ഹാർബറുകളിലും ഫിഷ് ലാൻഡിങ് സെന്ററുകളിലുമെത്തിക്കുന്ന മീൻ ലേലത്തുകയുടെ അഞ്ചുശതമാനം കമ്മിഷൻ തുക സർക്കാരിന് നൽകണമെന്ന ഓർഡിനൻസ് നിയമമാവുന്നു. കഴിഞ്ഞദിവസം നിയമസഭയിൽ അവതരിപ്പിച്ച ബിൽ സബ്ജക്റ്റ് കമ്മിറ്റി അംഗീകരിച്ചതോടെയാണിത്. 2020 സെപ്റ്റംബറിൽ ഓർഡിനൻസ് പുറത്തിറങ്ങിയ ഘട്ടത്തിൽ ഈ വ്യവസ്ഥയ്ക്കെതിരേ പ്രതിഷേധം ഉയർന്നിരുന്നു.
കഴിഞ്ഞ സർക്കാരിന്റെ അവസാനകാലത്തായിരുന്നു ഇത്. യാനത്തിന്റെ ഉടമയോ അതുമായി ബന്ധപ്പെട്ടവരോ അഞ്ചുശതമാനം നൽകണമെന്ന വ്യവസ്ഥ തിരിച്ചടിയാകുമെന്ന് യാനങ്ങളുടെ ഉടമകൾ പറയുന്നു. മത്സ്യത്തൊഴിലാളികൾക്കു കിട്ടേണ്ട വിഹിതത്തിൽനിന്നാണ് ഈ അഞ്ച് ശതമാനം തുക സർക്കാരിലേക്ക് പോകുന്നത്.
ബിൽ പ്രകാരം ലേലക്കാരൻ, മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണസംഘം, തദ്ദേശ സ്വയംഭരണസ്ഥാപനം, ഫിഷ് ലാൻഡിങ് സെന്റർ/ ഹാർബർ/ ഫിഷ് മാർക്കറ്റ് മാനേജ്‌മെന്റ് സൊസൈറ്റി, സർക്കാർ എന്നിവർക്കായി ഈ കമ്മിഷൻ തുക വിഭജിക്കപ്പെടും. ഇതിന്റെ അനുപാതം സർക്കാരിന് വിജ്ഞാപനത്തിലൂടെ നിശ്ചയിക്കാം. അഞ്ച് ശതമാനമെന്നത് ഒരു ശതമാനമാക്കണമെന്ന് ടി.എൻ. പ്രതാപൻ എം.പി. ആവശ്യപ്പെട്ടു.
നിയമം മത്സ്യമേഖലയിലെ ചൂഷണം തടയാൻ
ചൂഷണത്തിൽനിന്ന് സാധാരണക്കാരായ തൊഴിലാളികളെ രക്ഷിക്കുന്നതിനുവേണ്ടിയാണ് ഈ നിയമം. ഇതോടെ മത്സ്യലേലത്തിനും വിപണനത്തിനും കൃത്യമായ മാനദണ്ഡങ്ങളുണ്ടാവും. സർക്കാരിലേക്കു പോകുന്ന അഞ്ചു ശതമാനത്തിൽ രണ്ടു ശതമാനം തിരിച്ച് തൊഴിലാളികൾക്കുതന്നെ ലഭിക്കുന്ന വിധത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. -എം. താജുദ്ദീൻ, ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടർ, മറൈൻ
പരിമിതപ്പെടുത്തണം
മത്സ്യഫെഡിൽനിന്നോ മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണസംഘത്തിൽനിന്നോ വായ്പയെടുത്തിട്ടുള്ളവർക്ക് മാത്രം നിയമം ബാധകമാക്കുന്നതാണ് അഭികാമ്യം. സർക്കാരിൽനിന്നുള്ള ഒരു ആനുകൂല്യവും ലഭിക്കാതെ സർക്കാരിലേക്ക് ലേലത്തുകയുടെ അഞ്ച് ശതമാനം കമ്മിഷൻ തുക നൽകണമെന്ന വ്യവസ്ഥ നീതിയുക്തമല്ല. -മത്തിയാസ് പീറ്റർ (ഓൾ കേരള ഫിഷിങ് ബോട്ട് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ്)