ഇന്ത്യയിൽ പോഷകാഹാരക്കുറവുളള കുട്ടികളുടെ എണ്ണത്തിൽ മുൻ വർഷത്തെക്കാൾ വൻവർധനയെന്ന് വനിത ശിശു ക്ഷേമ മന്ത്രാലയം അറിയിച്ചു. 33.23 ലക്ഷം കുട്ടികൾക്കു പോഷകാഹാരക്കുറവുണ്ട്. അതിൽ 17.76 ലക്ഷം അതീവ ഗുരുതര പോഷകാഹാരക്കുറവുള്ളവരുമാണ്. വിവരാവകാശ നിയമപ്രകാരമുളള ചോദ്യത്തിനുള്ള മറുപടിയിലാണു കണക്കുകൾ വെളിപ്പെടുത്തിയത്.
അതീവ ഗുരുതര പോഷകാഹാരക്കുറവുള്ളവരുടെ എണ്ണം 2020 നവംബറിൽ 9.27 ലക്ഷം ആയിരുന്നത് 2021 ഒക്ടോബർ 14ന് 17.76 ലക്ഷമായി (91% വർധന) ആയി. ആറുമാസം മുതൽ 6 വയസ്സ് വരെയുള്ള കുട്ടികളുടെ കണക്കാണിത്. പോഷകാഹാരക്കുറവുള്ള കുട്ടികളുടെ എണ്ണത്തിൽ മഹാരാഷ്ട്രയാണ് മുന്നിൽ – 6.16 ലക്ഷം. ബിഹാർ – 4.75 ലക്ഷം, ഗുജറാത്ത് 3.20 ലക്ഷം എന്നിവ അടുത്ത സ്ഥാനങ്ങളിൽ.
കോവിഡ് മഹാമാരി കുട്ടികളിലെ പോഷകാഹാരക്കുറവിന്റെ ആക്കം കൂട്ടിയിട്ടുണ്ട്. ഈ വർഷത്തെ ലോക വിശപ്പ് സൂചികയിൽ (ജിഎച്ച്ഐ) 116 രാജ്യങ്ങളിൽ ഇന്ത്യ മുൻവർഷത്തെ 94ൽ നിന്ന് 101–ാം സ്ഥാനത്തേക്കു പതിച്ചിരുന്നു.