27.2 C
Iritty, IN
July 3, 2024
  • Home
  • Kerala
  • കേരളം അഞ്ചര വർഷമായി ഒരു നികുതിയും കൂട്ടിയിട്ടില്ല; കൂട്ടിയവർ മുഴുവൻ കുറയ്ക്കുക’.
Kerala

കേരളം അഞ്ചര വർഷമായി ഒരു നികുതിയും കൂട്ടിയിട്ടില്ല; കൂട്ടിയവർ മുഴുവൻ കുറയ്ക്കുക’.

പെട്രോളിന്റെയും ഡീസലിന്റെയും കേന്ദ്ര എക്സൈസ് നികുതി യഥാക്രമം 5 രൂപയും 10 രൂപയും വീതം കുറച്ച സാഹചര്യത്തിൽ കേന്ദ്ര സർക്കാരിനെ മാതൃകയാക്കി എന്തുകൊണ്ട് കേരളം ഇന്ധന നികുതി കുറയ്ക്കുന്നില്ലെന്ന ചോദ്യത്തിനു ഉത്തരവുമായി വ്യവസായ മന്ത്രി പി. രാജീവ്. സമൂഹമാധ്യമത്തിലെ കുറിപ്പിലാണ് വിശദീകരണം. കേരളം കഴിഞ്ഞ അഞ്ചര വർഷമായി ഒരു നികുതിയും പെട്രോളിനും ഡീസലിനും കൂട്ടിയിട്ടില്ലെന്നും എത്ര തവണ കൂട്ടിയെന്ന് ഭരിക്കുന്നവർക്ക് പോലും നിശ്ചയമില്ലാത്ത വിധം കൂട്ടികൊണ്ട് മാത്രമിരുന്നവരാണ് ഇപ്പോൾ ഒരു കുറവ് വരുത്തിയതെന്നും മന്ത്രി രാജീവ് വിശദീകരിക്കുന്നു.ഇനിയും വില കുറയണമെന്നു തന്നെയാണ് എല്ലാവരും ആഗ്രഹിക്കുന്നത്. അതിനുള്ള വഴിയും കൂട്ടിയവർ കുറയ്ക്കുക എന്നതു തന്നെയാണ്. അല്ലാതെ ഒരിക്കലും കൂട്ടാത്തവർ കുറയ്ക്കുക എന്നതല്ലെന്നും രാജീവ് പറയുന്നു. ഉമ്മൻ ചാണ്ടി സർക്കാർ ഇന്ധന നികുതി കുറച്ചിരുന്നില്ലേ എന്ന ചോദ്യത്തിനും മന്ത്രി ഉത്തരം നൽകുന്നുണ്ട്. 13 തവണ ഇന്ധന നികുതി വർധിപ്പിച്ചതിനു ശേഷം മാത്രമാണ് ഉമ്മൻ ചാണ്ടി 3 തവണ കുറച്ചതെന്നും രാജീവ് പറയുന്നു. എന്നാൽ ഒരു തവണ പോലും നികുതി വർധിപ്പിക്കാത്ത പിണറായി സർക്കാർ ഒരു തവണ നികുതി കുറച്ചു. കേന്ദ്രം കുറയ്ക്കുമ്പോൾ മൊത്തം വിലയിൽ കുറവ് വരും. സംസ്ഥാനത്തിന്റെ നികുതി ഇനിയും കുറയണമെങ്കിൽ കേന്ദ്രം കുറച്ചാൽ മതിയെന്നും കൂട്ടിയവർ കൂട്ടിയത് മുഴുവൻ കുറയ്ക്കട്ടെയെന്നും പി. രാജീവ് പറയുന്നു.

പെട്രോളിന് 30.08 ശതമാനവും ഡീസലിന് 22.78 ശതമാനവുമാണ് കേരളത്തിലെ വില്‍പന നികുതി. ഈ വില്‍പന നികുതി കുറയ്ക്കണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടത്. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സാഹചര്യത്തില്‍ വില്‍പന നികുതി കുറയ്ക്കാനാവില്ലെന്ന നിലപാടാണ് സംസ്ഥാന സർക്കാരിന്.പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് നികുതി കേന്ദ്രസർക്കാർ കുറച്ചതിനെത്തുടർന്ന് കേരളവും ആനുപാതികമായി കുറച്ചെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ വ്യക്തമാക്കി. കേന്ദ്രത്തിന്റേത് പോക്കറ്റടിക്കാരന്റെ ന്യായമാണെന്നും കേരളത്തിൽ നികുതി കുറയ്ക്കില്ലെന്നും കെ.എൻ. ബാലഗോപാൽ പറഞ്ഞു. സംസ്ഥാനങ്ങൾക്ക് നികുതി കുറയ്ക്കുന്നതിന് ഒരു പരിധിയുണ്ട്. കേരളത്തിന്റെ ധനസ്ഥിതി പരിതാപകരമാണ്. കേന്ദ്രം 30 രൂപ കൂട്ടി, എന്നാൽ അതിന്റെ പങ്ക് സംസ്ഥാനങ്ങൾക്ക് നൽകിയില്ലെന്നു ധനമന്ത്രി കുറ്റപ്പെടുത്തിയിരുന്നു. സംസ്ഥാന സർക്കാരിന്റെ നിലപാടിനെതിരെ പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് ധനമന്ത്രിക്കു പിന്നാലെ വിശദീകരണവുമായി വ്യവസായ മന്ത്രിയും രംഗത്തെത്തിയത്.

പി. രാജീവിന്റെ കുറിപ്പിന്റെ പൂർണരൂപം

നിങ്ങൾ എന്തുകൊണ്ട് നികുതി കുറയ്ക്കുന്നില്ല, കേന്ദ്ര സർക്കാർ കുറച്ചില്ലേ എന്ന് ചിലർ ശക്തമായി ചോദിക്കുന്നുണ്ട്. ഉത്തരം ലളിതമാണ് . കേരളം കഴിഞ്ഞ അഞ്ചര വർഷമായി ഒരു നികുതിയും പെട്രോളിനും ഡീസലിനും കൂട്ടിയിട്ടില്ല. എത്ര തവണ കൂട്ടിയെന്ന് ഭരിക്കുന്നവർക്ക് പോലും നിശ്ചയമില്ലാത്ത വിധം കൂട്ടികൊണ്ട് മാത്രമിരുന്നവരാണ് ഇപ്പോൾ ഒരു കുറവ് വരുത്തിയത്. ഇനിയും വില കുറയണമെന്ന് എല്ലാവരും ആഗ്രഹിക്കുന്നുണ്ട്. അതിനുള്ള വഴിയും കൂട്ടിയവർ കൂട്ടിയത് കുറയ്ക്കുകയെന്നതാണ്. അല്ലാതെ ഒരിക്കലും കൂട്ടാത്തവർ കുറയ്ക്കുക എന്നതല്ല.

അപ്പോൾ ഉമ്മൻ ചാണ്ടി കുറച്ചിരുന്നില്ലേ എന്ന് ചിലർ ചോദിക്കും. അതു ശരിയാണ്. മൂന്നു തവണ അദ്ദേഹത്തിന്റെ സർക്കാർ നികുതി കുറച്ചിട്ടുണ്ട്. പക്ഷേ 13 തവണ വർധിപ്പിച്ച ഉമ്മൻ ചാണ്ടിയാണ് 3 തവണ നികുതി കുറച്ചത്! എന്നാൽ, ഒരു തവണ പോലും നികുതി വർധിപ്പിക്കാത്ത ഒന്നാം പിണറായി സർക്കാർ ഒരു തവണ നികുതി കുറയ്ക്കുകയും ചെയ്തു.

കേന്ദ്രം കുറയ്ക്കുമ്പോൾ മൊത്തം വിലയിൽ കുറവ് വരും. ആ വിലയെ അടിസ്ഥാനപ്പെടുത്തി ചുമത്തുന്ന സംസ്ഥാന നികുതി ആനുപാതികമായി കുറയുകയും ചെയ്യും. സംസ്ഥാനത്തിന്റെ നികുതി ഇനിയും കുറയണമെങ്കിലും കേന്ദ്ര നികുതി നിരക്ക് കുറച്ചാൽ മതി. അതു തന്നെയാണ് നാടിന്റെ പൊതു ആവശ്യവും കൂട്ടിയവർ കൂട്ടിയത് മുഴുവൻ കുറയ്ക്കുക. അതിനായി നാട് ഒറ്റക്കെട്ടായി ശബ്ദമുയർത്തണം.

Related posts

വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കും കോവിഡ് ബാധിച്ചു; ശക്തമായ മുന്‍കരുതല്‍ വേണമെന്ന് വിദഗ്‌ദ്ധര്‍

Aswathi Kottiyoor

പുതുപ്പള്ളി എൽഡിഎഫ്‌ സ്ഥാനാർഥിയെ ഇന്ന്‌ പ്രഖ്യാപിക്കും

Aswathi Kottiyoor

കേ​ര​ള​ത്തി​ൽ പെ​ട്രോ​ൾ വി​ല സെ​ഞ്ചു​റി​ക്ക​രി​കെ

Aswathi Kottiyoor
WordPress Image Lightbox