22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • വയനാട്ടിലെ കാർബൺ ന്യൂട്രൽ മാതൃക രാജ്യവ്യാപകമാക്കാൻ കേന്ദ്രം.
Kerala

വയനാട്ടിലെ കാർബൺ ന്യൂട്രൽ മാതൃക രാജ്യവ്യാപകമാക്കാൻ കേന്ദ്രം.

വയനാട്ടിലെ മീനങ്ങാടി പഞ്ചായത്ത് ആവിഷ്കരിച്ച ‘കാർബൺ ന്യൂട്രൽ’ മാതൃക രാജ്യവ്യാപകമായി നടപ്പാക്കാൻ കേന്ദ്രസർക്കാർ ആലോചിക്കുന്നു.

കാലാവസ്ഥാ വ്യതിയാനം ചർച്ചചെയ്യാൻ ഗ്ലാസ്‌ഗോയിൽ ചേർന്ന ആഗോള ഉച്ചകോടിയിൽ ഇന്ത്യയുടെ നിലപാട് ലോകശ്രദ്ധ ആകർഷിച്ചതിനു പിന്നാലെയാണ് തീരുമാനം. വാഹനങ്ങളിലൂടെയും മറ്റുമുള്ള കാർബൺ വ്യാപനം തടയുന്നതിൽ പ്രാദേശിക സർക്കാരുകൾക്ക് ഏറെ പങ്കുവഹിക്കാനാവും എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണിത്. കേന്ദ്ര പഞ്ചായത്തീരാജ് സെക്രട്ടറി സുനിൽകുമാർ വെള്ളിയാഴ്ച വിളിച്ച ഉദ്യോഗസ്ഥരുടെ യോഗത്തിൽ പദ്ധതി വ്യാപിപ്പിക്കുന്നത് തത്ത്വത്തിൽ അംഗീകരിച്ചു. രൂപരേഖ തയ്യാറാക്കാനും പ്രവർത്തന മാനദണ്ഡം നിശ്ചയിക്കാനും മന്ത്രാലയം സീനിയർ കൺസൾട്ടന്റ് ഡോ. പി.പി. ബാലനെ ചുമതലപ്പെടുത്തി.കേരളത്തിലെ തദ്ദേശസ്വയംഭരണ മന്ത്രി എം.വി. ഗോവിന്ദൻ ഈയിടെ തലസ്ഥാനം സന്ദർശിച്ചപ്പോൾ പഞ്ചായത്തീരാജ് മന്ത്രാലയം സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. മീനങ്ങാടി പദ്ധതിയും ചർച്ചയിൽ പരാമർശിക്കപ്പെട്ടു. പിന്നാലെയാണ് കാർബൺ ബഹിർഗമനം സന്തുലിതമാക്കുന്നതിന് പദ്ധതി ദേശവ്യാപകമായി നടപ്പാക്കാൻ തീരുമാനമായത്. കണ്ണൂർ ജില്ലയിലെ എല്ലാപഞ്ചായത്തുകളിലും ഇതു നടപ്പാക്കാൻ സംസ്ഥാനം ശ്രമം തുടങ്ങിയതായും അറിയുന്നു.
കാലാവസ്ഥാ വ്യതിയാനത്തിന്റെ ദുരിതങ്ങൾ ഏറ്റവും കൂടുതൽ അനുഭവിക്കുന്ന ജില്ലകളിലൊന്നായ വയനാട്ടിലെ മീനങ്ങാടിയിൽ ‘കാർബൺ സന്തുലനാവസ്ഥ’ എന്ന ലക്ഷ്യം കൈവരിക്കാൻ 2016-ലാണ് പദ്ധതി തുടങ്ങിയത്.

കാർബൺ ന്യൂട്രൽ പദ്ധതി നടപ്പാക്കിയ ലോകത്തെ ആദ്യപഞ്ചായത്താണ് മീനങ്ങാടിയെന്നും കാനഡ ഉൾപ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങളിൽ ‘കാർബൺ ന്യൂട്രൽ നഗരം’ എന്ന ആശയം രൂപപ്പെട്ടത് ഇതിനുശേഷമാണെന്നും ഡോ. പി.പി. ബാലൻ.

എന്താണ് ‘കാർബൺ ന്യൂട്രൽ’

അന്തരീക്ഷത്തിലേക്കുള്ള ഹരിതഗൃഹ വാതകങ്ങളുടെ ബഹിർഗമനവും സ്വാംശീകരണവും തുല്യമാക്കുന്നതാണ് ‘കാർബൺ ന്യൂട്രൽ’. വനം-ജൈവ വൈവിധ്യ സംരക്ഷണം, ഭക്ഷ്യ-ഊർജ സ്വയംപര്യാപ്തത, മാലിന്യനിർമാർജനം, ശുദ്ധമായ മണ്ണ്-വെള്ളം-വായു എന്നിവയിലേക്ക് പ്രദേശം സ്വാഭാവികമായി മാറുന്നതിന് വഴിയൊരുക്കുന്ന അവസ്ഥ കൂടിയാണിത്. പെട്രോളിയം-കൽക്കരി തുടങ്ങിയ ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗമാണ് അന്തരീക്ഷത്തിൽ ഹരിതഗൃഹ വാതകങ്ങൾ (കാർബൺ ഡയോക്സൈഡ്, നൈട്രസ് ഓക്സൈഡ്, മീഥേൻ) ആവശ്യമായ അനുപാതത്തിലും കൂടുതൽ വർധിക്കാൻ കാരണമാവുന്നത്. ഇത് ആഗോളതാപനത്തിനും വഴിവെക്കുന്നു.
സംസ്ഥാന സര്‍ക്കാരിന്റെ പൈലറ്റ് പ്രോജക്ട് ആയി 2016-ലാണ് കാര്‍ബണ്‍ ന്യൂട്രല്‍ പദ്ധതി വയനാട്ടിലെ മീനങ്ങാടി പഞ്ചായത്തില്‍ തുടങ്ങുന്നത്. പത്തുകോടി രൂപയും അനുവദിച്ചിരുന്നു. കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കുന്നതിനാവശ്യമായ പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പാക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്.

ഏറെ ശ്രദ്ധേയമായത് പരമാവധി മരങ്ങള്‍ നടുന്നത് ലക്ഷ്യമിട്ട ട്രീ ബാങ്കിങ്ങ് സംവിധാനം ആയിരുന്നു. ഓരോ മരത്തിനും ഗ്രാമപ്പഞ്ചായത്തിന്റെ പങ്കാളിത്ത ഉടമസ്ഥാവകാശം ഉണ്ടായിരിക്കും. മലവേപ്പ്, വെള്ളപ്പൈന്‍, പ്ലാവ്, മാവ്, വീട്ടി തുടങ്ങിയ മരങ്ങള്‍ നട്ടുപിടിപ്പിക്കുന്ന കര്‍ഷകന് സഹകരണബാങ്ക് വഴി മരം ഒന്നിന് 50 രൂപ നിരക്കില്‍ വര്‍ഷംതോറും വായ്പ ലഭിക്കും. മരം വെട്ടുമ്പോള്‍ തുക തിരിച്ചടച്ചാല്‍ മതിയാകും.

സ്വകാര്യഭൂമികളിലെ വനവത്കരണം, എല്‍.പി.ജി. ശ്മശാനം, ജൈവക്കൃഷി പ്രോത്സാഹനം, പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുന്നതിനുള്ള ബോധവത്കരണം. ശാസ്ത്രീയ മാലിന്യനിര്‍മാര്‍ജനം, പാരമ്പര്യേതര ഊര്‍ജോത്പാദനം, ജലസ്രോതസ്സുകളും നീര്‍ത്തടങ്ങളും സംരക്ഷിക്കല്‍, ജൈവവൈവിധ്യ രജിസ്റ്റര്‍ നവീകരിക്കല്‍, വാട്ടര്‍ഷെഡ് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കല്‍ പദ്ധതികളും ഇതിനൊപ്പം നടക്കും.

തിരുവനന്തപുരം ആസ്ഥാനമായ പരിസ്ഥിതി സംഘടന തണല്‍, എം.എസ്. സ്വാമിനാഥന്‍ ഫൗണ്ടേഷന്‍ എന്നിവയുടെ സഹകരണത്തോടെയായിരുന്നു പദ്ധതി. ഇത് നടപ്പാക്കുന്നതോടെ കാര്‍ബണ്‍ ന്യൂട്രല്‍ എന്ന പേരില്‍ പ്രദേശത്തെ കാര്‍ഷികോത്പന്നങ്ങളുടെ വിപണനം നടത്താനും അതുവഴി കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കാനും ലക്ഷ്യമിട്ടിരുന്നു. പദ്ധതിയുടെ തുടര്‍ച്ചയായി ‘മലബാര്‍ കോഫി’ എന്ന പേരില്‍ വയനാടന്‍ കാപ്പിയുടെ ഗുണമേന്മ വര്‍ധിപ്പിച്ച് വിപണനം ചെയ്യുന്നതും ആലോചിച്ചിരുന്നു.

Related posts

*കോഴിക്കോട്‌ കെട്ടിടം പൊളിക്കുന്നതിനിടെ സ്ലാബ് തകർന്നുവീണ് ഒഡീഷ സ്വദേശി മരിച്ചു.*

Aswathi Kottiyoor

കരുതലായ് കാരുണ്യ സ്പർശം പദ്ധതിക്ക് ഇരിട്ടി എം ജി കോളേജിൽ തുടക്കമായി

Aswathi Kottiyoor

പാനൂരില്‍ പോലീസിനെതിരായ പ്രതിഷേധം; ഉള്‍പ്പാര്‍ട്ടി കലഹത്തിന്റെ ഉപോല്പ്പന്നം

Aswathi Kottiyoor
WordPress Image Lightbox