കുടുംബശ്രീ സി ഡി എസ് ചെയർപേഴ്സൺ, വൈസ് ചെയർപേഴ്സൺ സ്ഥാനങ്ങൾ പട്ടികജാതി, പട്ടിക വർഗ വിഭാഗങ്ങൾക്ക് റൊട്ടേഷൻ അടിസ്ഥാനത്തിൽ സംവരണം ചെയ്യുന്നകാര്യത്തിൽ വിട്ടുവീഴ്ച പാടില്ലെന്ന് തദ്ദേശ സ്വയംഭരണ, എക്സൈസ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. കുടുംബശ്രീ അയൽക്കൂട്ട അംഗങ്ങളിൽ 12.39 ശതമാനം പട്ടികജാതി വിഭാഗത്തിലുള്ളവരും 1.57 ശതമാനം പട്ടികവർഗ വിഭാഗത്തിലുള്ളവരുമാണ്. സി ഡി എസുകളുടെ ചെയർപേഴ്സൺമാരെ തെരഞ്ഞെടുക്കുമ്പോൾ 15 ശതമാനം പട്ടികജാതി വിഭാഗത്തിനും 5 ശതമാനം പട്ടികവർഗ വിഭാഗത്തിനും സംവരണം ചെയ്യണമെന്ന് മന്ത്രി നിർദേശിച്ചു.
സംവരണ സി ഡി എസുകളെ നിശ്ചയിക്കുമ്പോൾ റൊട്ടേഷൻ ക്രമം പാലിക്കുന്നതിനായി നിലവിൽ സംവരണത്തിലൂടെ ചെയർപേഴ്സൺമാരെ നിശ്ചയിച്ച സി ഡി എസുകളെ നറുക്കെടുപ്പിൽ നിന്നും ഒഴിവാക്കണമെന്ന് മന്ത്രി നിർദേശിച്ചു. സംവരണം നിശ്ചയിക്കുന്നതിന് ജില്ലകളിലെ സി ഡി എസുകളിലെ വോട്ടർപ്പട്ടിക പ്രകാരമുള്ള അയൽക്കൂട്ട അംഗങ്ങളുടെ എണ്ണവും പട്ടിക ജാതി, പട്ടികവർഗ വിഭാഗങ്ങളിൽ പെട്ട അയൽക്കൂട്ട അംഗങ്ങളുടെ എണ്ണവും ജില്ലാമിഷനുകൾ മെമ്പർ സെക്രട്ടറിയുടെ സാക്ഷ്യപ്പെടുത്തലോടെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് കൈമാറണമെന്ന് മന്ത്രി പറഞ്ഞു. സംവരണ സി ഡി എസുകളിൽ 15 ശതമാനം പട്ടികജാതി വിഭാഗത്തിലുള്ള അംഗങ്ങൾ ഇല്ലാത്ത സാഹചര്യത്തിൽ ശതമാനത്തിൽ ഇളവുവരുത്തി ഏറ്റവും കൂടുതൽ പട്ടികജാതി വിഭാഗത്തിലുള്ള അംഗങ്ങളുള്ള സി ഡി എസിനെ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് സംവരണ സി ഡി എസ് ആയി നിശ്ചയിക്കാൻ അധികാരമുണ്ട്. പട്ടികവർഗ വിഭാഗത്തിന്റെ അഞ്ച് ശതമാനം സംവരണ പാലനത്തിനും ഇതേ രീതി അവലംബിക്കണമെന്ന് മന്ത്രി അറിയിച്ചു.