ഇരിട്ടി: മാക്കൂട്ടം ചുരംപാതയിൽ കോവിഡിന്റെ പേരിൽ തുടരുന്ന നിയന്ത്രണങ്ങൾ പിൻവലിക്കുന്നത് പരിഗണിക്കാമെന്ന് കുടക് ജില്ലാ ഭരണകൂടം അറിയിച്ചതായി സണ്ണി ജോസഫ് എംഎൽഎ അറിയിച്ചു.
കുടക് അസിസ്റ്റന്റ് കമ്മീഷണർ ചാരുലത സോമലുമായി എംഎൽഎ നടത്തിയ ടെലിഫോൺ സംഭാഷണത്തിലാണ് അനുകൂല നിലപാടുണ്ടായത്. അസിസ്റ്റന്റ് കമ്മീഷണർ അവധിയിലാണെന്നും അവധി കഴിഞ്ഞ് എത്തുമ്പോൾ നേരിട്ടു ചർച്ച നടത്തി പരിഹരിക്കാമെന്നും ഉറപ്പുനൽകിയതായി എംഎൽഎ അറിയിച്ചു. അസിസ്റ്റന്റ് കമ്മീഷണറുടെ ഉറപ്പിനെ തുടർന്ന് യുഡിഎഫ് വള്ളിത്തോടുനിന്ന് മാക്കൂട്ടം ചെക്ക്പോസ്റ്റിലേക്ക് നടത്താനിരുന്ന പ്രതിഷേധ മാർച്ച് മാറ്റിവച്ചതായി യുഡിഎഫ് നിയോജക മണ്ഡലം ചെയർമാൻ പി.കെ. ജനാർദനൻ അറിയിച്ചു.
കേരളത്തിൽനിന്ന് കർണാടകയിലേക്ക് മാക്കൂട്ടം ചുരം പാത വഴി പോകുന്നതിന് ഏതാനും മാസങ്ങളായി തുടരുന്ന യാത്രാനിയന്ത്രണം ഈമാസം 15 വരെ നീട്ടിയിരുന്നു. രണ്ടു ഡോസ് വാക്സിനെടുത്തവർക്ക് രാജ്യത്തെവിടെയും നിർബാധം സഞ്ചരിക്കാമെന്ന് കേന്ദ്രസർക്കാരിന്റെ നിർദേശം നിലനിൽക്കെയാണ് കുടക് ജില്ലാ ഭരണകൂടം ഏകപക്ഷീയമായി നിയന്ത്രണങ്ങൾ ശക്തമാക്കിയത്. കണ്ണൂർ ജില്ലക്കാരായ വിദ്യാർഥികളും കച്ചവടക്കാരുമെല്ലാം കടുത്ത ദുരിതത്തിലാണ്. പ്രഫഷണൽ കോഴ്സുകളിൽ അഡ്മിഷൻ നേടുന്ന സമയമായതിനാൽ കർണാടകയിലെ വിവിധ സ്ഥാപനങ്ങളിൽ ചേരാനാഗ്രഹിക്കുന്ന വിദ്യാർഥികളാണ് യാത്രാനിയന്ത്രണം മൂലം ഏറ്റവുമധികം ദുരിതം നേരിടുന്നത്.