കേളകം: നവംബർ ഒന്നിന് സ്കൂൾ തുറക്കുന്നതിന്‍റെ മുന്നോടിയായി രക്ഷിതാക്കൾക്കാവശ്യമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നതിനായി കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ പത്താംതരം വിദ്യാർഥികളുടെ രക്ഷാകര്‍ത്തൃ സംഗമം സംഘടിപ്പിച്ചു. കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന സംഗമത്തിൽ പിടിഎ പ്രസിഡണ്ട് എസ് ടി രാജേന്ദ്രൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ റവ. ഫാ. വർഗീസ് പടിഞ്ഞാറേക്കര ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ എം വി മാത്യു രക്ഷിതാക്കൾക്കും കുട്ടികൾക്കുമാവശ്യമായ നിർദ്ദേശങ്ങൾ നൽകി. ‘സ്കൂൾ തുറക്കുന്നു, ജാഗ്രത വേണം’ എന്ന പേരിൽ എഴുതി തയ്യാറാക്കി ഓരോ വീടുകളിലും പ്രദർശിപ്പിക്കാവുന്ന രീതിയിൽ പ്രിന്റ് ചെയ്ത 16 നിർദ്ദേശങ്ങൾ രക്ഷിതാക്കൾക്ക് കൈമാറി. കുട്ടിയെ സ്കൂളില്‍ വിടുന്നതിനുള്ള സമ്മതപത്രം, വീട്ടിലെ വ്യക്തികളെക്കുറിച്ചുള്ള വിവരശേഖരണം എന്നിവയും നടന്നു. ക്ലാസ് അദ്ധ്യാപകരായ ജോബി ഏലിയാസ്, ടൈറ്റസ് പി സി, സോണി ഫ്രാൻസിസ്, സീന ഇ എസ്, ഫാ. എൽദോ ജോൺ എന്നിവർ സംഗമത്തിന് നേതൃത്വം നൽകി.
‘സ്കൂൾ തുറക്കുന്നു; ജാഗ്രത വേണം’
രക്ഷിതാക്കളും കുട്ടികളും അറിയാൻ…
സെൻറ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ, കേളകം.
1. കുട്ടികളുടെ ഭാവിയെ കരുതിയാണ് സര്‍ക്കാര്‍ സ്കൂൾ തുറക്കുന്നത് എന്ന് ഓര്‍ക്കണം.
2. കൊറോണ വൈറസ് നമ്മുടെ ചുറ്റുപാടിൽ നിന്നും തീർത്തും ഒഴിവായിട്ടില്ല.
3. രക്ഷിതാവിൻെറ സമ്മതത്തോടെ മാത്രമാണ് കുട്ടി സ്കൂളിൽ വരുന്നത്.
4. വീട് മുതൽ സ്കൂൾ വരെയും സ്കൂൾ മുതൽ വീട് വരെയും കുട്ടിയുടെ കാര്യത്തിൽ രക്ഷിതാക്കൾക്ക് ശ്രദ്ധ ഉണ്ടാകണം.
5. ആദ്യ ഒരാഴ്ച 9.30 ന് ക്ലാസ് ആരംഭിച്ച് 12.30 ന് ക്ലാസ് അവസാനിക്കും. ഓരോ ക്ലാസിന്‍റേയും സമയം വ്യത്യസ്തമാണ്, അത് ക്ലാസ് തുടങ്ങുമ്പോൾ അറിയിക്കുന്നതാണ്.
6. ഒരു ക്ളാസിൽ 20 ൽ താഴെ കുട്ടികൾ, ഒരു ബെഞ്ചിൽ 2 കുട്ടികൾ എന്ന രീതിയിലായിരിക്കും ക്ലാസ്സ് ക്രമീകരിക്കുന്നത്.
7. ഒരു ക്ലാസിലെ കുട്ടികൾ ഒരു ബയോബബിൾ (കൂട്ടം/Group) ആയിരിക്കും. അവര്‍ മറ്റ് ക്ലാസുകളിലെ കുട്ടികളോട് അടുത്ത് ഇടപഴകുന്നത്.
8. മാസ്ക് നിർബന്ധമായും മുഴുവൻ സമയവും ധരിക്കണം.
9. സ്കൂളിലേക്ക് വരുമ്പോൾ കവാടം കടന്നാൽ ടെമ്പറേച്ചർ നോക്കിയും സോപ്പ് ഉപയോഗിച്ച് കൈ കഴുകിയും മാത്രമേ ക്ലാസ് മുറിയിൽ പ്രവേശിക്കാൻ പാടുള്ളൂ.
10. വീട്ടിലെത്തിയാൽ സോപ്പ് ഉപയോഗിച്ച് കൈ കഴുകിയശേഷം മാത്രമേ ബാഗ് താഴെ വെക്കുന്നത് ഉൾപ്പെടെ വസ്ത്രം മാറാൻ പാടുള്ളു. വീട്ടുമുറ്റത്ത് രക്ഷിതാക്കൾ വെള്ളവും സോപ്പും കരുതണം.
11. സ്കൂൾ വിട്ടാൽ ഇടവഴികളിലോ കടകളിലോ കൂട്ടുകാരോടൊപ്പമോ തങ്ങാതെ കുട്ടികൾ നേരെ വീട്ടിലേക്ക് തന്നെ പോകണം.
12. സ്കൂളിൻെറ അച്ചടക്കം കൃത്യമായി പാലിക്കാൻ കുട്ടിയെ രക്ഷിതാക്കൾ നിർബന്ധിക്കണം.
13. പൊതുഗതാഗത മാർഗ്ഗം ഉപയോഗിച്ച് സ്കൂളില്‍ വരുന്ന കുട്ടികൾ (ബസ്, ഓട്ടോ, ജീപ്പ് തുടങ്ങിയവ) നിർബന്ധമായും സ്വന്തമായി സാനിറ്റൈസർ കരുതുകയും ആവശ്യമായ സമയങ്ങളിൽ ഉപയോഗിക്കുകയും വേണം. അത്തരം കുട്ടികൾ വാഹനത്തിൽ ആയിരിക്കുമ്പോൾ രണ്ട് മാസ്ക് (ഡബിൾ മാസ്ക് /Double mask) ഉപയോഗിക്കുന്നത് നല്ലതാണ്.
14. നടന്ന് സ്കൂളില്‍ വരാൻ പറ്റുന്ന കുട്ടികൾ നടന്നു തന്നെയും സ്വന്തം വാഹനത്തിൽ കൊണ്ടുവന്നാക്കാൻ പറ്റുന്നവർ അങ്ങനെയും ചെയ്യേണ്ടതാണ്. മറ്റ് കുട്ടികൾ മാത്രം പൊതുഗതാഗത സൗകര്യം ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക.
15. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്ത കുട്ടികൾക്കെതിരെ മാതൃകാപരമായ ശിക്ഷണ നടപടി സ്വീകരിക്കുന്നതാണ്.
16. കോവിഡ് ഭയം ആർക്കും വേണ്ട, ഇതൊരു അനുഭവമായി കരുതുക, ജാഗ്രത ഒരുകാരണവശാലും കൈവെടിയരുത്.