കണ്ണൂർ ജില്ലാ ആശുപത്രിയിൽ കാത്ത് ലാബ് ഈ മാസം അവസാനം പ്രവർത്തനം തുടങ്ങും. ട്രോമാകെയർ കെട്ടിടത്തിന്റെ രണ്ടാം നിലയിലാണ് കാത്ത് ലാബ് സജ്ജീകരിച്ചത്. വലിയ സാമ്പത്തിക ചെലവുള്ള ഹൃദയ ശസ്‌ത്രക്രിയാ സംവിധാനം ജില്ലാ ആശുപത്രിയിൽ തുടങ്ങുന്നതോടെ സാധാരണക്കാർക്ക് ആശ്വാസമാകും. വെള്ളിയാഴ്‌ച ആശുപത്രിയിലെത്തുന്ന മന്ത്രി വീണാ ജോർജ് നിർമാണം പൂർത്തിയാക്കിയ കാത്ത് ലാബ് സന്ദർശിക്കും.
കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ആരോഗ്യമന്ത്രി കെ കെ ശൈലജയുടെ ഇടപെടലിലാണ് ജില്ലാ ആശുപത്രിയിൽ കാത്ത് ലാബ് പദ്ധതി പ്രവർത്തനങ്ങൾ തുടങ്ങിയത്. കോവിഡ് സാഹചര്യത്തിൽ നിർമാണം ഒരു വർഷത്തിലേറെ നീണ്ടു. പത്ത് കോടി ചെലവിട്ട് സജ്ജീകരിക്കുന്ന കാത്ത് ലാബിൽ അത്യാധുനിക സംവിധാനങ്ങളാണ് ഒരുക്കുന്നത്. നാലരക്കോടി രൂപയുടെ കാത്ത് മെഷിനാണ് സ്ഥാപിച്ചത്. ബെഡുകളും വെന്റിലേറ്ററും അനുബന്ധ സൗകര്യങ്ങളും ഒരുക്കി. രണ്ട് ഹൃദ്രോഗവിദഗ്‌ധരാണ് ജില്ലാ ആശുപത്രിയിലുള്ളത്. അഞ്ച് നഴ്‌സിങ് ജീവനക്കാർ എറണാകുളം ജനറൽ ആശുപത്രിയിൽ കാത്ത് ലാബ് പരിശീലനം പൂർത്തിയാക്കി തിരിച്ചെത്തിയിട്ടുണ്ട്.
ജില്ലയിൽ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽമാത്രമാണ് കാത്ത് ലാബുള്ളത്. ജില്ലാ ആശുപത്രിയിൽ കാത്ത്‌ലാബ് തുടങ്ങുന്നതോടെ മിതമായ നിരക്കിൽ കൂടുതൽ പേർക്ക് ഹൃദയചികിത്സാസംവിധാനം ഒരുങ്ങും. ഹൃദയത്തിലെ ബ്ലോക്ക് നീക്കുന്ന ആൻജിയോപ്ലാസ്റ്റി ഉൾപ്പെടെയുള്ള ശസ്‌ത്രക്രിയകൾ ആരോഗ്യ ഇൻഷുറൻസ് കാർഡുള്ളവർക്ക് സൗജന്യമായി ചെയ്യാം.
ആരോഗ്യ മേഖലയിൽ വൻ കുതിപ്പാവുന്ന പദ്ധതികളാണ് ജില്ലാ ആശുപത്രിയിൽ പുരോഗമിക്കുന്നത്. 72 കോടി രൂപയുടെ മാസ്‌റ്റർ പ്ലാൻ പ്രകാരമുള്ള പദ്ധതികളുടെ പ്രവൃത്തികൾ നടക്കുന്നുണ്ട്. സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്ക് ഫെബ്രുവരിയിൽ പ്രവർത്തനം തുടങ്ങും. അത്യാധുനിക സൗകര്യങ്ങളുള്ള ട്രോമകെയർ യൂണിറ്റ്, എട്ടു ബെഡുകളുള്ള മെഡിക്കൽ ഐസിയു, നവീകരിച്ച രക്തബാങ്ക് എന്നിവയും സജ്ജമാക്കി. ഓക്‌സിജൻ വിതരണത്തിൽ സ്വയംപര്യാപ്‌തത നേടി 500 എൽപിഎം ശേഷിയുള്ള ഓക്‌സിജൻ പ്ലാന്റും സജ്ജീകരിച്ചിട്ടുണ്ട്.
previous post