ജില്ലയിൽ നിർമിക്കുന്ന ഏഴ് റെയിൽവേ മേൽപാലങ്ങളുടെ സ്ഥലമെടുപ്പ് നടപടികൾ തുടങ്ങി. പുന്നോൽ മാക്കൂട്ടം, മുഴപ്പിലങ്ങാട് കുളംബസാർ, കണ്ണൂർ സൗത്ത്, പന്നേൻപാറ, കണ്ണപുരം, ചെറുകുന്ന്, കുഞ്ഞിമംഗലം ലെവൽക്രോസുകളിലാണ് റെയിൽവേ മേൽപാലം (ആർഒബി) വരുന്നത്. കേരള റെയിൽ ഡെവലപ്പ്‌മെന്റ് കോർപ്പറേഷനാണ് (കെ റെയിൽ) നിർമാണ ചുമതല. സംസ്ഥാനവും റെയിൽവേയും ഇതു സംബന്ധിച്ച് ധാരണാപത്രം ഒപ്പിട്ടു.
പുന്നോൽ മാക്കൂട്ടത്തും ഏഴിമലയും സാമൂഹികാഘാത പഠനം നടത്തിയശേഷം ഭൂമി ഏറ്റെടുക്കൽ തുടങ്ങും. ഏഴിമലയിൽ പഠനത്തിനുള്ള ഏജൻസിയെ ചുമതലപ്പെടുത്തി. കണ്ണൂർ സിറ്റി റോഡ് ഇംപ്രൂവ്‌മെന്റ് സ്‌കീമിൽ ഉൾപ്പെടുത്തിയാണ് കണ്ണൂർ സൗത്ത്, പന്നേൻപാറ മേൽപ്പാലങ്ങളുടെ സ്ഥലമെടുപ്പ്. കേരള റോഡ് ഫണ്ട് ബോർഡ് (കെആർഎഫ്‌ബി) സ്ഥലമെടുത്ത് കെ റെയിലിന് കൈമാറും. മറ്റ് മൂന്ന് മേൽപാലങ്ങളുടെ നടപടികളും പുരോഗമിക്കുന്നു. ഏഴിമലയിൽ 38 കോടിയും മാക്കൂട്ടത്ത് 26 കോടി രൂപയുമാണ് നിർമാണ ചെലവ് പ്രതീക്ഷിക്കുന്നത്.
പുന്നോൽ മാക്കൂട്ടത്ത്
പാലത്തിന്
രൂപരേഖയായി
മാക്കൂട്ടത്ത് പാലം നിർമിക്കാൻ ഉദ്ദേശിക്കുന്ന സ്ഥലം കേരള റെയിൽ ഡെവലപ്പ്‌മെന്റ് കോർപ്പറേഷൻ എൻജിനിയറുടെ നേതൃത്വത്തിൽ അടയാളപ്പെടുത്തി. ഭൂമി ഏറ്റെടുക്കാൻ റവന്യു വകുപ്പിന്റെ ഉത്തരവുമായി. തലശേരി ലാൻഡ് അക്വിസിഷൻ തഹസിൽദാർക്കാണ് മാക്കൂട്ടം ആർഒബിയുടെ ഭൂമി ഏറ്റെടുക്കാനുള്ള ചുമതല. റെയിൽവേ, റവന്യു വകുപ്പുകളുടെ സംയുക്ത പരിശോധന അടുത്ത ദിവസമുണ്ടാവും.
പാലത്തിന്റെ രൂപരേഖക്ക് ദക്ഷിണ റെയിൽവേ ചീഫ് ബ്രിഡ്‌ജ് എൻജിനിയറുടെ അനുമതി ലഭിച്ചതായി കെ റെയിൽ അധികൃതർ അറിയിച്ചു.
നടപ്പാതയോട് കൂടിയ രണ്ട് വരി പാതയാണ് മേൽപാലത്തിൽ ഉണ്ടാവുക. മാക്കൂട്ടം കവലയ്‌ക്ക് സമീപത്തുനിന്നുതുടങ്ങി അമൃത സ്‌കൂളിന് മുൻവശം വരെയാണ് മേൽപാലം. 80 സെന്റ് ഭൂമിയാണ് ഏറ്റെടുക്കേണ്ടി വരിക. സംസ്ഥാന സർക്കാർ ഭൂമി ഏറ്റെടുത്ത് കെറെയിലിന് കൈമാറും. റെയിൽവേയും സംസ്ഥാനവും സംയുക്തമായാണ് നിർമാണം. ഭൂമി ഏറ്റെടുത്ത് കൈമാറിയാൽ ഒരു വർഷത്തിനകം നിർമാണം പൂർത്തിയാക്കും.
2018–-19ലാണ് പദ്ധതിക്ക് അംഗീകാരം ലഭിച്ചത്. കെ റെയിൽ സംസ്ഥാനത്ത് 27 മേൽപാലങ്ങളാണ് നിർമിക്കുന്നത്.