24.3 C
Iritty, IN
October 6, 2024
  • Home
  • Kerala
  • കേന്ദ്രവിഹിതം തീർന്നു; തൊഴിലുറപ്പ്‌ പ്രതിസന്ധിയിൽ .
Kerala

കേന്ദ്രവിഹിതം തീർന്നു; തൊഴിലുറപ്പ്‌ പ്രതിസന്ധിയിൽ .

കേന്ദ്രം മതിയായ ഫണ്ട്‌ അനുവദിക്കാത്തതിനെ തുടർന്ന്‌ ദേശീയ ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതി കടുത്ത പ്രതിസന്ധിയിൽ. സാമ്പത്തികവർഷത്തിന്റെ പകുതി പിന്നിട്ടപ്പോൾത്തന്നെ കേന്ദ്രബജറ്റ്‌ വിഹിതം തീർന്നു. 21 സംസ്ഥാനവും കേന്ദ്രവിഹിതത്തിന്റെ 100 ശതമാനത്തിലേറെ പദ്ധതിക്കായി ചെലവിട്ടു. 2020–-21ൽ 1.11 ലക്ഷം കോടി രൂപ ചെലവിട്ടു. ഈ സാമ്പത്തികവർഷം 73,000 കോടി രൂപ മാത്രമാണ്‌ കേന്ദ്രസർക്കാർ നീക്കിവച്ചത്‌.

രാജ്യവ്യാപക അടച്ചുപൂട്ടൽ കഴിഞ്ഞതിനാൽ തൊഴിലുറപ്പ്‌ പദ്ധതിക്ക്‌ ആവശ്യക്കാർ ഉണ്ടാകില്ലെന്ന്‌ വാദിച്ചാണ്‌ കേന്ദ്രം ബജറ്റ്‌ വിഹിതം കുറച്ചത്‌. എന്നാൽ, ഗ്രാമീണമേഖലയിൽ കടുത്ത സാമ്പത്തിക, തൊഴിൽപ്രതിസന്ധി തുടരുകയാണെന്നും തൊഴിലുറപ്പ്‌ പദ്ധതി കൂടുതൽ വിപുലമായി നടപ്പാക്കണമെന്നും സിപിഐ എം അടക്കമുള്ള കക്ഷികൾ തുടർച്ചയായി ആവശ്യപ്പെട്ടിരുന്നു. ഗ്രാമീണമേഖലയിൽ പ്രതിവർഷം 100 തൊഴിൽദിനം നൽകാനാണ്‌ തൊഴിലുറപ്പ്‌ പദ്ധതി.കഴിഞ്ഞ ദിവസത്തെ കണക്കുപ്രകാരം 28 സംസ്ഥാനത്തും ഏഴ്‌ കേന്ദ്രഭരണ പ്രദേശത്തുമായി 79,810 കോടി രൂപ പദ്ധതിക്ക്‌ ചെലവിട്ടു.

കേരളമടക്കം പല സംസ്ഥാനങ്ങളും കേന്ദ്രം അനുവദിച്ചതിനേക്കാൾ തുക വിനിയോഗിച്ചു. തമിഴ്‌നാട്‌ 139.3 ശതമാനവും ആന്ധ്രപ്രദേശ്‌ 137 ശതമാനവും ഹിമാചൽപ്രദേശ്‌ 135.2 ശതമാനവും കേരളം 127.1 ശതമാനവും ചെലവിട്ടു. നൽകിയ ജോലിയുടെ കൂലിയും ഉപയോഗിച്ച സാമഗ്രികളുടെ വിലയും സംസ്ഥാനങ്ങൾ നൽകേണ്ട സ്ഥിതിയാണ്‌. അല്ലാത്തപക്ഷം കേന്ദ്രം അധികവിഹിതം അനുവദിക്കണം. രാജ്യത്ത്‌ 2019നെ അപേക്ഷിച്ച്‌ 2020ൽ കർഷക–- കർഷകത്തൊഴിലാളികളുടെ ആത്മഹത്യ 18 ശതമാനവും കൂലിപ്പണിക്കാരുടെ ആത്മഹത്യ 15.67 ശതമാനവും വർധിച്ചതായി ദേശീയ ക്രൈം റെക്കോഡ്‌സ്‌ ബ്യൂറോ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്‌.
അതേസമയം, തൊഴിലുറപ്പ്‌ പദ്ധതിക്ക്‌ ആവശ്യമായ ഫണ്ട്‌ ലഭ്യമാക്കാൻ കേന്ദ്രസർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന്‌ ഗ്രാമവികസന മന്ത്രാലയം പത്രക്കുറിപ്പിൽ അറിയിച്ചു.

Related posts

തൃശൂർ പൂരം മാതൃകാപരമായി നടത്താനുള്ള ഒരുക്കം പൂർണം

Aswathi Kottiyoor

ചാരക്കണ്ണ് കണ്ടെത്താൻ സമിതി; പെഗസസിൽ സത്യം പുറത്തുവന്നേ തീരൂ എന്ന് സുപ്രീം കോടതി .

Aswathi Kottiyoor

സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ പരിശോധനയ്ക്കായി സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചു: മന്ത്രി വീണാ ജോർജ്‌

Aswathi Kottiyoor
WordPress Image Lightbox