27.7 C
Iritty, IN
May 17, 2024
  • Home
  • Kerala
  • വസ്ത്രധാരണത്തെ തുറിച്ചുനോക്കേണ്ടതില്ല, മുണ്ടും ഷര്‍ട്ടും ധരിച്ചെത്തിയ ടീച്ചര്‍ക്ക് പറയാനുള്ളത്.
Kerala

വസ്ത്രധാരണത്തെ തുറിച്ചുനോക്കേണ്ടതില്ല, മുണ്ടും ഷര്‍ട്ടും ധരിച്ചെത്തിയ ടീച്ചര്‍ക്ക് പറയാനുള്ളത്.

കുട്ടികള്‍ക്ക് മാതൃകയാകേണ്ട ഒരു അധ്യാപിക ജീന്‍സും ഷോട്ട് ടോപ്പുമൊക്കെ അണിഞ്ഞ് സ്‌കൂളില്‍ വരുന്നത് ശരിയാണോ? അവര്‍ നാളെ എന്ത് വസ്ത്രം ധരിച്ചാകും എത്തുക എന്ന് സഹപ്രവര്‍ത്തകര്‍ തമ്മില്‍ ചര്‍ച്ച ചെയ്യുക. ഇതൊക്കെയാണ് പാലക്കാട് മോയന്‍സ് മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ മലയാളം അധ്യാപിക ഡോ. ലിസ പുല്‍പറമ്പിലിന് നേരിടേണ്ടി വന്നത്. തുടര്‍ച്ചയായുള്ള നെറ്റി ചുളിക്കലുകളോടും വിമര്‍ശനങ്ങളോടുമുള്ള പ്രതിഷേധമായിരുന്നു കേരളപ്പിറവി ദിനത്തില്‍ സ്‌കൂള്‍ തുറന്നപ്പോള്‍ മുണ്ടും ഷര്‍ട്ടും ധരിച്ച് എത്താനുള്ള തീരുമാനമെന്ന് അധ്യാപിക മാതൃഭൂമി ഡോട്ട്‌കോമിനോട് പറഞ്ഞു.

മുണ്ടും ഷര്‍ട്ടും അണിഞ്ഞ് സ്‌കൂളിലെത്തിയതിനെ കുറിച്ച്

സാധാരണയായി സ്‌കൂളില്‍ പോകുമ്പോള്‍ ഇഷ്ടമുള്ള വേഷമാണ് ധരിക്കാറുള്ളത്. ലോങ് ടോപ്പും പാന്റ്‌സും, ഷാളുമൊക്കെയാണ് പതിവ് വേഷം. ഇടയ്ക്ക് സാരിയും ധരിക്കാറുണ്ടായിരുന്നു. ക്യാന്‍സര്‍ രോഗികള്‍ക്ക് നല്‍കുന്നതിനായി മുടി മുറിച്ചിരുന്നു. അതിന് ശേഷം ഷോട്ട് ടോപ്പും ഷര്‍ട്ടും പാന്റ്‌സും ഒക്കെ ധരിക്കുന്നത് പതിവായി. അപ്പോള്‍ തന്നെ ചെറിയ രീതിയിലുള്ള വിമര്‍ശനങ്ങളുണ്ടായിരുന്നു. ഒരു അധ്യാപിക ഇത്തരം വേഷം ധരിച്ച് വരുന്നതിലെ അനൗചിത്യമുണ്ടെന്നായിരുന്നു പല സഹപ്രവര്‍ത്തകരും ചൂണ്ടിക്കാണിച്ചത്. ജീന്‍സ് ധരിച്ച് സത്രീകള്‍ പുറത്തിറങ്ങിയാല്‍ അത് തുറിച്ച് നോക്കപ്പെടേണ്ടതല്ല. ഒരു മനുഷ്യന്റെ വസ്ത്രധാരണം വ്യക്തിയുടെ പൂര്‍ണസ്വാതന്ത്ര്യത്തില്‍ വരുന്ന കാര്യമാണ്. എന്ന നിലപാടാണ് എനിക്ക്

സ്‌കൂളില്‍ അഡ്മിഷന്‍ നടക്കുന്ന സമയത്തും എന്റെ വേഷത്തെ കുറിച്ച് ചര്‍ച്ചകളുണ്ടായി. പെണ്‍കുട്ടികള്‍ മാത്രം പഠിക്കുന്ന സ്‌കൂളില്‍ അവരെ ചേര്‍ക്കാനായി രക്ഷിതാക്കള്‍ ഉള്‍പ്പെടെ എത്തുമ്പോള്‍ ഒരു അധ്യാപിക ഇങ്ങനെ വേഷം ധരിക്കുന്നത് ശരിയല്ലെന്നാണ് പലരും നേരിട്ടും അല്ലാതെയും പറഞ്ഞത്. യാഥാസ്ഥിതിക ബോധത്തില്‍ നിന്നുള്ള അത്തരം ചോദ്യങ്ങള്‍ കാര്യമാക്കിയിരുന്നില്ല.

സ്‌കൂള്‍ തുറക്കുന്നതിന് മുന്‍പുള്ള ദിവസം ഒരു സഹപ്രവര്‍ത്തകന്‍ ഫോണില്‍ വിളിച്ചു. നാളെ കേരളപ്പിറവി ദിനത്തില്‍ സ്‌കൂള്‍ തുറക്കുമ്പോള്‍ എന്ത് വേഷം ധരിച്ചാണ് വരുന്നത് എന്ന് ചോദിച്ചു. നിങ്ങള്‍ എന്തിനാണ് ഇങ്ങനെ ചോദിക്കുന്നതെന്ന് ചോദിച്ചപ്പോള്‍ അത് സ്‌കൂളിലെ അധ്യാപകര്‍ക്കിടയില്‍ ഒരു ചര്‍ച്ചയായി മാറിയിട്ടുണ്ട്. അതുകൊണ്ടാണ് ചോദിച്ചത് എന്നാണ് ആ അധ്യാപകന്‍ എന്നോട് പറഞ്ഞത്. മുന്‍പ് തന്നെ പല തരം വിമര്‍ശനങ്ങള്‍ വസ്ത്രത്തെ കുറിച്ച് കേട്ടിരുന്നു. അതുകൊണ്ട് തന്നെ പ്രതിഷേധം രേഖപ്പെടുത്തണമെന്ന് തീരുമാനിച്ചു. ഇക്കാലത്ത് പോലും നാളെ സ്‌കൂള്‍ തുറക്കുമ്പോള്‍ ഏത് വസ്ത്രം ധരിച്ച് വരും എന്ന ചോദ്യം എനിക്ക് ബുദ്ധിമുട്ടുണ്ടാക്കി. അങ്ങനെയാണ് മുണ്ടും ഷര്‍ട്ടും ധരിക്കാന്‍ തീരുമാനിച്ചത്.

മുന്‍പ് വീട്ടില്‍ നില്‍ക്കുമ്പോള്‍ ഒക്കെ ധരിച്ചിട്ടുണ്ടെങ്കിലും മുണ്ടും ഷര്‍ട്ടും ധരിച്ച് പുറത്ത് പോയിട്ടില്ല. സ്‌കൂളില്‍ നേരിടുന്ന ഇതുപോലുള്ള പ്രശ്‌നങ്ങള്‍ ഭര്‍ത്താവിനോട് പറയാറുണ്ടായിരുന്നു. മുണ്ടും ഷര്‍ട്ടും ധരിച്ച് പോകാനുള്ള തീരുമാനം അറിയിച്ചപ്പോള്‍ പിന്തുണച്ചു. ഭര്‍ത്താവിന്റെ തന്നെ മുണ്ടുടുത്താണ് പോയത്. കോവിഡ് കാരണം നീണ്ട കാലത്തിന് ശേഷം സ്‌കൂള്‍ തുറക്കുമ്പോള്‍ അതേക്കുറിച്ച് ആലോചിക്കുന്നതിന് പകരം ഒരു അധ്യാപികയുടെ വേഷത്തെ കുറിച്ച് ചിന്തിക്കുന്നത് വിഷമമുണ്ടാക്കി.

പെണ്‍കുട്ടികള്‍ മാത്രം പഠിക്കുന്ന സ്‌കൂളില്‍ ഇങ്ങനെയുള്ള വേഷം ധരിച്ച് വരുന്നത് വിദ്യാര്‍ഥിനികള്‍ മാതൃകയാക്കുമോ എന്ന ഭയമാകാം അവരുടെ വിമര്‍ശനങ്ങള്‍ക്ക് കാരണം. മാന്യമായ വസ്ത്രം ധരിക്കുക എന്നതാണ് ചെയ്യുന്നത്. അതില്‍ ഒരു വിമര്‍ശനമുണ്ടാകേണ്ട കാര്യമില്ല. ഒരിക്കല്‍ സ്‌കൂളില്‍ എത്തിയപ്പോള്‍ എന്താണ് ജീന്‍സ് ധരിച്ച് വന്നത് എന്ന് ഒരു അധ്യാപകന്‍ ചോദിച്ചിരുന്നു. താങ്കള്‍ ജീന്‍സ് അല്ലേ ധരിച്ചിരിക്കുന്നതെന്നാണ് മറുപടി നല്‍കിയത്.

ആദ്യമായാണ് മുണ്ടുടുത്തത്. സ്‌കൂളിലെ കുട്ടികള്‍ക്കൊക്കെ നന്നായിട്ടുണ്ടെന്നാണ് അഭിപ്രായം പറഞ്ഞത്. എവര്‍ വളരെ എക്‌സൈറ്റഡ് ആയിരുന്നു. ഏറ്റവും അധികം പെണ്‍കുട്ടികള്‍ പഠിക്കുന്ന സ്‌കൂള്‍ ആയിട്ടും ഒരു വനിതാ സൗഹൃദ ശൗചാലയമില്ലാത്തതും ഡിജിറ്റലൈസേഷന്‍ നടപ്പിലാകാത്തതും ഒപ്പം തന്നെ സ്‌കൂളില്‍ കുട്ടികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ എഴുതിയതിനും അധികൃതര്‍ മുന്‍പ് വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു.

തന്റേടം സര്‍ഗവേദി എന്ന പേരില്‍ കുട്ടികള്‍ക്കായി ഒരു സാഹിത്യ വേദി രൂപീകരിച്ചിരുന്നു. ഈ പേരിനെ കുറിച്ച് പോലും വിമര്‍ശനമുണ്ടായിരുന്നു. തന്റേതായ ഇടം എന്ന നിലയിലാണ് ആ പേര് നല്‍കിയത്. എന്നാല്‍ ഇടക്കാലത്ത് എന്റെ ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ ഉപയോഗിക്കുന്നു എന്ന ആരോപണം വന്നപ്പോള്‍ ഗ്രൂപ്പ് തന്നെ പിരിച്ചുവിടുകയായിരുന്നു.

എനിക്ക് വളരെ സുരക്ഷിതത്വം തോന്നുന്ന വസ്ത്രമായിട്ടാണ് മുണ്ടും ഷര്‍ട്ടും അനുഭവപ്പെട്ടത്. അങ്ങനെ കേരളപ്പിറവിദിനത്തില്‍ ധരിച്ചതാണ്. ചില അധ്യാപകര്‍ നേരിട്ട് അഭിനന്ദിച്ചു. ചിലര്‍ രഹസ്യമായി അഭിനന്ദിച്ചു. മറ്റ് ചിലര്‍ വട്ടാണോ എന്ന് പോലും ചോദിച്ചു. മുണ്ടും ഷര്‍ട്ടും ഒരിക്കലും ഒരു പുരുഷ വേഷമാണെന്ന രീതിയില്‍ ധരിച്ചതല്ല. ഞാന്‍ എന്ത് ധരിക്കണമെന്ന് നിങ്ങള്‍ തീരുമാനിക്കുമ്പോള്‍ അതില്‍ നിന്നുള്ള സ്വാതന്ത്ര്യപ്രഖ്യാപനം ജെന്‍ഡര്‍ പൊളിറ്റിക്‌സ് എന്നിവയുടെ ഭാഗമായിരുന്നു ഈ തീരുമാനം.

ഡിജിറ്റല്‍ വിദ്യാഭ്യാസത്തിന്റെ കാലഘട്ടത്തില്‍ സമൂഹം മുന്നോട്ട് പോകുമ്പോള്‍ വസ്ത്രധാരണം, ചിന്താഗതി, മനോഭാവം, ഇഷ്ടപ്പെട്ട വസ്ത്രം ധരിക്കാനുള്ള സ്വാതന്ത്ര്യം എന്നിവയില്‍ യാഥാസ്ഥിതിക നിലപാടുകളുമായി ചോദ്യം ചെയ്യുന്നത് ശരിയാണെന്ന് കരുതുന്നില്ല. അതിനോടെല്ലാമുള്ള പ്രതിഷേധമാണ് മുണ്ടും ഷര്‍ട്ടും ധരിച്ചതിന് പിന്നില്‍.

Related posts

സുസ്ഥിരവികസനം: രാജ്യത്തെ മികച്ച 10 നഗരങ്ങളിൽ തിരുവനന്തപുരവും കൊച്ചിയും

Aswathi Kottiyoor

ഹോ​ട്ട​ലു​ക​ളി​ൽ ഇ​നി പൊ​ലീ​സി​ന്റെ ര​ഹ​സ്യ നി​രീ​ക്ഷ​ണ​വും.

Aswathi Kottiyoor

സംസ്ഥാന ബജറ്റ് ഇന്ന്; ആകാംഷയോടെ കേരളം

Aswathi Kottiyoor
WordPress Image Lightbox