽ ആഹ്വാനമായും മാറ്റിപ്പറഞ്ഞ് സഭാനേതൃത്വം അപഹാസ്യമായെന്നു സത്യദീപം കുറ്റപ്പെടുത്തുന്നു. ഫ്രാൻസിസ് മാർപാപ്പയുടെ കത്ത് വിവർത്തനംചെയ്ത് മേജർ ആർച്ചുബിഷപ്പിന്റെ ഇടയലേഖനമായി പുറത്തുവന്നപ്പോൾ ബോധപൂർവം വരുത്തിയ മാറ്റിമറിക്കലുകളോ കൂട്ടിച്ചേർക്കലുകളോവഴി പരിശുദ്ധപിതാവിന്റെ സന്ദേശത്തെപ്പോലും സമൂഹികമാധ്യമത്തിൽ വികലമായി അവതരിപ്പിച്ചെന്നാണ് ഇവരുടെ ആരോപണം.

എറണാകുളം, ഇരിങ്ങാലക്കുട, ഫരീദാബാദ്(ഡൽഹി) രൂപതകളാണ് കുർബാന ഏകീകരണം നടപ്പാക്കാതെ ജനാഭിമുഖ കുർബാന തുടരുന്നത്. ഫരീദാബാദിൽ ഏതാനും പള്ളികളിലെ വിശ്വാസികൾ സിനഡ് തീരുമാനപ്രകാരമുള്ള കുർബാന നടപ്പാക്കാത്തതിൽ പ്രതിഷേധിച്ച് ബിഷപ്പ് മാർ കുര്യാക്കോസ് ഭരണികുളങ്ങരയെ കണ്ടിരുന്നു. എന്നാൽ, ജനാഭിമുഖ കുർബാന ആവശ്യപ്പെടുന്നവരെയും നിഷ്പക്ഷരെയും കേൾക്കേണ്ടതുണ്ടെന്നും വിശദമായതീരുമാനം ആലോചിച്ച് അറിയിക്കുമെന്നും കാണിച്ച് മാർ ഭരണികുളങ്ങര പത്രക്കുറിപ്പിറക്കി. നടപടിക്രമം പഠിക്കാൻ പ്രത്യേകസംഘത്തെയും നിയോഗിച്ചിട്ടുണ്ട്. സഭാനേതൃത്വത്തിന്റെ അറിവോടെയാണ് ഒരുസംഘമാളുകൾ ഡൽഹിയിൽ പ്രശ്നമുണ്ടാക്കുന്നതെന്നാണ് ജനാഭിമുഖ കുർബാനയെ അനുകൂലിക്കുന്നവർ ആരോപിക്കുന്നത്. എന്നാൽ, ഐക്യത്തിനുവേണ്ടിയുള്ള സിനഡ് തീരുമാനം അനുസരിക്കാത്തതിനെതിരേ പ്രതിഷേധങ്ങളുണ്ടാകുക സ്വാഭാവികമാണെന്ന് എതിർപക്ഷത്തുള്ളവർ പറയുന്നു.

Related posts

സര്‍ക്കാര്‍ നിശ്ചയിച്ചത് ചികിത്സാനിരക്കിന് പരിധി; കോവിഡനന്തര ചികിത്സ സൗജന്യമല്ലെന്നത് അടിസ്ഥാനരഹിതം

Aswathi Kottiyoor

സംസ്ഥാനത്ത് കാലവർഷം ദുർബലമാകുന്നു, വരും ദിവസങ്ങളിൽ മഴ കുറഞ്ഞേക്കാം

Aswathi Kottiyoor

നിരത്തുകൾ പോർക്കളങ്ങളല്ല… അഹന്തയും ആക്രോശങ്ങളും മത്സരങ്ങളും നിരത്തിലല്ല വേണ്ടത്; മുന്നറിയിപ്പുമായി കേരള പോലീസ്

Aswathi Kottiyoor
WordPress Image Lightbox