25.9 C
Iritty, IN
July 7, 2024
  • Home
  • Kerala
  • ടെക്കികൾക്ക് ഇതെന്ത് സംഭവിച്ചു; ലോകമെങ്ങും കൂട്ടരാജി, ജോലിയിൽ ആരും സംതൃപ്തരല്ല.
Kerala

ടെക്കികൾക്ക് ഇതെന്ത് സംഭവിച്ചു; ലോകമെങ്ങും കൂട്ടരാജി, ജോലിയിൽ ആരും സംതൃപ്തരല്ല.

അടുത്ത കാലം വരെ തൊഴിലില്ലായ്മയായിരുന്നു ലോകം ചർച്ച ചെയ്തു കൊണ്ടിരുന്നത്. ഇപ്പോൾ നേരെ മറിച്ചാണു ലോകം ചിന്തിക്കുന്നത്. ഉള്ള ജോലി രാജി വച്ചാലോ എന്ന്. ജോലി തേടുകയാണോ ഉള്ള ജോലി കളയുകയാണോ ജനങ്ങളുടെ ആവശ്യം എന്നു സംശയം തോന്നുന്ന ചില പഠന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ജോലിയുള്ള 41 ശതമാനം പേരും അതു വിടുന്നതിനെക്കുറിച്ചു ഗൗരവകരമായി ചിന്തിച്ചുകൊണ്ടിരിക്കുകയാണ്. ഏകദേശം 95 ശതമാനം ആളുകളും ജോലി രാജി വയ്ക്കുന്നത് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുള്ളവരാണ്. ലോകത്തു തൊഴിലില്ലായ്മ കൂടുമ്പോഴും ചെയ്യുന്ന ജോലിയിൽ എല്ലാവരും സംതൃപ്തരല്ല എന്നാണു മനസ്സിലാകുന്നത്.
നമ്മുടെ നാട്ടിൽ അത്രത്തോളം കൂട്ടരാജി നടക്കുന്നില്ലെങ്കിലും അമേരിക്കയിലും യൂറോപ്യൻ രാജ്യങ്ങളിലും വൻ തോതിലാണു ജീവനക്കാർ രാജി വയ്ക്കുന്നത്. എല്ലാവരും കൊതിക്കുന്ന വൈറ്റ് കോളർ ജോലി ഉണ്ടായിരുന്നവരും രാജി വച്ച കൂട്ടത്തിൽ പെടുന്നു. കോവിഡ് തന്നെയാണ് ഈ പ്രതിഭാസത്തിനും പിന്നിലെന്നാണു പഠനങ്ങൾ നടത്തിയ വിദഗ്ധരുടെ അനുമാനം. അവർ കൂട്ടരാജിയെ ദ് ഗ്രേറ്റ് റെസിഗ്‍നേഷൻ അഥവാ മഹാരാജി എന്നാണു പേരിട്ടു വിളിക്കുന്നത്.

ടെക് ഭീമൻമാരായ മൈക്രോസോഫ്റ്റ് വിവിധ രാജ്യങ്ങളിലായി നടത്തിയ പഠനത്തിലാണു രാജി പ്രവണത എത്രത്തോളം ഭീകരമാണെന്നു പുറത്തു വന്നത്. 41 ശതമാനം ആളുകളും ജോലി രാജി വയ്ക്കാൻ ഗൗരവകരമായി ചിന്തിക്കുകയും തയാറെടുക്കുകയും ചെയ്യുകയാണ്. പലരും ജോലി രാജിവച്ച ശേഷം എന്തെന്നു കൃത്യമായ പദ്ധതികളും തയാറാക്കി കഴിഞ്ഞിരിക്കുന്നു. 95 ശതമാനം പേരും ജോലി രാജിവയ്ക്കുന്നതിനെ പറ്റി ഇടയ്ക്കെങ്കിലും ചിന്തിച്ചിട്ടുണ്ട്. ഇപ്പോഴുള്ളതിനെക്കാൾ മികച്ചതായി എന്തെങ്കിലും കിട്ടിയാൽ പോകുമെന്ന നിലയിലാണു ഭൂരിപക്ഷം ആളുകളും.

തൊഴിലില്ലായ്മയും അഭിരുചി അറിയാതെയുള്ള പാഠ്യപദ്ധതികളുമാകും താൽപര്യമില്ലാത്ത തൊഴിലുകളിൽ ഏർപ്പെടാൻ ജനങ്ങളെ നിർബന്ധിച്ചിട്ടുണ്ടാകുക. ആദ്യം അതുമായി പൊരുത്തപ്പെടാൻ ശ്രമിക്കുകയും നടക്കില്ലെന്നു മനസ്സിലാക്കി രാജിവയ്ക്കുകയും ചെയ്യുന്നതു സ്വാഭാവികമാണ്. എന്നാൽ ഒരുപാടുപേർ ഒരേ കാലയളവിൽ രാജി വയ്ക്കുന്നതാണു ചർച്ച ചെയ്യപ്പെടുന്നത്.

പഠനത്തിൽ നിന്നു പ്രവൃത്തിയിലേക്ക് എത്തുമ്പോഴുള്ള ബുദ്ധിമുട്ടും തുടർച്ചയായി ഒരേ ജോലി ചെയ്യുന്നതിലുള്ള വിരസതയും എല്ലാ ജോലികളെയും ബാധിച്ചിരിക്കണം. അവയ്ക്കു പുറമേ കുറഞ്ഞ വേതനം, ജോലി കാരണമുള്ള പ്രശ്നങ്ങൾ, വർക് ഫ്രം ഹോം– ഡിജിറ്റൽ സാങ്കേതിക വിദ്യകളിലെ വളർച്ച തുടങ്ങിയവയൊക്കെ ജോലി രാജിവയ്ക്കാൻ പലരെയും പ്രേരിപ്പിച്ചു. ചില രാജ്യങ്ങൾ നൽകുന്ന തൊഴിൽ രഹിതർക്കുള്ള ഉയർന്ന സഹായധനം തന്നെ ജീവിക്കാൻ ഉതകുന്നതാണ്. അതു കാരണം പട്ടിണി കിടക്കേണ്ടി വരില്ലെന്ന തോന്നലും ആളുകൾക്കിടയിൽ ജോലി രാജിവച്ചു സ്വതന്ത്രനാകാൻ പ്രേരണയായി. ഇന്ത്യയിൽ തൊഴിൽ രഹിതർക്കു കാര്യമായ സഹായം ലഭിക്കാത്തതു കാരണമാണു മഹാരാജി വൻ ഹിറ്റാകാത്തത്. ചില യൂറോപ്യൻ രാജ്യങ്ങളിൽ തൊഴിൽ രഹിതർക്കു നൽകുന്ന സഹായധനം ഉപയോഗിച്ചു വർഷത്തിൽ ഒരാഴ്ച ഇന്ത്യ പോലെ ചെലവു കുറഞ്ഞ രാജ്യത്തു സഞ്ചാരിയായി വരാൻ പോലും കഴിയും. അങ്ങനെയുള്ളപ്പോൾ എന്നും തലവേദന സൃഷ്ടിക്കുന്ന ജോലി എന്തിനാണെന്ന ചിന്ത വളരുക സ്വാഭാവികമാണ്.

മഹാരാജിയുടെ ചുവടുപറ്റി ഇന്ത്യയിലും രാജി വയ്ക്കുന്ന പ്രവണത വളർന്നു വരുന്നുണ്ട്. ഐടി അധിഷ്ഠിത തൊഴിൽ മേഖലകളിൽ മുൻപുതന്നെ ഒരു സ്ഥാപനത്തിൽ നിന്നു മറ്റൊന്നിലേക്കു കൂടുമാറുന്ന ശീലം ഉണ്ടായിരുന്നെങ്കിലും മറ്റുമേഖലകളിൽ ഇല്ലായിരുന്നു. ഇപ്പോൾ എല്ലാ മേഖലയിലും രാജി വയ്ക്കൽ നിത്യ സംഭവമായി മാറി. ഇന്ത്യയിലെ ഐടി മേഖലയിൽ രാജിവയ്ക്കൽ കൂടിയത് 21 ശതമാനം ആണ്.കോവിഡ് വെളിപാട്

കോവിഡ് മഹാമാരി ലോകത്തുണ്ടാക്കിയ മാറ്റങ്ങളിൽ പലതും വിപ്ലവ സ്വഭാവമുള്ളവയാണ്. ആളുകൾ കോൺക്രീറ്റ് കെട്ടിടങ്ങൾക്കുള്ളിലെ ജീവിതത്തെ വെറുക്കാൻ തുടങ്ങിയതു കോവിഡ് കാരണം ലോക്ഡൗണിൽ അടച്ചിരുന്നപ്പോഴാണ്. പ്രകൃതിയുടെയും യാത്രകളുടെയും മനോഹാരിതയും അവ നൽകുന്ന സന്തോഷവും ജനങ്ങൾ തിരിച്ചറിയാൻ ഇതു കാരണമാക്കി. കോവിഡ് മഹാമാരി വന്നതോടെ ജീവൻ ഇത്രയേ ഉള്ളൂവെന്നും ജോലി ചെയ്തു സമ്പാദ്യം ഉണ്ടാക്കിയിട്ടു കാര്യമൊന്നുമില്ലെന്നും വലിയൊരു വിഭാഗം ജനങ്ങൾക്കു തോന്നിത്തുടങ്ങി. എപ്പോൾ വേണമെങ്കിലും അസുഖം വരാവുന്ന സാഹചര്യത്തിൽ നാളത്തേക്കായി കരുതേണ്ടതില്ല എന്ന ചിന്തയും വളർന്നു. ഇതു കാരണം ആളുകൾ പണം ചെലവഴിക്കാനും ജീവിതം ആസ്വദിക്കാനും തുടങ്ങിയിട്ടുണ്ട്. അതുതന്നെയാണു രാജി വയ്ക്കുന്നതിനു കാരണവും. ജീവിതം ആസ്വദിക്കാൻ കഴിയാത്തവർ ജോലി രാജിവച്ചു കൂടുതൽ ആസ്വാദകരമായ ജോലിയിലേക്കും അതുവഴി സന്തോഷത്തിലേക്കും വഴിവെട്ടുകയാണ്.

സമ്പാദിക്കാനും ജോലി ചെയ്യാനും വേണ്ടി ജീവിച്ചിരുന്നിടത്തു നിന്ന് സന്തോഷത്തിനു വേണ്ടി ജീവിക്കാൻ തുടങ്ങുകയാണ് ലോകം. കൂടുതൽ യാത്രകൾ തുടങ്ങിയതും ഉത്തരവാദിത്തവും ഗൗരവമുള്ളതുമായ ജോലി ചെയ്യുന്നവർക്കു ബുദ്ധിമുട്ടായി. ജോലി രാജി വയ്ക്കുന്ന പ്രവണത വന്നതോടെ പലയിടത്തും ആവശ്യത്തിനു തൊഴിലാളികളെ കിട്ടാത്ത അവസ്ഥ വന്നു. അതിനു ശേഷം തൊഴിലാളികൾക്ക് ഉയർന്ന ശമ്പളം നൽകാനും പല കമ്പനികളും തയാറായിട്ടുണ്ട്. ഇന്ത്യയിലാണെങ്കിൽ ഐടി മേഖലയിൽ ഒരു കമ്പനിയിൽ നിന്നു മറ്റൊന്നിലേക്കു ചേക്കേറുന്നവർക്കു മുൻപില്ലാത്ത വിധം ഉയർന്ന ശമ്പളമാണു ലഭ്യമാകുന്നത്. അതും കൂടുതൽ പേരെ ജോലി ഉപേക്ഷിച്ചു മറ്റൊന്നിലേക്കു കുടിയേറാൻ പ്രേരിപ്പിക്കും.ജോലി സമയം കുറയ്ക്കണം

ലോകമാകെ ജോലി ചെയ്യുന്ന എല്ലാവരും ആവശ്യപ്പെടുന്ന ഒരു കാര്യമാണു ജോലി സമയം കുറയ്ക്കണമെന്നത്. മുൻപ് ദിവസം 8–12 മണിക്കൂറാണു ഓരോരുത്തരും ശരാശരി ജോലി ചെയ്തിരുന്നതെങ്കിൽ ഇപ്പോൾ ശമ്പളം കുറഞ്ഞാലും ആറു മണിക്കൂർ ജോലി മതി എന്നാണു കൂടുതൽ പേരുടെയും നിലപാട്. രാജ്യങ്ങളുടെ സാമ്പത്തിക സ്ഥിതിയെത്തന്നെ ബാധിച്ചേക്കാവുന്ന പ്രശ്നങ്ങളാണ് ജോലി സമയത്തിലെ മാറ്റം. ചൈനയിൽ ഏറെക്കാലമായി 12 മണിക്കൂർ വച്ച് ആഴ്ചയിൽ ആറു ദിവസമാണു ജോലി ചെയ്തിരുന്നത്. രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയ്ക്കും കൂടിയ ഉൽപാദനത്തിനും ഇതു സഹായകമായി. 996 എന്നാണ് ഈ രീതി അറിയപ്പെട്ടിരുന്നത്. അതായത്, രാവിലെ 9 മുതൽ രാത്രി 9 വരെ ആഴ്ചയിൽ ആറു ദിവസം ജോലി. എന്നാൽ ഇപ്പോൾ 944 മതിയെന്നാണ് കൂടുതൽ ജോലിക്കാരും അഭിപ്രായപ്പെടുന്നത്. 9 മുതൽ 4 മണിവരെ ആഴ്ചയിൽ 4 ദിവസം ജോലിയെന്നതാണു പുതിയ രീതി. ഇതുപ്രകാരം ജീവനക്കാർക്കു ശമ്പളം കുറയും, എന്നാൽ കൂടുതൽ പേർക്കു തൊഴിൽ അവസരവും ലഭ്യമാകും. തൊഴിലില്ലായ്മയും തൊഴിൽ കാരണമുള്ള മാനസിക സംഘർഷവും ഇല്ലാതാകുമെന്നതാണു ഈ രീതി കൊണ്ടുള്ള ഗുണം.

Related posts

60 ലക്ഷം പേർക്ക്‌ 3200 രൂപവീതം 
ഓണസമ്മാനം ; വെള്ള, നീല കാർഡുകാർക്ക്‌ 5 കിലോ അരി

Aswathi Kottiyoor

അഗ്‌നിരക്ഷാസേന അംഗങ്ങൾക്ക് ശാസ്‌ത്രീയ നീന്തൽ പരിശീലനം

Aswathi Kottiyoor

എ​യ​ർ​ഏ​ഷ്യ ഇ​ന്ത്യ​യു​ടെ ആ​ദ്യ രാ​ജ്യാ​ന്ത​ര സ​ർ​വീ​സ് നെ​ടു​മ്പാ​ശേ​രി​യി​ൽ​നി​ന്ന്

Aswathi Kottiyoor
WordPress Image Lightbox