24.2 C
Iritty, IN
October 4, 2024
  • Home
  • Kerala
  • ക്ഷേമരാഷ്ട്രത്തിൽ പട്ടിണിമരണം പാടില്ല; സമൂഹ അടുക്കള നയമുണ്ടാക്കാൻ കേന്ദ്രത്തോട് സുപ്രീംകോടതി.
Kerala

ക്ഷേമരാഷ്ട്രത്തിൽ പട്ടിണിമരണം പാടില്ല; സമൂഹ അടുക്കള നയമുണ്ടാക്കാൻ കേന്ദ്രത്തോട് സുപ്രീംകോടതി.

രാജ്യവ്യാപകമായി സമൂഹ അടുക്കളകൾ സ്ഥാപിക്കുന്നത് സംബന്ധിച്ച് മൂന്നാഴ്ചയ്ക്കകം നയമുണ്ടാക്കാൻ കേന്ദ്രസർക്കാരിനോട് സുപ്രീംകോടതി.

ക്ഷേമരാഷ്ട്രത്തിൽ പട്ടിണിമരണമില്ലെന്ന് ഉറപ്പാക്കേണ്ടതാണെന്ന് ചീഫ് ജസ്റ്റിസ് എൻ.വി. രമണ അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. ഇക്കാര്യത്തിൽ വിവിധ സംസ്ഥാനങ്ങളുടെ അഭിപ്രായം പരിശോധിച്ചശേഷമാണ് അവസാന അവസരമെന്ന നിലയ്ക്ക് കേന്ദ്രത്തിന് ഒരിക്കൽക്കൂടി സമയം നൽകിയത്.

സമൂഹ അടുക്കളയ്ക്ക് സമഗ്രമായപദ്ധതി കൊണ്ടുവരുമെന്ന് അറ്റോർണി ജനറൽ കെ.കെ. വേണുഗോപാൽ അറിയിച്ചു. ദേശീയ ഭക്ഷ്യസുരക്ഷാ നയത്തിനു കീഴിൽ പദ്ധതി തയ്യാറാക്കുമെന്നും അദ്ദേഹം അറിയിച്ചു. അങ്ങനെയെങ്കിൽ അത് നിയമത്തിനു കീഴിലാക്കണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടു. അങ്ങനെ ചെയ്താൽ പിന്നീട് സർക്കാരിന്റെ നയംമാറ്റംകൊണ്ട് പദ്ധതി ഇല്ലാതാവില്ല.

കേന്ദ്ര സർക്കാർ മറുപടി ഫയൽ ചെയ്തതിലും സുപ്രീംകോടതി അതൃപ്തി രേഖപ്പെടുത്തി. ഉപഭോക്തൃ, ഭക്ഷ്യ, പൊതുഭരണ വകുപ്പിലെ അണ്ടർ സെക്രട്ടറിയാണ് ഫയൽ ചെയ്തത്. പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്നു ഫയൽ ചെയ്യേണ്ടിയിരുന്നതെന്ന് ബെഞ്ച് നിരീക്ഷിച്ചു. സമൂഹഅടുക്കള സംബന്ധിച്ച് വ്യക്തമായ നയത്തിന് രൂപം നൽകാൻ ശ്രമിക്കുന്നുണ്ടെന്ന കാര്യം കേന്ദ്രം നൽകിയ 17 പേജുള്ള സത്യവാങ്മൂലത്തിൽ ഒരിടത്തും പറയുന്നില്ലെന്ന് കോടതി കുറ്റപ്പെടുത്തി. ഇക്കാര്യത്തിൽ കേന്ദ്രസർക്കാരിന് നൽകുന്ന അവസാനമുന്നറിയിപ്പാണിത് -ബെഞ്ച് രോഷത്തോടെ പറഞ്ഞു.

പട്ടിണി മരണമില്ലെന്ന് ഉറപ്പാക്കാൻ സമൂഹ അടുക്കള തുറക്കുന്നതിന് നയമുണ്ടാക്കമെന്നാവശ്യപ്പെട്ട് അനൂൻ ധവാൻ ഉൾപ്പെടെയുള്ളവർ നൽകിയ ഹർജിയാണ് സുപ്രീംകോടതി പരിശോധിച്ചത്.

കേന്ദ്രം നൽകിയ മറുപടിയിൽ പദ്ധതി സംബന്ധിച്ച തീരുമാനമെടുത്തതായി പറയുന്നില്ലെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. സംസ്ഥാനങ്ങളുടെ വിവരങ്ങൾ അവരുടെ സത്യവാങ്മൂലത്തിൽതന്നെ നൽകിയിട്ടുണ്ട്. അത് വീണ്ടും കേന്ദ്രം പറയേണ്ടതില്ല. പദ്ധതി തയ്യാറാക്കുന്നതു സംബന്ധിച്ച് ഒന്നുംതന്നെ കേന്ദ്രത്തിന്റെ മറുപടിയിൽ ഇല്ലെന്നും സുപ്രീംകോടതി പറഞ്ഞു.

2019 ഒക്ടോബർ 18-ന്, വിശപ്പിന്റെ പ്രശ്നം നേരിടാൻ സമൂഹ അടുക്കള സ്ഥാപിക്കുന്നതിനെ സുപ്രീംകോടതി അനുകൂലിച്ചിരുന്നു. ഇതു സംബന്ധിച്ച് കേന്ദ്രത്തിന്റെയും സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണപ്രദേശങ്ങളുടെയും പ്രതികരണവും തേടി.

അഞ്ചു വയസ്സിന് താഴെയുള്ള ഒട്ടേറെ കുട്ടികളാണ് വിശപ്പും പോഷകാഹാരക്കുറവും കാരണം രാജ്യത്ത് പ്രതിദിനം മരിക്കുന്നതെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടി. ഇത് മൗലികാവകാശങ്ങളുടെ ലംഘനമാണ്. തമിഴ്നാട്, ആന്ധ്ര, ഉത്തരാഖണ്ഡ്, ഒഡിഷ, ജാർഖണ്ഡ്, ഡൽഹി തുടങ്ങിയ സംസ്ഥാനങ്ങൾ സമൂഹ അടുക്കളകൾ നടത്തുന്നുണ്ടെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി.

Related posts

അയ്യങ്കുന്നിൽ എൽഡിഎഫ്‌ സത്യഗ്രഹം തുടങ്ങി

Aswathi Kottiyoor

പ്രവാസി ക്ഷേമനിധി: വ്യാജ വാർത്തകളിൽ വഞ്ചിതരാകരുതെന്ന് സി.ഇ.ഒ

Aswathi Kottiyoor

സ്‌കൂൾ നടത്തിപ്പിന്‌ ഏകരൂപം ; സിലബസ്‌ വെട്ടിച്ചുരുക്കില്ല , ഫോക്കസ്‌ ഏരിയയും ഉണ്ടാകില്ല

Aswathi Kottiyoor
WordPress Image Lightbox