ഇരിട്ടി: സർക്കാർ, എയിഡഡ് എൽപി സ്കൂളുകൾ ഉൾപ്പെടെയുള്ള പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇന്ന് കരുത്തുറ്റ വിദ്യാഭ്യാസ പ്രസ്ഥാനത്തിന്റെ കാതലായി മാറിയെന്ന് തദ്ദേശ സ്വയംഭരണ-എക്സൈസ് മന്ത്രി എം.വി. ഗോവിന്ദന്. പേരട്ട ഗവ. എൽപി സ്കൂൾ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി. കുട്ടികളെ ലോക നിലവാരത്തിലുള്ള വിദ്യാഭ്യാസ പ്രക്രിയയുടെ ഭാഗമാക്കാൻ കഴിയും വിധത്തിൽ സ്കൂളിന്റെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തണം. അതിന് അധ്യാപകരും പിടിഎയും ജനങ്ങളും ഒറ്റക്കെട്ടായി പ്രവർത്തിക്കേണ്ടത് അനിവാര്യമാണ്. ഇത്തരത്തിലുള്ള മുന്നേറ്റങ്ങളിലൂടെ കേരളം വിദ്യാഭ്യാസത്തിന്റെ ഹബ്ബായി മാറണമെന്നും മന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയുടെ പ്ലാൻ ഫണ്ടിൽ നിന്നും 1.10 കോടി രൂപ ചെലവിലാണ് പേരട്ട ഗവ. എൽപി സ്കൂളിന്റെ പുതിയ കെട്ടിടം നിർമിച്ചത്. ഒന്നാം നിലയിൽ ഒരു ക്ലാസ്മുറിയും ഒരു ടോയ് ലെറ്റ് ബ്ലോക്കും രണ്ടാം നിലയിൽ മൂന്ന് ക്ലാസ് മുറികളും ഒരു ടോയ് ലെറ്റ് ബ്ലോക്കുമാണ് നിർമിച്ചത്. ചടങ്ങിൽ സണ്ണി ജോസഫ് എംഎൽഎ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് അംഗം ഹമീദ് കണിയാട്ടയിൽ, പായം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. രജനി, വൈസ് പ്രസിഡന്റ് എം. വിനോദ്കുമാർ, സ്ഥിരം സമിതി അധ്യക്ഷ വി. പ്രമീള, അംഗം ഷിജി ദിനേശൻ, ഉളിക്കൽ ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ അഷ്റഫ് പാലിശേരി, അംഗം ബിജു വെങ്ങലപ്പള്ളി, എക്സിക്യൂട്ടീവ് എൻജിനിയർ ജിഷ കുമാരി, ഇരിട്ടി എഇഒ എം.ടി.ജയ്സ്, ഇരിട്ടി ബിപിസിടിഎം തുളസീധരൻ, മുഖ്യാധ്യാപകൻ വി.പി. അബ്ദുൾ മജീദ്, ഇ.എസ്. സത്യൻ, വിവിധ രാഷ്ട്രീയ-സാമൂഹിക പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
previous post