കണ്ണൂർ: കെഎസ്യു ജില്ലാ നേതൃത്വ ക്യാന്പ് കണ്ണൂരിൽ തുടങ്ങി. ഇന്നലയും ഇന്നുമായി ഡിസിസി ഓഫീസ് ഓഡിറ്റോറിയത്തിലാണ് ക്യാന്പ് നടക്കുന്നത്. സംഘടനാ പ്രവർത്തന രീതിയിൽ വലിയ മാറ്റത്തിന് കോൺഗ്രസിൽ തുടക്കം കുറിച്ചപ്പോൾ പോഷക സംഘടനയായ കെഎസ്യുവിലും മാറ്റം പ്രകടമായി. ഉദ്ഘാടകനില്ലാതെ സംഘടനാ നടപടിക്രമങ്ങൾ പാലിച്ചാണ് ആരംഭിച്ചത്.ജില്ലയിലെ 11 ബ്ലോക്ക് കമ്മിറ്റികളിൽ നിന്നുള്ള പ്രതിനിധികൾ ക്യാന്പിൽ പങ്കെടുക്കുന്നുണ്ട്. ജില്ലാ പ്രസിഡന്റ് പി. മുഹമ്മദ് ഷമ്മാസ് പതാക ഉയർത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് വി.പി അബ്ദുൾ റഷീദ്, സംസ്ഥാന ജനറൽ സെക്രട്ടറി വി.കെ. അതുൽ എന്നിവരും പങ്കെടുത്തു.
കലാലയങ്ങളെ അരാജകത്വത്തിലേക്ക് നയിക്കാനും വിദ്യാർഥികളെ ക്രൂരൻമാരായി മാറ്റാനും എസ്എഫ്ഐ കേരളത്തിൽ ബോധപൂർവം പരിശ്രമിക്കുന്നുണ്ടെന്നും ഇതിനെ എതിർത്ത് തോൽപിക്കാൻ മാനവികതയിലൂന്നിയ ശൈലിയിലൂടെ മുന്നോട്ട് പോകണമെന്ന് വിവിധ സെഷനുകളിലെ ചർച്ചയിൽ അഭിപ്രായം ഉയർന്നു. മേയർ ടി.ഒ. മോഹനൻ, ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ്, കെ.സി മുഹമ്മദ് ഫൈസൽ എന്നിവർ പ്രസംഗിച്ചു. കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ എംപി, വി.ടി. ബൽറാം, കെ.എം അഭിജിത്ത് തുടങ്ങിയവർ ഇന്ന് ക്യാമ്പിൽ സംബന്ധിക്കും.