ഇരിട്ടി: പാഴ്‌സൽ കയറ്റിവന്ന ലോറി നിയന്ത്രണം വിട്ട് റോഡിന് കുറുകേ മറിഞ്ഞ് ഒരാൾക്ക് പരിക്കേറ്റു. മട്ടന്നൂർ ഭാഗത്ത് നിന്നും ഇരിട്ടി ഭാഗത്തേക്ക് വരികയായിരുന്ന ലോറിയാണ് കീഴൂർകുന്നിലെ വലിയ വളവിൽ നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിലും റോഡരികിലെ സംരക്ഷണ കൈവരിയിലും ഇടിച്ച് റോഡിന് കുറുകെ മറിഞ്ഞത്. അപകടത്തിൽ ലോറി ഡ്രൈവർ കോഴിക്കോട് സ്വദേശി ബൈജു(45)ന് പരിക്കേറ്റു. കാലിന് സസാരമായി പരിക്കേറ്റ ബൈജുവിനെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകട സമയം മറ്റ് വാഹനങ്ങൾ ഇല്ലാത്തതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്. അപകടത്തെ തുടർന്ന് ഇരിട്ടി- മട്ടന്നൂർ റൂട്ടിൽ അല്പ്പ നേരം ഗതാഗതം തടസപ്പെട്ടു. വൈദ്യുത തൂണിൽ ഇടിച്ചതിനാൽ ഹൈടെൻഷൻ വൈദ്യുതി ലൈൻ റോഡിലേക്ക് പൊട്ടിവീണു. സമീപത്ത് തന്നെ പ്രവർത്തിയിൽ ഉണ്ടായിരുന്ന കെ എസ് ഇ ബി ജീവനക്കാർ സ്ഥലത്തെത്തി റോഡിൽ വീണ വൈദ്യുതി ലൈൻ മാറ്റി. ലോറി ക്രെയിൻ ഉപയോഗിച്ച് പൊക്കി റോഡിന്റെ അരികിലേക്ക് മാറ്റിയാണ് ഗതാഗത തടസ്സം നീക്കിയത്. ലോറിയിൽ നിന്നും റോഡിൽ പരന്ന ഓയിൽ ഇരിട്ടി അഗ്നിരക്ഷാനിലയം പ്രവർത്തകരെത്തി കഴുകിയശേഷം അപകടരഹിതമാക്കി.