വിദേശ രാജ്യങ്ങളിൽനിന്നുള്ള ഉംറ തീർഥാടകരുടെ പ്രായം 18നും 50നുമിടയിൽ ആയിരിക്കണമെന്ന് സൗദി ഹജ്ജ് ഉംറ മന്ത്രാലയം വ്യക്തമാക്കി. സൗദിക്ക് പുറത്തുനിന്ന് ഉംറ വിസക്ക് അപേക്ഷിക്കുന്നവർ അതത് രാജ്യത്തെ ഔദ്യോഗിക ട്രാവൽ ഏജൻസികളെയാണ് ബന്ധപ്പെടേണ്ടത്.ഈ ഏജൻസികൾക്ക് സൗദിയിലെ ഉംറ കമ്പനികളുമായി കരാറുണ്ടായിരിക്കണം.
യാത്രക്ക് മുമ്പ് അംഗീകൃത കോവിഡ് വാക്സിന്റെ ഡോസുകൾ പൂർത്തിയാക്കണം. കൂടാതെ സൗദി വിദേശകാര്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റ് വഴി ഇലക്ട്രോണിക് വിസ അനുവദിക്കുന്നതിനുള്ള രേഖകൾ സമർപ്പിക്കുകയും വേണമെന്ന് മന്ത്രാലയം വ്യക്തമാക്കി. മക്ക മസ്ജിദുൽ ഹറാമിലെ പ്രവേശനത്തിന് ആഭ്യന്തര ഉംറ തീർഥാടകരും മുൻകൂർ അനുമതി നേടണം.
രണ്ട് ഡോസ് കോവിഡ് വാക്സിനെടുത്ത 12 വയസിന് മുകളിലുള്ള ആഭ്യന്തര തീർഥാടകർക്ക് മാത്രമേ ഉംറക്ക് അനുമതി ലഭിക്കൂ. അനുമതി പത്രമില്ലാതെ ഹറമിലേക്ക് പ്രവേശിക്കാനാവില്ലെന്നും കുട്ടികളെ കൊണ്ടുവരരുതെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.