കണ്ണൂർ: ഇന്ദിരാഗാന്ധിയുടെ ഓർമകൾ പോലും ഫാസിസ്റ്റുകളെ ഭയപ്പെടുത്തിക്കൊണ്ടിരിക്കുകയാണെന്ന് സണ്ണി ജോസഫ് എംഎൽഎ. ഇന്ദിരാഗാന്ധിയുടെ ജൻമദിനത്തോടനുബന്ധിച്ച് കണ്ണൂർ ഡിസിസിയിൽ സംഘടിപ്പിച്ച പുഷ്പാർച്ചനയ്ക്കു ശേഷം അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മതേതരത്വത്തെ മുറുകെ പിടിച്ച് രാജ്യത്തെ മുന്നോട്ട് നയിച്ച ഉരുക്കു വനിതയാണ് ഇന്ദിരാഗാന്ധിയെന്നും സണ്ണി ജോസഫ് എംഎൽഎ പറഞ്ഞു. ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ് അധ്യക്ഷത വഹിച്ചു. നേതാക്കളായ പ്രഫ. എ.ഡി. മുസ്തഫ, സതീശൻ പാച്ചേനി, വി.വി. പുരുഷോത്തമൻ, എൻ.പി. ശ്രീധരൻ , കെ. പ്രമോദ് ,യുഡിഎഫ് ജില്ലാ ചെയർമാൻ പി.ടി. മാത്യു, സുരേഷ് ബാബു എളയാവൂർ, കെ.പി. സാജു, എം.പി. വേലായുധൻ, റഷീദ് കവ്വായി, സി. വി. സന്തോഷ് എന്നിവർ പ്രസംഗിച്ചു.
പള്ളിക്കുന്ന്: പള്ളിക്കുന്ന് രാജീവ് ഗാന്ധി ഫൗണ്ടേഷന്റെ നേതൃത്വത്തിൽ മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ജന്മദിനം ആഘോഷിച്ചു. ഡിസിസി ജനറൽ സെക്രട്ടറി കൂക്കിരി രാജേഷ് ഉദ്ഘാടനം ചെയ്തു. കെ.സുനീഷ് അധ്യക്ഷത വഹിച്ചു. സി.മോഹനന്, രാഗേഷ്കുമാര്‍, പ്രേംജിത്ത് പൂച്ചാലി, ലിനീഷ്, പി. ജയപാലന്, വി.കെ.പ്രകാശ്, ഉണ്ണിക്കൃഷ്ണന്, മാടങ്കര രാജീവന്, രാകേഷ് കൊറ്റാളി, റജുല്ദാസ്, ആശ രാജീവന്, ജോണ്‍സി തോമസ് എന്നിവർ പ്രസംഗിച്ചു.