കണ്ണൂര്‍: അപകടഭീഷണിയുയർത്തി കണ്ണൂര്‍ കോര്പറേഷന് ആസ്ഥാനമന്ദിരം. കാലപ്പഴക്കം കൊണ്ട് ഇടിഞ്ഞുപൊളിഞ്ഞ് വീഴാറായ കെട്ടിടത്തിലാണ് ഇപ്പോൾ കോർപറേഷൻ ഓഫീസ് പ്രവർത്തിക്കുന്നത്. പുതിയ ആസ്ഥാനമന്ദിരത്തിനായുള്ള കാത്തിരിപ്പിന് വർഷങ്ങളുടെ പഴക്കമുണ്ട്. നിലവിലെ ഭരണസമിതി ചുമതലയേറ്റപ്പോള്‍ കോർപറേഷൻ ഓഫീസ് പെയിന്റടിച്ച് പുതുക്കിയിരുന്നു. എന്നാൽ, കോണ്‍ക്രീറ്റ് സീലിംഗുകൾ അടര്‍ന്നുവീണ് അപകടാവസ്ഥയിലാണിപ്പോൾ കെട്ടിടമുള്ളത്. നിലവിലെ ഓഫീസില്‍ ഫയല്‍ വയ്ക്കാന്‍ പോലും സൗകര്യമില്ല. ഒരു മേശയ്ക്കു ചുറ്റും വിവിധ വകുപ്പുകളാണ് പ്രവർത്തിക്കുന്നത്. വിവിധ ആവശ്യത്തിനായി എത്തുന്നവര്‍ക്ക് ഇരിക്കാന്‍പോലും ഓഫീസിനകത്ത് സൗകര്യമില്ല. ആവശ്യത്തിന് വെളിച്ചം പോലുമില്ലാത്ത സ്ഥിതിയാണ്.
കോര്പറേഷന് രൂപീകരിച്ച നാള് മുതല്‍ പുതിയ ആസ്ഥാനമന്ദിരം നിർമിക്കാൻ നീക്കം തുടങ്ങിയിരുന്നു. നിലവിലുള്ള ആസ്ഥാനമന്ദിരം പൊളിച്ചുനീക്കി പുതിയ കെട്ടിടം പണിയുന്നതിനായി പ്ലാനും കെട്ടിടനിര്‍മാണത്തിന് ആവശ്യമായ 55.89 കോടിയുടെ എസ്റ്റിമേറ്റും തയാറാക്കി സര്‍ക്കാരിന് അയച്ചിരുന്നു. പുതിയ കോര്‍പറേഷനുകളും ഗ്രാമപഞ്ചായത്തുകളും നഗരസഭകളും രൂപീകരിച്ചതിനാല്‍ ഇവിടങ്ങളിൽ അടിസ്ഥാന സൗകര്യമൊരുക്കാനായി സർക്കാർ 100കോടി രൂപ വകയിരുത്തിയിരുന്നു.
എന്നാല്‍ കണ്ണൂര്‍ കോര്പറേഷന് ഭരണസമിതി പുതിയ കെട്ടിടനിര്‍മാണമുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചെയ്യുന്നതിന് കിഫ്ബിയെ ചുമതലപ്പെടുത്തുകയായിരുന്നു. ഇത്രയും തുക കോര്പറേഷന് അനുവദിക്കാനാകില്ലെന്നും പ്ലാനും എസ്റ്റിമേറ്റും മാറ്റണമെന്നും കിഫ്ബി ആവശ്യപ്പെട്ടു. ഇതനുസരിച്ച് 30 കോടിയുടെ പദ്ധതി തയാറാക്കി വീണ്ടും കിഫ്ബിക്ക് നല്കി. ഇടതുപക്ഷം കോര്പറേഷന് ഭരിക്കുമ്പോള്‍ പലതവണ കിഫ്ബിയുമായും വകുപ്പ് മന്ത്രിയുമായും ബന്ധപ്പെട്ടപ്പോഴും ഇപ്പോള്‍ അനുവദിക്കാമെന്ന് പറയുകയല്ലാതെ കെട്ടിട നിര്‍മാണത്തിന് അനുമതി നല്‍കിയില്ല.
ഭരണം യുഡിഎഫിന്റെ കൈകളിലെത്തിയതോടെ ആസ്ഥാനമന്ദിര നിര്‍മാണത്തിനായി മുന്‍ മേയര്‍ സുമാ ബാലകൃഷ്ണനും ഡപ്യൂട്ടി മേയര്‍ പി.കെ. രാഗേഷ്, പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ടി.ഒ. മോഹനന്, സെക്രട്ടറി എന്നിവര്‍ മന്ത്രിയെയും കിഫ്ബി ഉദ്യോഗസ്ഥരെയും സമീപിച്ചിരുന്നു. പുതിയ എസ്റ്റിമേറ്റ് തുക പോലും പരിഗണിക്കാനാകില്ലെന്നും വീണ്ടും തുകയും പ്ലാനും മാറ്റാന്‍ നിര്‍ദേശിച്ചതിനെ തുടര്‍ന്ന് 25 കോടിയുടേതാക്കി ചുരുക്കി.
ഈ എസ്റ്റിമേറ്റ് തുകയും ഇതുവരെ പരിഗണിക്കാതെ അനുദിനം നീട്ടിക്കൊണ്ടുപോകുകയായിരുന്നു. പിന്നീട് മേയറായ സി. സീനത്തും ആസ്ഥാന മന്ദിര നിര്‍മാണത്തിനു വേണ്ട നടപടി ത്വരിതപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടെങ്കിലും അതും ഫയലിലൊതുങ്ങുക മാത്രമാണു ചെയ്തത്.