25.1 C
Iritty, IN
July 7, 2024
  • Home
  • Iritty
  • ആറളം ഫാമിലെ കാട്ടാന പ്രതിരോധമതിൽ – മതിലിന് പകരം മറ്റ് സംവിധാനങ്ങൾ അന്വേഷിച്ച് വിദഗ്ധ സംഘത്തിന്റെ പരിശോധന
Iritty

ആറളം ഫാമിലെ കാട്ടാന പ്രതിരോധമതിൽ – മതിലിന് പകരം മറ്റ് സംവിധാനങ്ങൾ അന്വേഷിച്ച് വിദഗ്ധ സംഘത്തിന്റെ പരിശോധന

ഇരിട്ടി: കാട്ടാനകളിൽ നിന്നും ആറളം ഫാമിനേയും പുനരധിവാസ മേഖലയേയും എങ്ങിനെ സംരക്ഷിക്കണം എന്നതിൽ വ്യക്തതയില്ലാതെ വനം വകുപ്പും ടി ആർ ഡി എമ്മും. ആനമതിൽ വേണോ മറ്റ് പ്രതിരോധ സംവിധാനങ്ങൾ മതിയോയെന്നറിയാൻ വെള്ളിയാഴ്ച വീണ്ടും വിദഗ്ത സംഘം ഫാമിൽ എത്തി പരിശോധന നടത്തി. മൂന്ന് വർഷം മുൻമ്പ് ആനമതിൽ പ്രതിരോധത്തിനായി 22 കോടി ഫണ്ട് അനുവദിച്ചെങ്കിലും എങ്ങനെ പ്രതിരോധിക്കണം എന്ന കാര്യത്തിൽ ബന്ധപ്പെട്ടവർക്ക് ഇതുവരെ വ്യക്തതയായിട്ടില്ല.
ഇപ്പോൾ ചെയ്യാനുദ്ദേശിക്കുന്ന ആനമതിൽ, റെയിൽവേലി പദ്ധതിക്ക് സമാനമായ മറ്റ് പ്രതിരോധ മാർഗ്ഗങ്ങൾ ഉണ്ടോ എന്നറിയാനാണ് വനം, പട്ടികജാതി- പട്ടികവർഗ്ഗ വികസന വകുപ്പ് , പൊതുമരാമത്ത് വകുപ്പ് എന്നിവയുടെ ഉന്നതതല സംഘം പരിശോധന നടത്തിയത് . ആദിവാസി പുനരധിവാസ മേഖലയേയും ഫാമിനേയും സംരക്ഷിക്കും വിധം ആനമതിൽ നിർമ്മാണം ഒന്നര വർഷം കൊണ്ട് പൂർത്തിയാക്കണമെന്ന ഹൈക്കോടതി ഉത്തരവിന്റ പശ്ചാത്തലത്തിൽ ചീഫ് സെക്രട്ടറി ഉന്നതതല യോഗം വിളിച്ചു ചേർത്തിരുന്നു . യോഗത്തിൽ മറ്റ് സംവിധാങ്ങൾ വല്ലതുമുണ്ടോ എന്നറിയാൻ നാലംഗ വിദഗ്ത സംഘത്തെ നിയോഗിക്കുകയും ചെയ്തു . ആന മതിലിനൊപ്പം മറ്റു പ്രതിരോധ മാർഗ്ഗങ്ങളും ഫലപ്രദമാണോ എന്ന് പ്രദേശത്തിന്റെ ഭൂമിശാസ്ത്ര പരമായ പ്രത്യകതകളും മറ്റും മനസ്സിലാക്കി റിപ്പോർട്ട് നൽകാനാണ് നിർദ്ദേശിച്ചത് .
വനം വന്യജീവി വിഭാഗം ചീഫ് ഫോറസ്‌റ് കൺസർവേറ്റർ കെ.വി. ഉത്തമന്റെ നേതൃത്വത്തിൽ മേഖലയിൽ വിശദമായ പരിശോധന നടത്തി . രണ്ടാഴ്ച്ചക്കകം റിപ്പോർട്ട് നൽകുമെന്ന് സി സി എഫ് അറിയിച്ചു. സംഘത്തിൽ മുൻ കേരളാ ഫോറസ്റ്റ് റിസർച്ച് ഡയറക്ടർ ഈസ, പൊതുമരാമത്ത് വകുപ്പ് എഞ്ചിനീയർമാരായ കെ. ജിഷാകുമാരി , സി. റിജോറിന , പട്ടിക വർഗ്ഗ ഡയരക്ടർ എന്നിവരുമാണ് സംഘത്തിൽ ഉണ്ടായിരുന്നത്. ആറളം വൈൽഡ് ലൈഫ് വാർഡൻ വി.സന്തോഷ് കുമാർ , അസി. വൈൽഡ് ലൈഫ് വാർഡൻ എൻ. അനിൽകുമാർ, പൊതുമാരാമത്ത് വകുപ്പ് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ ബി.ലജീഷ് കുമാർ , ടി ആർ ഡി എം സൈറ്റ് മാനേജർ പി.പി. ഗിരീഷ് എന്നിവരും ഒപ്പം ഉണ്ടായിരുന്നു.
ആനമതിൽ തന്നെ പണിയണം – വിദഗ്ധ സംഘത്തിന്റെ വരവിൽ ആശങ്കയുമായി ജനങ്ങൾ —
======
ആറളം വന്യജീവ സങ്കേതത്തിന്റെ അതിരുകളായി വരുന്ന വലയം ചാൽ മുതൽ പൊട്ടിച്ചിപ്പാറ വരെ 10.5 കിലോമീറ്റർ കാട്ടാന പ്രതിരോധ സംവിധാനം ഒരുക്കുന്നതിന് മൂന്ന് വർഷം മുമ്പാണ് 22 കോടിഅനുവദിച്ചത്. ഊരാളുങ്കൽ സൊസൈറ്റിക്ക് ആനമതിൽ നിർമ്മാണം ടെണ്ടർ ഇല്ലാതെ അനുവദിക്കാനായിരുന്നു തീരുമാനം. ടെണ്ടർ ഇല്ലാതെ ഊരാളുങ്കലിന് നൽകുന്നതിനെതിരെ പരാതി ഉയർന്നതോടെ അവർ പിൻമാറി. പിന്നീട് പൊതുമരാമത്ത് വകുപ്പ് കൊട്ടിടനിർമ്മാണ വിഭാഗത്തിനെക്കൊണ്ട് മതിൽ നിർമ്മിക്കാനായിരുന്നു തീരുമാനം. ഇതിനായി ആദ്യഗഡുവായി 11 കോടിയും അനുവദിച്ചു. നേരത്തെ ഉണ്ടാക്കിയ എസ്റ്റിമേറ്റിന് പകരം പുതിയ എസ്റ്റിമേറ്റിനായി പൊതുമരാമത്ത് ഉന്നത തല സംഘം ഒരു മാസം മുൻമ്പാണ് പ്രദേശത്ത് പരിശോധന നടത്തിയത്. ഇവർ റിപ്പോർട്ട് തെയ്യാറാക്കുന്നതിനിടയിലാണ് മറ്റൊരു ഉന്നതതല സംഘത്തെക്കൂടി നിയോഗിച്ചിരിക്കുന്നത്. പുനരധിവാസ മേഖലയിലുള്ളവർ ഹൈക്കോടതിയെ സമീപിച്ച് ആനമതിൽ നിർമ്മാണം 18 മാസം കൊണ്ട് പൂർത്തിയാക്കണമെന്ന ഉത്തരവ് നേടിയിരുന്നു. കോടതി ഉത്തരവ് വന്ന് ആറുമാസം കഴിഞ്ഞിട്ടും നിർമ്മാണ ഏജൻസിയെക്കുറിച്ചും പ്രതിരോധ സംവിധാനത്തെക്കുറിച്ചും വ്യാക്തത വരുത്താൻ പോലും ബന്ധപ്പെട്ടവർക്ക് കഴിഞ്ഞിട്ടില്ല. വിദഗ്ത സംഘത്തിന്റെ പ്രവർത്തനത്തിൽ ആശങ്ക അറിയിക്കുകയാണ് പ്രദേശവാസികളും ജനപ്രതിനിധികളും . ആനമതിൽ തന്നെ നിർ്മ്മിക്കണമെന്നും മറ്റ് പ്രതിരോധ മാർഗ്ഗങ്ങൾ ഉണ്ടാക്കി ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള ശ്രമം അനുവദിക്കില്ലെന്നുമാണ് ഇവർ പറയുന്നത്.

Related posts

പെരുമ്പറമ്പ് യുപി സ്‌കൂളില്‍ ഗാന്ധി ജയന്തിയുടെ ഭാഗമായി ശുചീകരണ പ്രവര്‍ത്തനം നടത്തി

Aswathi Kottiyoor

മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ എടൂര്‍ സെന്റ് മേരീസ് ഫൊറോന ദേവാലയം പ്ലാറ്റിനം ജൂബിലി സമാപനം ഉദ്ഘാടനം 26 ന് 4 ന്

Aswathi Kottiyoor

സ്‌കൂൾ ബസ്സുകളുടെ ക്ഷമത പരിശോധന മെയ് 25, 26, 27, 29, 30 ദിവസങ്ങളിലായി കീഴൂരിൽ

Aswathi Kottiyoor
WordPress Image Lightbox