സംസ്ഥാനങ്ങൾ സൂക്ഷിച്ചിട്ടുള്ള ജനന– മരണ വിവരങ്ങൾ കേന്ദ്രീകൃത ഡേറ്റാബേസിലേക്കു കൈമാറാനും ദേശീയ ജനസംഖ്യാ റജിസ്റ്ററും ആധാറും ബന്ധിപ്പിക്കാനുമുള്ള കേന്ദ്ര സർക്കാരിന്റെ കരട് നിയമഭേദഗതിയിൽ സംസ്ഥാന സർക്കാർ നിലപാട് തീരുമാനിച്ചില്ല.പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്നു നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപു തന്നെ സിപിഎമ്മും സംസ്ഥാന സർക്കാരും നിലപാട് സ്വീകരിച്ചു. എന്നാൽ, 1969 ലെ ജനന–മരണ റജിസ്ട്രേഷൻ നിയമം ഭേദഗതി ചെയ്യുന്ന കാര്യത്തിൽ സിപിഎമ്മിലോ എൽഡിഎഫിലോ ചർച്ച നടന്നിട്ടില്ല. നയപരവും സാങ്കേതികവുമായ കാര്യങ്ങൾ ഉൾക്കൊള്ളുന്ന വിഷയത്തിൽ സർക്കാർ തലത്തിൽ , മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ തീരുമാനമെടുക്കും. സർക്കാർ തീരുമാനമെടുത്തിട്ടില്ലെന്നു മാത്രമാണു മന്ത്രി എം.വി.ഗോവിന്ദൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്.
ദേശീയ ജനസംഖ്യാ റജിസ്റ്റർ (എൻപിആർ), വോട്ടർ പട്ടിക, ആധാർ, റേഷൻ കാർഡ്, പാസ്പോർട്ട്, ഡ്രൈവിങ് ലൈസൻസ് എന്നിവ പുതുക്കാൻ ജനന, മരണ റജിസ്ട്രേഷനുകളുടെ ദേശീയ ഡേറ്റാബേസ് ഒരുക്കാനാണു കേന്ദ്ര സർക്കാർ തലത്തിൽ നടപടികൾ പുരോഗമിക്കുന്നത്. നിലവിൽ സംസ്ഥാനങ്ങളാണു ജനന–മരണ വിവരങ്ങൾ സൂക്ഷിക്കുന്നത്.
ഭേദഗതി നടപ്പായാൽ എല്ലാ സംസ്ഥാനങ്ങളിലെയും ജനന –മരണ വിവരങ്ങൾ കേന്ദ്രവുമായി പങ്കുവയ്ക്കണം.