പിഞ്ചുമകളെ പുഴയിൽ തള്ളിയിട്ട് കൊലപ്പെടുത്തിയെന്ന കേസിൽ റിമാൻഡിൽ കഴിയുന്ന പ്രതിയെ തലശ്ശേരി എ.സി.ജെ.എം കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടു. തലശ്ശേരി കുടുംബകോടതി ജീവനക്കാരൻ പാട്യം പത്തായക്കുന്നിലെ കെ.പി. ഷിനു എന്ന ഷിജുവിനെയാണ് (42) മജിസ്ട്രേറ്റ് എം. അനിൽ രണ്ടുദിവസത്തേക്ക് കസ്റ്റഡിയിൽ നൽകിയത്. പ്രതിയെ കസ്റ്റഡിയിൽ വാങ്ങിയ കതിരൂർ പൊലീസ് ഇയാളെ വൈദ്യപരിശോധനക്ക് വിധേയമാക്കി. പിന്നീട് കൊലപാതകം നടന്ന പാത്തിപ്പാലം പുഴയിലെ ചെക്ഡാം പരിസരത്തെത്തിച്ച് തെളിവെടുത്തു. തെളിവെടുക്കാനായി പ്രതിയെ മൂന്നുദിവസം കസ്റ്റഡിയിൽ വിട്ടുകിട്ടാനായിരുന്നു അന്വേഷണ ഉദ്യോഗസ്ഥനായ കതിരൂർ സി.ഐ കെ.വി. മഹേഷ് കോടതിയിൽ ഹരജി നൽകിയത്.
പൊലീസിെൻറ അപേക്ഷയെ തുടർന്ന് ഷിനുവിനെ തിങ്കളാഴ്ച ജയിലിൽനിന്നും കോടതിയിൽ ഹാജരാക്കിയിരുന്നു. കേസ് പരിഗണിച്ചപ്പോൾ, താൻ മാനസിക അസ്വാസ്ഥ്യത്തിന് ചികിത്സയിലാണെന്ന് പ്രതി മജിസ്ട്രേറ്റ് മുമ്പാകെ ബോധിപ്പിച്ചതിനാൽ മനോനില പരിശോധിച്ച് റിപ്പോർട്ട് നൽകാൻ കോടതി ആവശ്യപ്പെട്ടിരുന്നു. തിങ്കളാഴ്ച ജയിലിലേക്ക് തിരിച്ചയച്ച ഷിജുവിനെ ചൊവ്വാഴ്ച വീണ്ടും ഹാജരാക്കിയപ്പോഴാണ് പൊലീസ് കസ്റ്റഡിയിൽ വിട്ടുനൽകിയത്.
കഴിഞ്ഞ വിദ്യാരംഭ ദിവസം വൈകീട്ടാണ് പാത്തിപ്പാലം ചെക്ഡാമിന് സമീപം പുഴയിൽ ഭാര്യ സോനയെയും ഒന്നര വയസ്സുള്ള മകൾ അൻവിതയെയും ഷിജു തള്ളിയിട്ടത്. മകൾ മുങ്ങിമരിച്ചു. ഭാര്യയെ നാട്ടുകാർ രക്ഷപ്പെടുത്തി. സംഭവശേഷം ഓടിരക്ഷപ്പെട്ട ഷിജുവിനെ പിറ്റേ ദിവസം മട്ടന്നൂർ മഹാദേവ ക്ഷേത്രക്കുളത്തിനു സമീപത്തുനിന്നും നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു.