ഇരിട്ടി: കോവിഡിന്റെ പേരിൽ മാക്കൂട്ടം-ചുരം പാതയിൽ കുടക് ജില്ലാ ഭരണകൂടം തുടരുന്ന യാത്രാ നിയന്ത്രണം പിൻവലിക്കണമെന്നാവശ്യപ്പെട്ട് 29ന് ഉച്ചകഴിഞ്ഞ് മൂന്നിന് വള്ളിത്തോട് നിന്ന് മാക്കൂട്ടത്തേക്ക് പ്രതിഷേധ മാർച്ച് നടത്താൻ യുഡിഎഫ് നിയോജക മണ്ഡലം കമ്മിറ്റി യോഗം തീരുമാനിച്ചു.
ആർടിപിസിആർ നിബന്ധന പിൻവലിക്കണമെന്നും രണ്ട് ഡോസ് വാക്സിൻ എടുത്തവർക്ക് നിയന്ത്രണങ്ങളില്ലാതെ ചുരം പാത വഴി കുടക് ജില്ല വഴി പ്രവേശിക്കാൻ കഴിയണമെന്നും ആവശ്യപ്പെട്ടാണ് മാർച്ച്. എംഎൽഎ മാരായ സണ്ണി ജോസഫ്, സജീവ് ജോസഫ് എന്നിവരുടെ നേതൃത്വത്തിൽ നടത്തുന്ന മാർച്ചിൽ മേഖലയിലെ യുഡിഎഫിന്റെ മുഴുവൻ ജനപ്രതിനിധികളും പങ്കാളികളാവും.
അമ്പായത്തോട്-പാൽച്ചുരം റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് 29ന് രാവിലെ 11ന് കൊട്ടിയൂരിൽ ധർണ നടത്താനും യോഗം തീരുമാനിച്ചു.
സണ്ണി ജോസഫ് എംഎൽഎ യോഗം ഉദ്ഘാടനം ചെയ്തു. യുഡിഎഫ് നിയോജക മണ്ഡലം ചെയർമാൻ പി.കെ. ജനാർദനൻ അധ്യക്ഷത വഹിച്ചു. യുഡിഎഫ് ജില്ലാ ചെയർമാൻ പി.ടി. മാത്യു, മറ്റു നേതാക്കളായ ഇബ്രാഹിം മുണ്ടേരി, സി.അബ്ദുള്ള, കെ. വേലായുധൻ, ഡെന്നിസ് മാണി, സുനിൽ ജോസഫ്, തോമസ് വർഗീസ്, വത്സൻ അത്തിക്കൽ, കെ. അസു തുടങ്ങിയവർ പങ്കെടുത്തു.
previous post