ബുക്ക് ചെയ്യാതെ എത്തുന്നവർക്ക് ശബരിമല ദർശനം ഉറപ്പാക്കി ദേവസ്വം ബോർഡും പൊലീസും നടപടികൾ ലഘൂകരിച്ചതോടെ കൂടുതൽ തീർഥാടകരെത്തുമെന്ന് പ്രതീക്ഷ. ബുക്ക് ചെയ്യാതെ എത്തുന്നവർ നിലയ്ക്കലിലെ സ്പോട് ബുക്കിങ് കൗണ്ടറിൽ എത്തി തിരിച്ചറിയൽ രേഖയായി ആധാർ കാർഡ് കാണിക്കണം.
വെബ് ക്യാമറയിൽ തീർഥാടകന്റെ ചിത്രമെടുത്ത ശേഷം അധികം താമസമില്ലാതെ പാസ് ലഭ്യമാക്കും. ഈ പാസ് പമ്പ ഗണപതി കോവിൽ ഓഡിറ്റോറിയത്തിലെ പൊലീസ് കൗണ്ടറിൽ കാണിച്ചു വേണം സന്നിധാനത്തേക്ക് മലകയറാൻ. 2 ഡോസ് വാക്സീൻ എടുത്തതിന്റെ സർട്ടിഫിക്കറ്റ്, 72 മണിക്കൂറിനുള്ളിൽ എടുത്ത ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് എന്നിവയിൽ ഏതെങ്കിലും ഒന്നു കരുതണം. ഇതും നിലയ്ക്കലിൽ പരിശോധിക്കും. ഇതര സംസ്ഥാനങ്ങളിൽനിന്നു വരുന്ന സംഘങ്ങളിൽ ബുക്കിങ് ഇല്ലാത്ത ഒട്ടേറെപ്പേർ വരുന്നുണ്ട്.
തീർഥാടകർക്ക് 12 മണിക്കൂർ സന്നിധാനത്തെ മുറികളിൽ താമസിക്കാനുള്ള അനുമതി ഉടൻ ലഭ്യമാകുമെന്നാണ് പ്രതീക്ഷ. ഇതിനുള്ള ക്രമീകരണങ്ങളെല്ലാം പൂർത്തിയായി. നെയ്യഭിഷേകവും സാധാരണ പോലെ ആയിട്ടില്ല. പമ്പയിൽ ജലം വലിയതോതിൽ കുറഞ്ഞെങ്കിലും സ്നാനത്തിനുള്ള അനുമതിയും നൽകിയിട്ടില്ല.