27.5 C
Iritty, IN
October 6, 2024
  • Home
  • Kerala
  • *സമൂഹമാധ്യമ ഉള്ളടക്കത്തിൽ പാർലമെന്ററി സമിതി ശുപാർശ: ‘വേണം, ഉത്തരവാദിത്തം*
Kerala

*സമൂഹമാധ്യമ ഉള്ളടക്കത്തിൽ പാർലമെന്ററി സമിതി ശുപാർശ: ‘വേണം, ഉത്തരവാദിത്തം*

അച്ചടി , ഇലക്ട്രോണിക് മാധ്യമങ്ങളെ പോലെ ഉള്ളടക്കത്തിന്റെ പേരിലുള്ള ഉത്തരവാദിത്തം സമൂഹ മാധ്യമങ്ങൾക്കും ബാധകമാക്കണമെന്ന് പൗരന്മാരുടെ വിവരസുരക്ഷ ഉറപ്പാക്കാനുള്ള ‘ഡേറ്റ പ്രൊട്ടക്‌ഷൻ ബിൽ’ പരിഗണിക്കുന്ന സംയുക്ത പാർലമെന്ററി സമിതി ശുപാർശ ചെയ്തേക്കും. നാളെയാണു സമിതിയുടെ അന്തിമ യോഗം. ബില്ലിന്മേലുള്ള റിപ്പോർട്ട് പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ സമർപ്പിക്കും.

പ്രിന്റ്, ഇലക്ട്രോണിക് മാധ്യമങ്ങൾ ഉള്ളടക്കത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുമ്പോൾ സമൂഹമാധ്യമങ്ങൾ ഇതിനു തയാറാകുന്നില്ലെന്നു സമിതി വിലയിരുത്തി. ഉള്ളടക്കത്തിന്റെ പേരിൽ വിചാരണ ചെയ്യപ്പെടുന്നത് ഒഴിവാക്കുന്ന ‘സേഫ് ഹാർബർ’ പരിരക്ഷ നിലവിൽ സമൂഹ മാധ്യമങ്ങൾക്കുണ്ട്. സമിതിയുടെ ശുപാർശ അംഗീകരിച്ചാൽ ഇതിൽ ഉപാധികൾ വരാം.

സർക്കാർ അതതു സമയത്തു നിർദേശിക്കുന്ന ചട്ടങ്ങൾ പാലിച്ചാൽ മാത്രമേ കമ്പനികൾക്ക് സേഫ് ഹാർബർ പരിരക്ഷ ലഭിക്കൂ എന്നാണ് ഐടി നിയമത്തിലെ 79–ാം വകുപ്പ് പറയുന്നത്. ഐടി നിയമത്തിൽ പറയുന്നതുപോലെ ഇടനിലക്കാരൻ (ഇന്റർമീഡിയറി) എന്നതിനപ്പുറം പബ്ലിഷർ (പ്രസാധകർ) എന്ന നിലയിൽ സമൂഹമാധ്യമങ്ങളെ പരിഗണിക്കേണ്ട സാഹചര്യങ്ങളുണ്ടെന്നാണു സമിതിയുടെ നിരീക്ഷണം.

ശുപാർശ അംഗീകരിച്ചാൽ സമൂഹമാധ്യമങ്ങൾ ഉപയോക്താക്കൾക്ക് അവരുടെ അക്കൗണ്ടുകൾ ‘വെരിഫൈ’ ചെയ്യാൻ അവസരം ഒരുക്കേണ്ടി വരും. വെരിഫൈ ചെയ്യാത്ത അക്കൗണ്ടുകളിൽ നിന്നുള്ള ഉള്ളടക്കത്തിന്മേലുള്ള ഉത്തരവാദിത്തം സമൂഹമാധ്യമ കമ്പനിക്കു വന്നുചേരുമെന്നാണു കരട് ശുപാർശ.

എന്നാൽ സമൂഹമാധ്യമങ്ങളിലെ ഉള്ളടക്കത്തിന്റെ വലുപ്പവും ഉപയോക്താക്കളുടെ എണ്ണവും പരിഗണിക്കുമ്പോൾ നിർദേശം പ്രായോഗികമല്ലെന്നാണു വിലയിരുത്തൽ. പ്രസ് കൗൺസിൽ ഓഫ് ഇന്ത്യ പോലെ സമൂഹമാധ്യമ ഉള്ളടക്കങ്ങൾ അടക്കം എല്ലാ മാധ്യമങ്ങളിലെയും ഉള്ളടക്കം പരിഗണിക്കാൻ മീഡിയ റെഗുലേറ്ററി അതോറിറ്റി രൂപീകരിക്കണമെന്നും നിർദേശമുണ്ട്. ഏത് പ്ലാറ്റ്ഫോമിന്റെയും സാങ്കേതികവിദ്യ കൈകാര്യം ചെയ്യുന്ന മാതൃ കമ്പനിക്ക് ഇന്ത്യയിൽ ഓഫിസ് ഇല്ലെങ്കിൽ പ്രവർത്തനാനുമതി നൽകരുതെന്നാണു മറ്റൊരു ശുപാർശ.

മരണശേഷം ‘ഡേറ്റ നോമിനി’

മരണശേഷവും ഒരു വ്യക്തിക്ക് അവരുടെ ഡേറ്റയുടെ മേൽ അവകാശമുണ്ടാകണമെന്ന നിലപാടാണു സമിതിക്കുള്ളത്. മരണശേഷം ആ ഡേറ്റയുടെ നിയന്ത്രണം ആർക്കായിരിക്കണമെന്ന കാര്യത്തിൽ വ്യക്തിക്കു നോമിനിയെ നിശ്ചയിക്കാൻ അവസരമൊരുക്കണമെന്നും ശുപാർശയിലുണ്ട്. മരണശേഷം ‘മറക്കപ്പെടാനുള്ള അവകാശവും’ വ്യക്തിക്കുണ്ടെന്നും സമിതി ചൂണ്ടിക്കാട്ടുന്നു.

സംയുക്ത പാർലമെന്ററി സമിതിയുടെ മറ്റ് കരട് ശുപാർശകൾ

∙ സർക്കാർ ഏജൻസികൾക്ക് അസാധാരണ സാഹചര്യങ്ങളിൽ മാത്രമേ നിയമത്തിൽ ഇളവു നൽകാവൂ.

∙ പ്രായപൂർത്തിയാകുന്നതിനു മുൻപു മാതാപിതാക്കൾ വഴിയുൾപ്പെടെ വിവിധ സ്ഥാപനങ്ങൾക്കു ലഭിച്ച ഡേറ്റയുടെ മേൽ വ്യക്തിയുടെ അനുമതി 18 വയസ്സ് തികയുന്നതിന് 3 മാസം മുൻപ് തേടണം.

∙ കുട്ടികളുടെ ഡേറ്റ സൂക്ഷിക്കുന്ന സ്ഥാപനങ്ങൾ നിർദിഷ്ട ഡേറ്റ പ്രൊട്ടക്‌ഷൻ അതോറിറ്റിയിൽ റജിസ്റ്റർ ചെയ്യണം.

∙ സർക്കാർ ഇതര സംഘടനകളെയും വിവരസുരക്ഷാ നിയമപരിധിയിൽ കൊണ്ടുവരണം.

∙ സോഫ്റ്റ്‍വെയറിനു പുറമേ ഹാർഡ്‍വെയറുകൾ വഴിയുള്ള വിവരസുരക്ഷ വ്യക്തിക്ക് പരിശോധിക്കാൻ ലാബ് സൗകര്യം.

∙ തൊഴിൽദാതാക്കൾക്കു ജീവനക്കാരുടെ വിവരങ്ങളിലുള്ള അധികാരത്തിൽ നിയന്ത്രണം വേണം.

∙ ബില്ലിൽ വ്യക്തിഗത പഴ്സനൽ/ നോൺ പഴ്സനൽ തരംതിരിവു വേണ്ട.

∙ സുപ്രധാന വ്യക്തിഗത വിവരങ്ങൾ കേന്ദ്രത്തിന്റെ അനുമതിയില്ലാതെ വിദേശരാജ്യങ്ങളുമായി പങ്കുവയ്ക്കരുത്.

Related posts

പതഞ്ജലി ഉല്‍പ്പന്നങ്ങളുടെ പരസ്യം പിന്‍വലിച്ചു

Aswathi Kottiyoor

കെഎസ്‌ആർടിസിയിൽ ഇനി ഡിപ്പോ കോഡില്ല; വരുന്നു ജില്ല തിരിച്ചുള്ള നമ്പർ

Aswathi Kottiyoor

അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികകളിലേക്ക് അപേക്ഷിക്കാം*

Aswathi Kottiyoor
WordPress Image Lightbox