കണ്ണൂർ: കോവിഡ് കാലത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം സ്കൂള്‍ തുറക്കുമ്പോള്‍ ജാഗ്രത കൈവെടിയരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. പിണറായി എകെജി മെമ്മോറിയല്‍ ഗവ. ഹയര്‍സെക്കൻഡറി സ്കൂളില്‍ 10 കോടി രൂപാ ചെലവില്‍ നിര്‍മിക്കുന്ന ഹയര്‍ സെക്കൻഡറി ബ്ലോക്കിന്റെ തറക്കല്ലിടല്‍ നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി.
സ്കൂളിലേക്ക് വരുന്ന കുട്ടികളുള്ള വീടുകളിലെ മുതിര്‍ന്നവര്‍ എല്ലാവരും വാക്സിന് എടുക്കണം. ഇക്കാര്യത്തില്‍ വാര്‍ഡ് തല ജാഗ്രതാ സമിതികള്‍ ശ്രദ്ധിക്കണം. ആരെങ്കിലും വാക്സിന് എടുക്കാത്തതായി ഉണ്ടെങ്കില്‍ അവരെ വാക്സിന് എടുക്കാന്‍ ജാഗ്രതാ സമിതകള്‍ പ്രേരിപ്പിക്കണം. കുട്ടികള്‍ മാസ്ക്ക് ധരിക്കുക എന്നത് പ്രധാനമാണ്. കുട്ടിക്ക് പറ്റിയ മാസ്ക് തന്നെയാണോ എന്നതും ശ്രദ്ധിക്കണം.- മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയുടെ ദുര്‍ഗതി അവസാനിച്ച് കഴിഞ്ഞതായും ഇനിയത് വളര്‍ച്ചയുടെ പാതയിലാണെന്നും പിണറായി വിജയന് പറഞ്ഞു. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിലൂടെ കഴിഞ്ഞ അഞ്ചു വര്‍ഷം കൊണ്ട് സമാനതകളില്ലാത്ത മുന്നേറ്റമാണ് പൊതുവിദ്യാഭ്യാസ മേഖലയില്‍ ഉണ്ടായത്. സ്കൂളുകളില്‍ ഓരോ വര്‍ഷവും കുട്ടികള്‍ ഏറിവരികയാണ്. ഉന്നത വിദ്യാഭ്യാസ മേഖലയിലും വലിയ മാറ്റങ്ങളാണ് ഉണ്ടായത്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കുന്ന നടപടികള്‍ പുരോഗമിച്ചുവരികയാണ്. നവകേരള സൃഷ്ടിയുടെ ഭാഗമാണ് വിദ്യാഭ്യാസ ശാക്തീകരണം. ലോകോത്തര നിലവാരമുള്ള വിദ്യാലയങ്ങളില്‍ ലോക നിലവാരമുള്ള വിദ്യാഭ്യാസം ഏവര്‍ക്കും ലഭ്യമാക്കുകയാണ് സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ അധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് വകുപ്പ് കെട്ടിടവിഭാഗം എക്സിക്യുട്ടീവ് എൻജിനിയര്‍ ജിഷാ കുമാരി പദ്ധതി വിശദീകരിച്ചു. മൂന്നു നിലകളില്‍ 4946 ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലാണ് പുതിയ കെട്ടിടം നിര്‍മിക്കുക. 12 ക്ലാസ് മുറികള്‍ സജ്ജീകരിക്കാന്‍ സാധിക്കും. ഇതോടൊപ്പം കെമിസ്ട്രി, സുവോളജി, ബോട്ടണി, ഫിസിക്സ്, കംപ്യൂട്ടര്‍ എന്നീ വിഭാഗങ്ങള്‍ക്ക് പ്രത്യേകം ലബോറട്ടറി സൗകര്യം ഒരുക്കും.
അധ്യാപകര്‍ക്കുള്ള മുറി, പരീക്ഷാ രേഖകളുടെ സൂക്ഷിപ്പുമുറി, എല്ലാ നിലകളിലും ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകമായി ടോയ്ലറ്റ് സൗകര്യം, ഗോവണികള്‍ക്ക് പുറമേ പ്രത്യേക ലിഫ്റ്റ് സൗകര്യം എന്നിവ ഒരുക്കും. വോളിബോള്‍ കോര്‍ട്ട് ഉള്‍ക്കൊള്ളുന്ന ആധുനിക രീതിയിലുള്ള ഇന്‍ഡോര്‍ സ്റ്റേഡിയവും കെട്ടിടത്തിന്റെ ഭാഗമായി നിര്‍മിക്കും. ജില്ലാ പഞ്ചായത്തംഗം കോങ്കി രവീന്ദ്രന്, തലശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.പി. അനിത, അംഗം സി.എം. സജിത, പിണറായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ. രാജീവന്, അംഗം എ. ദീപ്തി, ഹയര്‍സെക്കണ്ടറി വിദ്യാഭ്യാസം കണ്ണൂര്‍ ആര്‍ഡിഡി പി.എന്‍. ശിവന്, മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി. ബാലന്, മുന്‍ എംപി കെ.കെ. രാഗേഷ്, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി.വി. പ്രദീപന്, തലശേരി ഡിഇഒ എ.പി. അംബിക, ധര്‍മടം മണ്ഡലം വിദ്യാഭ്യാസ സമിതി കണ്‍വീനര്‍ പ്രഫ. കെ. ബാലന്, സ്കൂള്‍ പ്രിന്‍സിപ്പല്‍ ആര്. ഉഷാ നന്ദിനി, മുഖ്യാധ്യാപിക എം.പി. ജീവ തുടങ്ങിയവര്‍ പങ്കെടുത്തു.
previous post