ഒമിക്രോൺ വകഭേദം വഴിയുള്ള കോവിഡ് കേസുകൾ കൂടുതൽ രാജ്യങ്ങളിലേക്കു വ്യാപിക്കുമ്പോഴും ആത്മവിശ്വാസം കൈവിടാതെ ഓക്സ്ഫഡ് സർവകലാശാല. ഒമിക്രോണിനെതിരെ തങ്ങളുടെ വാക്സീൻ ഫലപ്രദമാകില്ല എന്നതിനു തെളിവുകൾ നിലവിലില്ലെന്ന് ഓക്സ്ഫഡ് വ്യക്തമാക്കി. അസ്ട്രാസെനക്കയുമായി ചേർന്നു വികസിപ്പിച്ച വാക്സീന്റെ ഫലപ്രാപ്തി ഇന്ത്യയ്ക്കും നിർണായകമാണ്.
ഇതേ വാക്സീനാണ് സീറം ഇൻസ്റ്റിറ്റ്യൂട്ട് കോവിഷീൽഡ് എന്ന പേരിൽ ഇന്ത്യയിൽ ലഭ്യമാക്കുന്നത്. ആവശ്യമായി വന്നാൽ, പുതിയ വകഭേദത്തിനെതിരെ ദ്രുതഗതിയിൽ വാക്സീൻ പുതുക്കാൻ കഴിയുമെന്നും ഓക്സ്ഫഡ് അറിയിച്ചു.
ഇതിനിടെ, വാക്സീൻ ഫലപ്രാപ്തിയുടെ കാര്യത്തിൽ ആശങ്കയറിയിച്ചു വാക്സീൻ കമ്പനിയായ മോഡേണയും മരുന്നു കമ്പനിയായ റീജെനറോണും രംഗത്തെത്തി. പുതിയ വകഭേദത്തിനെതിരെ വാക്സീന്റെ ഫലപ്രാപ്തി സംബന്ധിച്ചു വ്യക്തമായ ഡേറ്റ ലഭിക്കാൻ രണ്ടാഴ്ച കൂടിയെടുത്തേക്കാം. ഗവേഷകർ പങ്കുവയ്ക്കുന്ന വിവരങ്ങൾ ശുഭപ്രതീക്ഷ നൽകുന്നതല്ലെന്ന് മോഡേണ സിഇഒ സ്റ്റെഫാൻ ബാൻസൽ പറഞ്ഞു. തങ്ങളുടെ ആന്റിബോഡി ചികിത്സ ഒമിക്രോണിനു ഫലപ്രദമാകുമോയെന്ന കാര്യത്തിൽ ആശങ്ക പങ്കുവച്ച് റീജെനറോൺ ഫാർമസ്യൂട്ടിക്കൽ കമ്പനിയും രംഗത്തെത്തി.