രാജ്യത്ത് കോവിഡ് മഹാമാരിക്കെതിരായ വാക്സിനേഷൻ 100 കോടി പിന്നിട്ടു. 279 ദിവസം കൊണ്ടാണ് ഈ നേട്ടം സ്വന്തമാക്കിയത്. ജനുവരി 16നാണ് ഇന്ത്യയില്‍ കൊവിഡ് വാക്‌സിന്‍ കുത്തിവെപ്പ് ആരംഭിച്ചത്. ചരിത്രനേട്ടം ആരോഗ്യപ്രവർത്തകർക്കൊപ്പം ആഘോഷിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. രോഗമുക്‌തി നിരക്കിലും വർദ്ധനവാണുള്ളത്.
ആഘോഷങ്ങളുടെ ഭാഗമായി ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തും. വിമാനങ്ങളിലും ട്രെയിനുകളിലും കപ്പലുകളിലും നൂറ് കോടി ഡോസ് വാക്സീൻ മറികടന്നത് സംബന്ധിച്ച പ്രഖ്യാപനവും നടത്തും. ചൈനക്ക് ശേഷം 100 കോടി വാക്‌സിൻ നൽകുന്ന രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ.
സംസ്ഥാനങ്ങള്‍ നേരിട്ട് കമ്പനികളില്‍ നിന്ന് സംഭരിച്ചതും കേന്ദ്രസര്‍ക്കാര്‍ സൗജന്യമായി ലഭ്യമാക്കിയതും അടക്കം 97,99,506 സെഷനുകളിലൂടെയാണ് ഇത്രയും വാക്‌സിന്‍ വിതരണം ചെയ്തത്. ഡോസിന്‍റെ 65 ശതമാനത്തിലധികം ഗ്രാമപ്രദേശങ്ങളിലാണ് നൽകുന്നത്.
രണ്ടാമത്തെ ഡോസ് നൽകുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, പശ്ചിമബംഗാള്‍, ഗുജറാത്ത്, മധ്യപ്രദേശ്, ബിഹാര്‍, കര്‍ണാടക, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളാണ് വാക്സിനേഷനില്‍ മുന്നില്‍.
കോവിന്‍ പോര്‍ട്ടലില്‍ നിന്നുള്ള വിവരങ്ങള്‍ പ്രകാരം ബുധനാഴ്ച രാത്രി 10.30 വരെ പ്രായ പൂര്‍ത്തിയായവരില്‍ 75 ശതമാനം ആദ്യ ഡോസും 31 ശതമാനത്തിന് രണ്ടാം ഡോസും വിതരണം ചെയ്തിട്ടുണ്ട്. സെക്കന്‍ഡില്‍ 700 ഡോസ് എന്ന നിലയിലാണ് രാജ്യത്ത് ബുധനാഴ്ച വാക്‌സിന്‍ വിതരണം നടന്നത് എന്ന് നാഷ്ണല്‍ ഹെല്‍ത്ത് അതോറിറ്റി സിഇഒ ആര്‍എസ് ശര്‍മ അറിയിച്ചു.