24 C
Iritty, IN
July 5, 2024
  • Home
  • Kerala
  • കർഷകരെ കാർ കയറ്റിക്കൊന്ന കേസ്‌: മുഖ്യപ്രതിയെ രക്ഷിക്കാനോ നീക്കം- സുപ്രീംകോടതി
Kerala

കർഷകരെ കാർ കയറ്റിക്കൊന്ന കേസ്‌: മുഖ്യപ്രതിയെ രക്ഷിക്കാനോ നീക്കം- സുപ്രീംകോടതി

കേന്ദ്രമന്ത്രിയുടെ മകൻ കർഷകരെ കാർ കയറ്റിക്കൊന്ന കേസിൽ അന്വേഷണം തൃപ്‌തികരമല്ലെന്ന്‌ ചൂണ്ടിക്കാട്ടി ഉത്തർപ്രദേശ്‌ സർക്കാരിന്‌ സുപ്രീംകോടതിയുടെ രൂക്ഷവിമർശം. യുപി സർക്കാരിന്റെ ഏകാംഗ ജുഡീഷ്യൽ കമീഷനിൽ വിശ്വാസമില്ലെന്ന് ചീഫ്‌ ജസ്റ്റിസ്‌ എൻ വി രമണ അധ്യക്ഷനായ ബെഞ്ച്‌ തുറന്നടിച്ചു. വിരമിച്ച ഹൈക്കോടതി ജഡ്‌ജിയെ അന്വേഷണ മേൽനോട്ടം ഏൽപ്പിക്കുമെന്നും പരാമര്‍ശിച്ചു.

“പ്രതീക്ഷിച്ച രീതിയിലല്ല അന്വേഷണം. മുഖ്യപ്രതിക്ക്‌ ഗുണകരമായേക്കാവുന്ന നീക്കം നടക്കുന്നു. കർഷകർ കൊല്ലപ്പെട്ട കേസും ആൾക്കൂട്ടം ആക്രമിച്ച കേസും ഒന്നിപ്പിക്കുന്നത് മുഖ്യ പ്രതിക്കെതിരായ കേസിൽ വെള്ളം ചേർത്തതുപോലെയാകും.’ജസ്റ്റിസ്‌ സൂര്യകാന്ത്‌ നിരീക്ഷിച്ചു.

ഇരു കേസിലും സ്വതന്ത്ര അന്വേഷണം വേണമെന്നും സാക്ഷിമൊഴി പ്രത്യേകം രേഖപ്പെടുത്തണമെന്നും കോടതി നിർദേശിച്ചു. കേന്ദ്രമന്ത്രി അജയ്‌മിശ്രയുടെ മകൻ ആശിഷ്‌മിശ്രയാണ്‌ മുഖ്യപ്രതി.

അന്വേഷണ പുരോഗതി കാണിച്ച്‌ യുപി സർക്കാർ ഫയൽ ചെയ്‌ത തൽസ്ഥിതി റിപ്പോർട്ടിൽ പുതിയതായി ഒന്നുമില്ല. കേസിൽ 13 പ്രതികൾ ഉള്ളതിൽ ഒരാളുടെ ഫോൺ മാത്രമാണ്‌ അന്വേഷണസംഘം പിടിച്ചെടുത്തത്‌. ബാക്കി പ്രതികളുടെ ഫോൺ കിട്ടിയില്ലെന്ന വാദം അവിശ്വസനീയം. ദൃശ്യങ്ങളുടെ ഫോറൻസിക്‌ പരിശോധന പൂർത്തിയായില്ല. സ്വതന്ത്ര അന്വേഷണം ഉറപ്പാക്കാൻ മേൽനോട്ടം അനിവാര്യം. നിഷ്‌പക്ഷ അന്വേഷണം ഉറപ്പാക്കാനാണ്‌ സുപ്രീംകോടതി ഇവിടെയുള്ളതെന്നും ഹിമാകോഹ്‌ലി കൂടി അം​ഗമായ ബെഞ്ച് ഓർമിപ്പിച്ചു. നിർദേശം സമർപ്പിക്കാൻ സാവകാശം അനുവദിക്കണമെന്ന്‌ യുപിക്കു വേണ്ടി മുതിർന്ന അഭിഭാഷകൻ ഹരീഷ്‌സാൽവെ ആവശ്യപ്പെട്ടു. തുടർന്ന്‌, കേസ്‌ വെള്ളിയാഴ്‌ചത്തേക്ക്‌ മാറ്റി.

അന്വേഷണ മേൽനോട്ടം വിരമിച്ച ജഡ്‌ജിക്ക്‌

അന്വേഷണത്തിൽ മേൽനോട്ടത്തിന് വിരമിച്ച ഹൈക്കോടതി ജഡ്‌ജിയെ നിയമിച്ചേക്കും. യുപിക്ക്‌ പുറത്തുള്ള ജഡ്‌ജിക്കാവും ചുമതല. പഞ്ചാബ്‌–-ഹരിയാന ഹൈക്കോടതികളിലെ മുൻ ജഡ്‌ജിമാരായ രാകേഷ്‌കുമാർ ജെയിൻ, രഞ്‌ജിത്‌ സിങ് എന്നിവരുടെ പേരാണ്‌ മനസ്സിലുള്ളതെന്നും ചീഫ്‌ ജസ്റ്റിസ്‌ പറഞ്ഞു.
മാധ്യമപ്രവർത്തകൻ മരിച്ചതും മന്ത്രിപുത്രന്റെ കാർ ഇടിച്ച്
ലഖിംപുർ -ഖേരിൽ പ്രാദേശിക മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ടത്‌ മന്ത്രിപുത്രന്റെ കാർ ഇടിച്ചാണെന്ന്‌ തുറന്നുസമ്മതിച്ച്‌ ഉത്തർപ്രദേശ്‌ സർക്കാർ. ഉത്തർപ്രദേശ്‌ സർക്കാരിനുവേണ്ടി മുതിർന്ന അഭിഭാഷകൻ ഹരീഷ്‌സാൽവെയാണ് ഇക്കാര്യം കോടതിയെ അറിയിച്ചത്.
സുപ്രീംകോടതി തുടർച്ചയായി ചോദ്യമുന്നയിച്ചതോടെയാണ് സത്യം പറയാൻ യുപി സർക്കാർ നിർബന്ധിതരായത്. ‘മാധ്യമപ്രവർത്തകനെ ആൾക്കൂട്ടം അടിച്ചുകൊന്നെന്ന രീതിയിലാണ്‌ ആദ്യം വാർത്തകൾ പ്രചരിച്ചത്‌. ഇപ്പോൾ നിങ്ങൾ തന്നെ പറയുന്നു കാറിടിച്ചാണ്‌ മരിച്ചതെന്ന്‌. ഈ കാരണങ്ങൾ കൊണ്ടാണ്‌ സ്വതന്ത്രമായ അന്വേഷണം വേണമെന്ന്‌ ഞങ്ങൾ പറയുന്നത്‌’–- സുപ്രീംകോടതി പ്രതികരിച്ചു.

പ്രാദേശിക മാധ്യമപ്രവർത്തകൻ രാംകശ്യപിനെ കർഷകർ അടിച്ചുകൊന്നതാണെന്ന്‌ ചിത്രീകരിക്കാൻ ആസൂത്രിതനീക്കം നടന്നു. പൊലീസും ബിജെപിക്കാരും ഇതിനായിസമ്മർദം ചെലുത്തിയെന്ന് രാംകശ്യപിന്റെ ബന്ധുക്കൾ വെളിപ്പെടുത്തിയിരുന്നു.

Related posts

ഡിജിറ്റൽ സയൻസ്‌ പാർക്ക്‌: ഒന്നാംഘട്ട പ്രവർത്തനങ്ങൾക്ക്‌ ഇന്ന്‌ തുടക്കം

Aswathi Kottiyoor

ആശ്വാസമായി ഓണ സമൃദ്ധി വിപണികൾ; പൊതുവിപണിയിലും വില പിടിച്ചുനിർത്താനായി

Aswathi Kottiyoor

ദേശീയപാതയിലെ കുഴി ‘ഒട്ടിച്ചതിൽ’ കോടതി ഇടപെടൽ;റോഡിലിറങ്ങി കളക്ടര്‍മാര്‍ റിപ്പോര്‍ട്ട് നല്‍കണം.*

Aswathi Kottiyoor
WordPress Image Lightbox