23.6 C
Iritty, IN
July 8, 2024
  • Home
  • Kerala
  • പ്രതിരോധം ഭേദിക്കും, വ്യാപനം കൂടുതൽ; ഒമൈക്രോണിനെ നേരിടാൻ ഒന്നായി ലോകം.
Kerala

പ്രതിരോധം ഭേദിക്കും, വ്യാപനം കൂടുതൽ; ഒമൈക്രോണിനെ നേരിടാൻ ഒന്നായി ലോകം.

ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ പുതിയ ‘ഒമൈക്രോൺ’ (ബി.1.1.529 വകഭേദം) കൊറോണ വൈറസിനു വാക്‌സീന്‍ പ്രതിരോധം മറികടക്കാൻ‌ ശേഷിയുണ്ടെന്നു ശാസ്ത്രജ്ഞർ. ഡെൽറ്റ വകഭേദം നിയന്ത്രിച്ചു വരുന്നതിനു പിന്നാലെ പ്രത്യക്ഷപ്പെട്ട ഒമൈക്രോൺ, ഉണർന്നുവരുന്ന ആഗോള സമ്പദ് വ്യവസ്ഥയ്ക്കും തിരിച്ചടിയായേക്കുമെന്ന് ആശങ്കയുണ്ട്. വീണ്ടും മാരകമായ കോവിഡ് തരംഗമുണ്ടാകുന്നതു തടയുന്നതിനാണു യാത്രനിരോധനം ഉൾപ്പെടെയുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതെന്നാണു ശാസ്ത്രസമൂഹം പറയുന്നത്.ദക്ഷിണാഫ്രിക്കയിൽനിന്ന് 2 വിമാനങ്ങളിലായി ആംസ്റ്റർഡാമിൽ എത്തിയ ഡസനോളം ആളുകൾക്ക് കോവിഡ് ബാധിച്ചെന്ന് ഡച്ച് ആരോഗ്യ അധികൃതർ പറഞ്ഞു. ഒമൈക്രോൺ ആണോ ഇവരെ ബാധിച്ചതെന്നു കണ്ടെത്താൻ വിദഗ്ധ പരിശോധനകൾ തുടരുകയാണ്. അറുന്നൂറോളം യാത്രക്കാരാണ് രണ്ടു വിമാനങ്ങളിലായി വന്നിറങ്ങിയത്. പുതിയ വൈറസ് വകഭേദത്തിന്റെ പശ്ചാത്തലത്തിൽ പരിശോധന കടുപ്പിച്ചതോടെ യാത്രക്കാരെല്ലാം മണിക്കൂറുകളോളം കുടുങ്ങിക്കിടന്നു.

കോവിഡ് പോസിറ്റീവായ യാത്രക്കാരെ ഷിഫോളിലെയും സമീപ പ്രദേശങ്ങളിലെയും ഹോട്ടലുകളിലെ ഐസലേഷൻ കേന്ദ്രങ്ങളിലേക്കു മാറ്റിയെന്നും ഡച്ച് അധികൃതർ വ്യക്തമാക്കി. ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ ബി.1.1.529 വകഭേദം മറ്റ് 5 തെക്കേ ആഫ്രിക്കൻ രാജ്യങ്ങളിൽ കൂടി റിപ്പോർട്ട് ചെയ്തതോടെ ലോകമെങ്ങും ജാഗ്രതയിലാണ്. ബോട്സ്വാന, ലെസോത്തോ, എസ്വാട്ടീനി, സിംബാബ്‌വെ, നമീബിയ എന്നിവയാണ് ഈ രാജ്യങ്ങൾ. ഹോങ്കോങ്, ഇസ്രയേൽ, ബൽജിയം എന്നിവിടങ്ങളിലും വകഭേദം കണ്ടെത്തിയിരുന്നു.ഈ രാജ്യങ്ങളിൽനിന്ന് ഇന്ത്യയിലെത്തുന്നവർക്കും അവരുമായി സമ്പർക്കത്തിലുള്ളവർക്കും കർശന പരിശോധന നടത്താൻ കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്കു നിർദേശം നൽകി. ഈ രാജ്യങ്ങളിൽനിന്നുള്ള യാത്രാ സർവീസുകൾക്ക് അടിയന്തര വിലക്ക് ഏർപ്പെടുത്തണമെന്ന യൂറോപ്യൻ കമ്മിഷൻ നിർദേശം 27 യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ അംഗീകരിച്ചു. യുഎസും യുകെയും സൗദിയും വിലക്ക് പ്രഖ്യാപിച്ചു. വകഭേദം ആശങ്കയുണർത്തുന്നതാണെന്നു ലോകാരോഗ്യ സംഘടന വ്യക്തമാക്കി.മനുഷ്യരുടെ പ്രതിരോധ ശേഷിയെ ഭേദിക്കുന്ന ഒമൈക്രോണിനു മറ്റു വകഭേദങ്ങളേക്കാൾ കൂടുതൽ വ്യാപനശേഷിയുണ്ടെന്നാണു റിപ്പോർട്ട്. വളരെയധികം ജനിതകമാറ്റം (മ്യൂട്ടേഷൻ) സംഭവിച്ചിട്ടുള്ള വകഭേദമാണിതെന്നതും ഗൗരവത്തിലെടുക്കണമെന്നു നെറ്റ്‌‌വർക്ക് ഫോർ ജീനോമിക് സർവൈലൻസ് ഇൻ സൗത്ത് ആഫ്രിക്കയിലെ ടുലിയോ ഡി ഒലിവേറിയ പറഞ്ഞു. കൂടിയ അളവിലുള്ള ജനിതകമാറ്റം വൈറസിനെക്കുറിച്ചുള്ള പ്രവചനങ്ങൾ അസാധ്യമാക്കുന്നതായും ടുലിയോ ചൂണ്ടിക്കാട്ടി.ഡെൽറ്റ ഉൾപ്പെടെ നേരത്തേ പല വൈറസ് വകഭേദങ്ങളിൽ കണ്ടതിനെക്കാളും ജനിതകമാറ്റം ഇതിൽ സംഭവിച്ചിട്ടുണ്ട്. വൈറസിനെ മനുഷ്യകോശത്തിൽ നുഴഞ്ഞുകയറാൻ സഹായിക്കുന്ന സ്പൈക് പ്രോട്ടീനിൽ മാത്രം 32 മാറ്റങ്ങൾ സംഭവിച്ചു. പ്രതിരോധശേഷിയെ മറികടക്കാനും കൂടുതൽ വ്യാപനശേഷിക്കും ഇതു കാരണമാകും. നമ്മൾ കണ്ടതിൽ വച്ച് ഏറ്റവുമധികം മ്യൂട്ടേഷനുണ്ടായ വൈറസാണിതെന്നു യൂണിവേഴ്സിറ്റി വാർവിക്കിലെ വൈറോളജിസ്റ്റ് ലോറൻസ് യങ് അഭിപ്രായപ്പെട്ടു.

Related posts

കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ ബാലവേല വിരുദ്ധ ദിനം ആചരിച്ചു*

Aswathi Kottiyoor

തദ്ദേശ വോട്ടർപട്ടികയിൽ എപ്പോൾ വേണമെങ്കിലും പേരു ചേർക്കുന്നത് പരിഗണനയിൽ

Aswathi Kottiyoor

ബാണാസുര ചിലപ്പനും കാട്ടുനീലിയുമടക്കം വയനാട്ടിൽ കണ്ടെത്തിയത് 177 ഇനം പക്ഷികളെ

Aswathi Kottiyoor
WordPress Image Lightbox